കഴക്കൂട്ടം ഇളകിതുടങ്ങി... വരും വരുമെന്നു പറഞ്ഞ കഴക്കൂട്ടത്തെ പുലി വന്നിറങ്ങിയത് ഞെട്ടിപ്പിച്ചു കൊണ്ട്; പഴയ ശബരിമല പ്രക്ഷോഭ സമയത്തെ ശരണം വിളികളും പശ്ചാത്തലവും ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍; കഴക്കൂട്ടം തെരഞ്ഞെടുത്തത് വിശ്വാസ സമൂഹത്തെ വഞ്ചിച്ച കടകംപളളിയെ നേരിടാനെന്ന് ശോഭാ സുരേന്ദ്രന്

ഉറങ്ങിക്കിടന്ന കഴക്കൂട്ടവും ശബരിമലയും ശോഭ സുരേന്ദ്രന്റെ വരവോടെ ഉണര്‍ന്നു കഴിഞ്ഞു. എതിരാളികളില്ലാതെ വിജയിച്ച മട്ടില്‍ മാപ്പ് പറഞ്ഞ് മുന്നേറിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ശക്തമായ എതിരാളിയായി ശോഭ സുരേന്ദ്രന്‍ എത്തിക്കഴിഞ്ഞു. ശബരിമല വിഷയം സജീവമാക്കിയാണ് ശോഭയുടെ മാസ് എന്‍ട്രി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴക്കൂട്ടം നിയോജക മണ്ഡലം തെരഞ്ഞെടുത്തത് വിശ്വാസ സമൂഹത്തെ വഞ്ചിച്ച കടകംപളളി സുരേന്ദ്രനെ നേരിടാനാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം സജീവമായി ഉയര്‍ത്തിയാണ് ശോഭാ പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത് കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ്. അണികള്‍ ശരണം വിളിച്ചാണ് ശോഭാ സുരേന്ദ്രനെ സ്വീകരിച്ചത്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു. കേരളത്തിലെ എല്ലാ ബി ജെ പി നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്ന് ശോഭ പറഞ്ഞു.
സജീവ പ്രവര്‍ത്തനത്തില്‍ നിന്നും എട്ട് മാസം മാത്രമാണ് മാറിനിന്നത്. 33 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് തനിക്കെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അതേ സമയം ശബരിമല തൊടാതെ വികസനം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
ശോഭ സുരേന്ദ്രന് മണ്ഡലത്തില്‍ ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്. വൈകിട്ടോടെ കഴക്കൂട്ടത്തെത്തിയ ശോഭാ സുരേന്ദ്രനെ പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. കഴക്കൂട്ടത്തേത് ധാര്‍മിക യുദ്ധമായിരിക്കും. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ഈശ്വരേച്ഛയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തിനൊപ്പം എന്‍ഡിഎ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരലംഘനത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സംവിധാനം ഒരുക്കിയതിന് നേതൃത്വം കൊടുത്ത ആളാണ് കടകംപളളി സുരേന്ദ്രന്‍. താനുള്‍പ്പെടുന്ന അമ്മമാര്‍ ആഴ്ചകളോളം നാമം ജപിക്കാനുളള അവകാശപ്പോരാട്ടത്തിനായി തെരുവില്‍ കഴിഞ്ഞു. ഒരു ഭാഗത്ത് വിശ്വാസ സംരക്ഷകരും മറുഭാഗത്ത് വിശ്വാസ ഘാതകരും ആയിരുന്നു ശബരിമല വിഷയത്തില്‍ അണിനിരന്നത്.
ആചാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ പോയത് വിശ്വാസി സമൂഹത്തിന്റെ ദൃഢപ്രതിജ്ഞ കൊണ്ടും ഉള്‍ക്കൊഴ്ച കൊണ്ടുമാണ്. വിശ്വാസി സമൂഹത്തോട് തെറ്റ് ചെയ്തുവെന്ന് സ്വയം ഉറപ്പുണ്ടായിട്ടും അത് തുറന്ന് പറയാന്‍ പോലും ആര്‍ജ്ജവം കാണിക്കാതെ ജനങ്ങളോട് വോട്ട് ചോദിക്കുന്ന കടകംപളളി സുരേന്ദ്രനെതിരേ മത്സരിക്കുന്നത് ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്തെ ജനങ്ങള്‍ നല്‍കിയ അവകാശം ഇക്കുറി അവര്‍ തിരിച്ചെടുക്കും. വിശ്വാസത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. സീതാറാം യെച്ചൂരിക്ക് മറുപടി പറയാനുളള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. യെച്ചൂരിയെ തിരുത്താന്‍ ശ്രമിക്കാത്തിടത്തോളം എല്ലാവരുമായും ചര്‍ച്ച ചെയ്ത് മാത്രമേ അന്തിമ നിലപാട് സ്വീകരിക്കുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കഴക്കൂട്ടത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് ആറായിരം വോട്ടില്‍ നിന്നും 42000ത്തിലേക്കുള്ള വോട്ടുവളര്‍ച്ചയാണ് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെക്കാളും പതിനാലായിരം വോട്ടിന്റെ മേല്‍ക്കൈ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്. അതിനെ മറികടക്കാനാണ് ശോഭ സുരേന്ദ്രന്റെ പുറപ്പാട്.
https://www.facebook.com/Malayalivartha























