ഹൈക്കമാൻഡിന് അതൃപ്തി, ഉമ്മൻചാണ്ടിയും രമേശും തിരികെ വന്നത് തർക്കം പറഞ്ഞു തീർക്കാൻ

കോൺഗ്രസിലെ സ്ഥാനാർത്ഥിനിർണയത്തർക്കം അനന്തമായി നീളുന്നതിന് കാരണം ഗ്രൂപ്പ് തലത്തിലെ സമ്മർദ്ദം തന്നെ. നേമം എന്ന നിർണായകമായ മണ്ഡലത്തിന് പുറമേ കുണ്ടറ, കൊല്ലം, കാഞ്ഞിരപ്പള്ളി, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, തവനൂർ, തൃപ്പൂണിത്തുറ, ആറൻമുള എന്നീ സീറ്റുകളിൽ ഇപ്പോഴും തർക്കം തുടരുകയാണ്.
പത്ത് സീറ്റുകളെച്ചൊല്ലി കോൺഗ്രസിലെ ബാക്കി 81 സീറ്റുകളിലെയും സ്ഥാനാർത്ഥിപ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങിയത് തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളുമായി ചർച്ച നടത്താനാണ്.
പ്രശനം എങ്ങനെയെങ്കിലും ഇന്നുകൊണ്ട് തീർത്ത് നാളെ എങ്ങനെയെങ്കിലും സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക എന്നതാണ് ഇരുവരുടെയും മുന്നിലുള്ള ദൗത്യം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴും ദില്ലിയിൽ തുടരുന്നു. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും എന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന.
അതേസമയം, ബിജെപിയുടെ സ്ഥാനാർഥി പട്ടിക വരുന്നത് വരെ കാത്തിരുന്നാലോ എന്ന ആലോചനയും ഇന്നലെ ഉണ്ടായിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക നേരത്തേ പുറത്തുവിട്ടാൽ സീറ്റ് കിട്ടാത്ത അതൃപ്തർ പാർട്ടി വിട്ടാലോ എന്ന ആശങ്കയുണ്ടായിരുന്നു സംസ്ഥാനകോൺഗ്രസ് നേതൃത്വത്തിന്.
പാർട്ടി വിട്ട് ബിജെപിയിൽ പോയാൽ അത് വലിയ ക്ഷീണമാവുകയും ചെയ്യും. എന്നാൽ തൻ ഹരിപ്പാട് തന്നെ മത്സരിക്കും എന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി നിർണ്ണയത്തിൽ തർക്കങ്ങളില്ല. എൽഡിഎഫിലുണ്ടായ അത്ര പ്രതിഷേധങ്ങൾ കോൺഗ്രസിലില്ലെന്നും ഇന്ന് രാവിലെ കൊച്ചിയിൽ മടങ്ങിയെത്തിയ ചെന്നിത്തല പറഞ്ഞു.
താൻ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഹൈക്കമാന്‍റിനെ അറിയിച്ചു എന്നു പറഞ്ഞത് ഊഹാപോഹം മാത്രമെന്ന് ചെന്നിത്തല പറയുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം വളരെ വിചിത്രമായിരുന്നു, നേമത്തെ സ്ഥാനാർഥി ആരാണെന്നുള്ളത് കാത്തിരുന്ന് കാണാം എന്നാണ് പ്രതികരിച്ചത്.
ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, ശിവദാസൻ നായർ, കെ ബാബു, ജോസഫ് വാഴയ്ക്കൻ, കെ സി ജോസഫ് എന്നിവരുടെയെല്ലാം സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയാണ് വലിയ ഗ്രൂപ്പ് തർക്കവും വഴക്കും നടക്കുന്നത്. കൊല്ലത്ത് മാത്രമേ മൽസരിക്കൂ എന്നാണ് പി സി വിഷ്ണുനാഥ് വാശി പിടിക്കുന്നത്. വിഷ്ണുനാഥിനായി ഉമ്മൻചാണ്ടി വാദിക്കുന്നുണ്ട്.
ബിന്ദുകൃഷ്ണയോട് കുണ്ടറ മൽസരിക്കണമെന്ന് രമേശും, മുല്ലപ്പള്ളിയും പറഞ്ഞുനോക്കി. കൊല്ലമില്ലെങ്കിൽ മൽസരത്തിനില്ല എന്ന നിലപാടിലാണ് ബിന്ദു കൃഷ്ണ. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുന്നത്. എന്നാൽ ഈ പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്ത് പരിഹരിക്കുവാൻ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഒരു ദിവസം മതിയാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
https://www.facebook.com/Malayalivartha
























