പപ്പനാമനെ ഞാനിങ്ങേടുക്ക്വാ... ഷൂട്ടിംഗ് തിരക്കെല്ലാം മാറ്റിവച്ച് അനന്ത പദ്മനാഭന്റെ മണ്ണില്‍ സുരേഷ് ഗോപിയെത്തുന്നു; സുരേഷ് ഗോപി വരുന്നതോടെ തിരുവനന്തപുരം മാറി മറിയും; വിഎസ് ശിവകുമാറിന്റെ വോട്ടുകള്‍ സുരേഷ് ഗോപി കൈക്കലാക്കുമെന്ന അഭ്യൂഹം ശക്തം

തൃശൂരില്‍ ശക്തമായ ചലനം ഉണ്ടാക്കിയ സുരേഷ് ഗോപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നായിരുന്നു ബിജെപിയുടെ മോഹം. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി അറിയിച്ചത്.
അതേസമയം സുരേഷ് ഗോപി മത്സരിക്കണമെന്ന ശക്തമായ നിലപാടാണ് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെടുത്തത്. സുരേന്ദ്രന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ സുരേഷ് ഗോപി വഴങ്ങുമെന്നാണ് അറിയുന്നത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുന്‍പിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു. ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെ.പി. നഡ്ഡ, അമിത്ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തില്‍ കേരള പ്രതിനിധികളും പങ്കെടുക്കും.
വി.മുരളീധരന്‍ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേര്‍ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്. കെ.സുരേന്ദ്രന്‍ കോന്നിയിലാകുമെന്നാണു സൂചന.
കുമ്മനം രാജശേഖരന്‍ മത്സരിക്കാനിടയുള്ള നേമത്തിനു പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി. ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍. ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരം സെന്‍ട്രലും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇവിടെ സാധ്യതാ പട്ടികയിലുള്ള വിജയന്‍ തോമസ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി വന്നാല്‍ വെള്ളം കുടിക്കുന്നത് കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാറായിരിക്കും. ശിവകുമാറിന് കിട്ടേണ്ട വോട്ടെല്ലാം ചോരും.
ഇതിനിടെ, കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 71 സീറ്റു വേണ്ട. ധര്‍മടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തും.
നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടെ ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള കരുത്തരായ സ്ഥാനാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ് സുരേന്ദ്രന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം വൈകുന്നേരം പാര്‍ട്ടി ആസ്ഥാനത്തു നടക്കും. ഇന്നു രാത്രി വൈകിയോ നാളെയോ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നാണ് സുരേന്ദ്രന്‍ നല്‍കുന്ന ഉറപ്പ്. എന്തായാലും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളാരാണെന്ന ആകാംക്ഷയിലാണ് കേരളം.
https://www.facebook.com/Malayalivartha
























