കാട്ടാക്കട മണ്ഡലത്തിൽ കാലുറപ്പിക്കാൻ മുന്നണി സ്ഥാനാർത്ഥികൾ; അഭിമാന പോരാട്ടത്തിൽ കാട്ടാക്കട, രാപ്പകലില്ലാതെ നെട്ടോട്ടം, ഇത്തവണ വിജയം ആർക്കൊപ്പം?

ഗ്രാമീണ ചാരുത നിറയുന്ന കാട്ടാക്കട മണ്ഡലത്തിൽ കാലുറപ്പിക്കാൻ മുന്നണി സ്ഥാനാർത്ഥികൾ രാപ്പകലില്ലാതെ നെട്ടോട്ടമോടുകയാണ്. ഇക്കുറി കാട്ടാക്കടയിലെ അങ്കം മുന്നണികൾക്ക് അഭിമാനപോരാട്ടമാണ്. മണ്ഡലം നിലനിറുത്തുകയാണ് എൽ.ഡി.എഫിലെ ഐ.ബി.സതീഷിന് മുന്നിലുള്ള ലക്ഷ്യം. മറുഭാഗത്ത് യു.ഡി.എഫിലെ മലയിൻകീഴ് വേണുഗോപാലിന് മണ്ഡലം പിടിച്ചെടുത്തേ തീരൂ.
കഴിഞ്ഞ തവണ 849 വോട്ടിനാണ് യുഡിഎഫിലെ ശക്തൻ പരാജയപ്പെട്ടത്. അതിനാൽ തന്നെ ഇത്തവണ യു.ഡി.എഫിന് അനുകൂല സാഹചര്യമുള്ള മണ്ഡലത്തിൽ സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. അതേസമയം, മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസിന്റെ സാന്നിദ്ധ്യമാണ് എൻ.ഡി.എക്ക് പ്രതീക്ഷ നൽകുന്നത്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി മണ്ഡലം കേന്ദ്രീകരിച്ചുള്ള കൃഷ്ണദാസിന്റെ പ്രവർത്തനം ഇക്കുറി അട്ടിമറി വിജയത്തിലേക്ക് നയിക്കുമെന്നാണ് എൻ.ഡി.എ ക്യാമ്പുകളുടെ പ്രതീക്ഷ.
ഈ തിരഞ്ഞെടുപ്പ് ജനങ്ങളുടെ തലയിലെഴുത്ത് തീരുമാനിക്കുന്ന വിധിയെഴുത്താണ്. പെൻഷൻ മുടങ്ങാതെ കിട്ടണോ വേണ്ടയോ? ദുരന്തകാലത്തും പട്ടിണികൂടാതെ ജീവിക്കേണ്ടേ? ഇത്തരം കാര്യങ്ങൾ ജനങ്ങൾ തന്നെ തീരുമാനിക്കുന്ന വിധിയെഴുത്താകുമിതെന്നും എൽഡിഎഫ് സ്ഥാനാർഥി ഐ ബി സതീശൻ പറഞ്ഞു.
2016ലെ ചരിത്രം ആവർത്തിക്കുമെന്നും കാട്ടാക്കട ഉറപ്പാണെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഐ.ബി.സതീഷ്. എൽ.ഡി.എഫിന് അനുകൂലമായാണ് കാട്ടാക്കടയിലെ കാറ്റു വീശുന്നതെന്ന് എൽ.ഡി.എഫ് പ്രവർത്തകരും പറയുന്നു.
'കാട്ടാക്കടയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളും വിലയിരുത്തുന്ന വോട്ടർമാർ സ്വാഭാവികമായും എൽ.ഡി.എഫിന് വോട്ട് ചെയ്യും. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ പരിഗണിച്ച് ദീർഘവീക്ഷണത്തോടെ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾക്ക് തുടർച്ചയുണ്ടാകും. കാട്ടാക്കടയിലും കേരളത്തിലും എൽ.ഡി.എഫ് തന്നെ തുടരുമെന്നുമാണ് ഐ ബി സതീശന്റെ ഉറച്ച വിശ്വാസം.
എന്നാൽ, യു.ഡി.എഫിന്റെ ശക്തമായ മണ്ഡലത്തിൽ 2016ലെ പിഴവ് ഇനി കാട്ടാക്കടക്കാർ ആവർത്തിക്കില്ലെന്ന ഉറപ്പോടെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാൽ. കഴിഞ്ഞ തവണ കാട്ടാക്കടയ്ക്ക് പറ്റിയ ചെറിയ പിഴവ് ഇക്കുറി തിരുത്തുമെന്നും അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലം യു.ഡി.എഫിലേക്ക് എത്തുമെന്നുമാണ് കണക്കുകൂട്ടൽ.
അഞ്ചുവർഷം മുമ്പ് എൻ.ശക്തൻ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളല്ലാതെ മറ്റൊന്നുംനങ്ങളല്ലാതെ മറ്റൊന്നും കാട്ടാക്കടയിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പദ്ധതികൾ ഇപ്പോൾ പൂർത്തിയാക്കി അതിന്റെ ക്രെഡിറ്റാണ് എം.എൽ.എയും ഇടതുപക്ഷവും അവകാശപ്പെടുന്നത്.വികസനമെന്താണെന്ന് യു.ഡി.എഫ് കാലത്ത് അനുഭവിച്ചറിഞ്ഞ നാട്ടുകാർ വീണ്ടും അതിനായി വോട്ട് ചെയ്യുമെന്നതിൽ സംശയമില്ല എന്ന് മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു.ഇതിനിടയിൽ ബി.ജെ.പിക്ക് കാട്ടാക്കട മണ്ഡലത്തിൽ സ്വാധീന ശക്തിയായി വളരാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഘട്ടംഘട്ടമായ വലിയ മുന്നേറ്റം നടത്താനായി. ഇക്കുറി വിജയത്തിലേക്കാണ്. അതിൽ മാറ്റമുണ്ടാകില്ലെന്നുമുള്ള തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.കെ.കൃഷ്ണദാസ്.
എൻ.ഡി.എയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇക്കുറി അതിനാൽ തന്നെ വിജയം ഉറപ്പാണ്.പരാജയ ഭീതിയിലാണ് എൽ.ഡി.എഫും യു.ഡി.എഫും. ഇവരാണ് എന്റെ നാമനിർദ്ദേശപത്രിക തള്ളിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത്. എൻ.ഡി.എയുടെ മുന്നേറ്റം തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതെല്ലാം ജനങ്ങൾ വിലയിരുത്തും.മോദി സർക്കാരിന്റെ നേട്ടങ്ങൾ ഉൾപ്പെടെ കാട്ടാക്കടയിലും വോട്ടായി മാറുമെന്നും പി കെ കൃഷ്ണദാസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha






















