ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം; ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ സമ്മർദം ചെലുത്തി എന്നത് നിയമപരമായി നിലനിൽക്കുന്ന ഒന്നല്ല; സ്വപ്നയുടെ ശബ്ദരേഖാ വിവാദത്തിൽ നടപടികൾ ശക്തമാക്കാൻ ഒരുങ്ങി ഇഡി

സ്വപ്നയുടെ ശബ്ദരേഖാ വിവാദത്തിൽ നടപടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇഡി . വനിതാ പോലീസുകാർക്കെതിരേ നടപടിക്കായി ഇ.ഡി. ഡി.ജി.പി.യെ സമീപിക്കുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ മൊഴിനൽകിയ വനിതാ പോലീസുകാർക്കെതിരെയും ഇ.ഡി നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവർതന്നെ അന്വേഷണ ഏജൻസിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നൽകുവാൻ ഒരുങ്ങുകയാണ്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയൻ, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോൾ എന്നീ സിവിൽ പോലീസ് ഓഫീസർമാരാണ് ഇ.ഡി.ക്കെതിരേ മൊഴി നൽകിയത്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നായിരുന്നു സ്വപ്നയുടെ ഫോൺ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവർ മൊഴി നൽകിയത്. ഇത് ക്രിമിനൽ ചട്ടപ്രകാരം രഹസ്യം ചോർത്തലിൽ ഉൾപ്പെടുത്താവുന്ന കുറ്റമാണെന്നാണ് ഇ.ഡി. വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്.
ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം. ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ സമ്മർദം ചെലുത്തി എന്നത് നിയമപരമായി നിലനിൽക്കുന്ന ഒന്നല്ല. സുരക്ഷയ്ക്ക് സംസ്ഥാന പോലീസിനെ ആവശ്യപ്പെടുന്നത് പുനരാലോചിക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ സന്ദീപ് നായരുടെ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ വേഗത്തിൽ കേസെടുക്കുന്നത് സർക്കാരിന് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ.
പരാതി കോടതിയുടെ പരിഗണനയിലാണ്. പുറത്തുവരാത്ത രേഖയായതിനാൽ കോടതിയലക്ഷ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിയമോപദേശം തേടാമെങ്കിലും പൊതുരേഖയാകാത്തിടത്തോളം കേസെടുക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കോടതി നടപടികൾക്കു മുന്നേ സർക്കാർ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകാനാണ് ഇ.ഡി. തീരുമാനിച്ചിരുന്നത്.
https://www.facebook.com/Malayalivartha























