സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനല്‍കിയ വനിതാ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ഡി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനല്‍കിയ വനിതാ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇ.ഡി.
പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവര്‍തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നല്‍കും.പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോണ്‍ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവര്‍ മൊഴി നല്‍കിയത്.
ഇത് ക്രിമിനല്‍ ചട്ടപ്രകാരം രഹസ്യം ചോര്‍ത്തലില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാന്‍ സമ്മര്‍ദം ചെലുത്തി എന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല.
സുരക്ഷയ്ക്ക് സംസ്ഥാന പോലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ശബ്ദരേഖയില്‍ സര്‍ക്കാര്‍ കേസെടുക്കാന്‍ സാധ്യത കുറവാണ്. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നല്‍കിയതെന്ന് ഇ.ഡി.ക്ക് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയില്‍നിന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാല്‍ ശബ്ദരേഖ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് സ്വപ്ന നല്‍കിയ മൊഴിയെക്കാള്‍ പ്രാധാന്യമുണ്ട്.
ജയില്‍ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹര്‍ജിയില്‍ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിക്ക് പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കാം. അല്ലെങ്കില്‍ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാല്‍മാത്രമേ പരാതി പൊതുരേഖയാവുകയുള്ളൂ.
https://www.facebook.com/Malayalivartha























