ഇത് ഈശ്വര നിയോഗം... വൈകി കിട്ടിയ സ്ഥാനാര്‍ത്ഥി സ്ഥാനവുമായി ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തെത്തിയത് വലിയ ആവേശത്തില്‍; ആലസ്യത്തിലാണ്ട ബിജെപിക്കാരെ തട്ടിയുണര്‍ത്തി ശോഭയുടെ തീപ്പൊരി പ്രസംഗം; കടകംപള്ളിയെ നേരിടാനുള്ള അവസരത്തെ ഒരു നിയോഗമായി കണ്ട് ശോഭ സുരേന്ദ്രന്‍

അന്ന് മരക്കൂട്ടത്ത് ഉണ്ടായ ശരണംവിളികള്‍ ഇപ്പോള്‍ കഴക്കൂട്ടത്താണ് ഉയരുന്നത്. ബാക്കി മണ്ഡലങ്ങളില്‍ ശബരിമല പ്രധാന വിഷയമല്ലാതായപ്പോള്‍ ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് വന്നതോടെ കാര്യങ്ങള്‍ മാറി.
കാര്യവട്ടം ധര്‍മ ശാസ്താ ക്ഷേത്ര മുറ്റത്ത് നൂറു കണക്കിനു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നടുവില്‍ വിരിഞ്ഞ താമരപ്പൂ ഉയര്‍ത്തിക്കാട്ടി ശോഭ സുരേന്ദ്രന്‍ തീപ്പൊരി പ്രസംഗമാണ് നടത്തിയത്.
ഈ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതില്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ ശേഷം ശബരിമലയിലെ വിശ്വാസങ്ങള്‍ ചവിട്ടിയരയ്ക്കാനുള്ള ദുഷ്‌ചെയ്തികള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹത്തിനുള്ള ശിക്ഷ ഇത്തവണ ഈ നാടു തന്നെ നല്‍കും.
ഞാനിവിടേക്കു വരുന്നുവെന്ന് അറിഞ്ഞ് സന്തോഷത്തോടെ വിളിച്ചവരില്‍ ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആള്‍ക്കാരുമുണ്ട്. ഈശ്വര നിയോഗമാണിത്. മികച്ച ഭൂരിപക്ഷത്തിലുള്ള വിജയം ഉറപ്പ് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രസംഗത്തിനൊടുവില്‍ പാര്‍ട്ടി മുദ്രാവാക്യങ്ങളെക്കാള്‍ ഉയര്‍ന്നതു ശരണം വിളികളാണ്.
അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്ര മുറ്റത്തു നിന്ന് ശരണം വിളികളോടെ ആരംഭിച്ച റോഡ് ഷോയുമായി ശോഭ പര്യടനം തുടങ്ങുമ്പോള്‍ ഊന്നല്‍ വ്യക്തം. ദേവസ്വം മന്ത്രിയുടെ മണ്ഡലത്തില്‍ ശബരിമല തന്നെയാണു ബിജെപിക്ക് മുഖ്യശരണം. എന്നാല്‍ അതിനൊപ്പം കഴക്കൂട്ടം ബൈപാസ് വികസനത്തിനായി മോദി സര്‍ക്കാര്‍ 860 കോടി ചെലവഴിച്ചതുള്‍പ്പെടെയുള്ള വികസനവും ചര്‍ച്ചയാക്കുമെന്നും ശോഭ പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വൈകി കൈവന്ന മത്സര ടിക്കറ്റുമായി എത്തിയ ശോഭയ്ക്ക് ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയത്. കാര്യവട്ടം ജംക്ഷനില്‍ നിന്ന് പുഷ്പ വൃഷ്ടിയും പഞ്ചവാദ്യവും വെടിക്കട്ടുമായാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും എത്തിയിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയിറങ്ങിയ ശോഭയ്ക്കു മത്സരത്തിനു കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ക്ഷേത്രത്തിലെ മാതൃ സമിതിയാണ്. ഒട്ടേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ മണ്ഡലത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം കടന്നു പോയി.
എന്തായാലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകാനെത്തിയതോടെ കാര്യങ്ങല്‍ മാറുകയാണ്. ശബരിമലയില്‍ സ്വീകരിച്ച നിലപാടുകളില്‍ മന്ത്രി ക്ഷമാപണം നടത്തിയെങ്കിലും ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി വിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ വിശ്വാസം മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി. ശോഭ വന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിഷ്പ്രഭമായി. ശോഭയും കടകംപള്ളിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായി.
ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമുള്ള മണ്ഡലം ശ്രദ്ധനേടിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് വി.മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ്. 2011ലെ 7508 വോട്ട് 42,732 വോട്ടായി ഉയര്‍ന്നു. കേന്ദ്രസഹമന്ത്രിയായ മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താല്‍പര്യം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
വി.മുരളീധരന്‍ കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ വര്‍ധിപ്പിച്ച് കടകംപള്ളിയെ അട്ടിമറിക്കുകയെന്ന ദൗത്യമാണ് ശോഭാ സുരേന്ദ്രനു മുന്നില്‍. ശബരിമല വിഷയമാണ് പ്രധാന പ്രചാരണ ആയുധം. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും ശോഭ ഇന്ന് മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങി.
ഗ്രാമ–നഗര മേഖലകള്‍ ഇടകലര്‍ന്നു കിടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. മെട്രോ നഗരമായി കുതിക്കുന്ന ഐടി മേഖല. ഒരു വശത്ത് വിശാലമായ തീരദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 48,799 വോട്ട്. യുഡിഎഫിന് 31,979വോട്ടും എന്‍ഡിഎയ്ക്കു 36,309 വോട്ടും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ലഭിച്ച ലീഡ് 1490 വോട്ട്. കുമ്മനമാണ് കഴക്കൂട്ടത്ത് രണ്ടാമതെത്തിയത്.
21 കോര്‍പറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. തദ്ദേശ വാര്‍ഡുകളില്‍ മിക്കതും ഭരിക്കുന്നത് എല്‍ഡിഎഫ്. രണ്ടാം സ്ഥാനത്ത് ബിജെപിയും. അതുകൊണ്ട് തന്നെയാണ് മത്സരം കടുക്കുന്നതും.
https://www.facebook.com/Malayalivartha























