കയ്യടിയോടെ കേരളം... 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ മുസ്ലീം ലീഗ് മത്സരിപ്പിക്കാനൊരുങ്ങുമ്പോള്‍ യാഥാസ്ഥിക പാര്‍ട്ടിക്ക് കൈയ്യടി; ഇപ്പോഴും സ്ത്രീകളെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരു സമൂഹത്തെ ശക്തമായി വെല്ലുവിളിച്ച് നൂര്‍ബിന റഷീദ് എത്തുമ്പോള്‍ ഇത് കേരളത്തിന്റെ മാത്രം അവകാശപ്പെട്ടത്

25 വര്‍ഷം ഒരു പാര്‍ട്ടി വനിതകള്‍ക്ക് സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാല്‍... അത് മുസ്ലീം ലീഗ് ആയതിനാല്‍ ആരും തര്‍ക്കിച്ചില്ല. എന്നാല്‍ മുസ്ലീംലീഗിലെ വനിത വിഭാഗം വനിതകള്‍ക്കായി വാദിച്ചു. അപ്പോഴും യാഥാസ്ഥിക മുസ്ലീംങ്ങള്‍ അതംഗീകരിച്ചില്ല. വനിതകളെ മത്സരിപ്പിച്ചാല്‍ തോല്‍പ്പിക്കുമെന്ന് വരെ പറഞ്ഞു. അതെല്ലാം അതിജീവിച്ച് 25 വര്‍ഷത്തിന് ശേഷം ഒരു മുസ്ലീം ലീഗിന് ഒരു വനിത സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കുകയാണ്. അതും ജയിക്കാവുന്ന സീറ്റില്‍ തന്നെ.
എം കെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിലാണ് നൂര്‍ബിന റഷീദ് മത്സരിക്കുക. വിജയം ഏതാണ്ട് ഉറപ്പാക്കാന്‍ സാധിക്കുന്ന സീറ്റ് തന്നെ തങ്ങളുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിക്ക് ലീഗ് നല്‍കിയെന്നതും ശ്രദ്ധേയമായ കാര്യമാണ്.
1996 ല്‍ ലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ഥിയായെത്തിയ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച കോഴിക്കോട് സൗത്തില്‍ (അന്ന് കോഴിക്കോട്– രണ്ട്) തന്നെയാണു വനിതയുടെ രണ്ടാം വരവും. 2 തവണ എം.കെ. മുനീര്‍ വിജയിച്ച സീറ്റാണു സൗത്ത്. ഇവിടെ നിന്ന് ഇത്തവണ ലീഗിനു വനിതാ എംഎല്‍എയെ ലഭിച്ചാല്‍ ചരിത്രമാവും.
മലബാറിലെ ആദ്യ മുസ്‌ലിം ക്രിമിനല്‍ അഭിഭാഷകയായി ശ്രദ്ധനേടിയ നൂര്‍ബിന 1996 ല്‍ വനിതാ ലീഗിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 2015 മുതല്‍ ദേശീയ ജനറല്‍ സെക്രട്ടറി. 1995 – 2005 ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍. 2018 ല്‍ ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. 10 വര്‍ഷം സംസ്ഥാന വനിതാകമ്മിഷന്‍ അംഗമായിരുന്നു. സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സാമൂഹികക്ഷേമ ബോര്‍ഡ് അംഗവുമായിരുന്നു. സ്‌റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ കമ്മിറ്റി മീഡിയേറ്ററും മീഡിയേറ്റര്‍ ട്രെയിനറുമാണ്. 2011 ല്‍ ഹിലറി ക്ലിന്റന്‍ 92 രാജ്യങ്ങളിലെ 100 വനിതാ പ്രതിനിധികളെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ നൂര്‍ബിനയായിരുന്നു.
ഇക്കുറിയെങ്കിലും മുസ്ലീം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമോ?' നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറുന്നതിന് മുമ്പ് തന്നെ എതിര്‍ച്ചേരിയിലുള്ളവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചൊരു ചോദ്യമായിരുന്നു ഇത്. എത്ര മുന്നോട്ട് പോയാലും ലീഗിനെ പോലൊരു സംഘടനയ്ക്ക് വനിതകളെ മുന്‍നിരയില്‍ നിര്‍ത്താനാകില്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളെയെല്ലാം അസാധുവാക്കിക്കൊണ്ട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് മുസ്ലീം ലീഗ്.
എന്റെ നേതാവ് ജനാബ് ഡോ. എം കെ മുനീര്‍ സാഹിബ് പ്രതിനിധാനം ചെയ്‌തൊരു മണ്ഡലമാണ് ഇതെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. അദ്ദേഹം തുടങ്ങിവച്ച ഒരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഒരു പിന്തുടര്‍ച്ചാവകാശി എന്ന രീതിയിലാണ് ഞാനിവിടെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്നത്. എന്തുകൊണ്ടും നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തിലാണ്. വിജയിച്ച് കയറുമെന്ന ആത്മവിശ്വാസമുണ്ട്, അതോടൊപ്പം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എല്ലാ തെരഞ്ഞെടുപ്പിലും ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം എല്ലാ പ്രാവശ്യവും പ്രതീക്ഷിക്കാറുണ്ട്. ഇപ്രാവശ്യവും പ്രതീക്ഷിച്ചിരുന്നു. സമയമായപ്പോള്‍ നേതൃത്വം അത് അംഗീകരിച്ചു, തെളിയിക്കുകയും ചെയ്തു. എല്ലാ മതസംഘടനകളും എല്ലാ മതവിഭാഗങ്ങളും എല്ലാ ജനവിഭാഗങ്ങളും എന്നെ പിന്തുണയ്ക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞാന്‍ പ്രചരണത്തിലേക്കിറങ്ങുന്നത്.
ഇനി വരും തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിനെ പ്രതിനിധീകരിക്കാന്‍ വനിതകളുണ്ടാകും എന്ന വിശ്വാസത്തിലാണല്ലോ പാര്‍ട്ടി നമ്മളെ ഏല്‍പിക്കുന്നത്. ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നു. ജയിച്ച് കയറണം എന്ന ഒറ്റ മോഹമാണ് നൂര്‍ബിന റഷീദിനുള്ളത്.
https://www.facebook.com/Malayalivartha
























