ഒരൊറ്റ ചോദ്യം മതി എല്ലാം മാറിമറിയാന്‍ എന്ന് സുരേഷ് ഗോപി നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ പറഞ്ഞ പോലെയായി കാര്യങ്ങള്‍.... ബിജെപിക്കാര്‍ വന്നു, കെ.സുന്ദര കൂടെപ്പോയി

ഒരൊറ്റ ചോദ്യം മതി എല്ലാം മാറിമറിയാന്‍ എന്ന് സുരേഷ് ഗോപി നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ പറഞ്ഞ പോലെയായി കാര്യങ്ങള്‍. ബിജെപിക്കാര്‍ വന്നു, കെ.സുന്ദര കൂടെപ്പോയി. ഒറ്റരാത്രി കൊണ്ട് കെ. സുരേന്ദ്രന്റെ അപരന് സംഭവിച്ചത് എന്താണ്.
ബിജെപിക്ക് രണ്ടാമതൊരു നിയമസഭാ മണ്ഡലം എന്ന സുന്ദര സ്വപ്നത്തെയായിരുന്നു 2016ല്‍ കെ.സുന്ദര എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി മഞ്ചേശ്വരത്തു തട്ടിത്തെറിപ്പിച്ചത്. അന്ന് ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനു മണ്ഡലം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍- 89 വോട്ടിനായിരുന്നു പരാജയം. എല്ലാ സര്‍വേകളിലും കണക്കു കൂട്ടലുകളിലും മഞ്ചേശ്വരത്ത് ഒരു പടി മുന്നില്‍ നിന്നിരുന്ന സുരേന്ദ്രന്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ വീണു പോയത് സുന്ദര പിടിച്ച 467 വോട്ടുകളിലായിരുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം ഇന്നു മഞ്ചേശ്വരത്ത് സുരേന്ദ്രനു വേണ്ടി പ്രചാരണത്തിനു മുന്‍നിരയിലുണ്ട് സുന്ദര. ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അദ്ദേഹം അവസാന നിമിഷം പത്രിക പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. സുന്ദരയെ ബിജെപിക്കാര്‍ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയതാണെന്നാണ് ബിഎസ്പി ആരോപിക്കുന്നത്. എന്താണ് ഈ വിവാദത്തിലെ സത്യം? അഞ്ചു വര്‍ഷം മുന്‍പു മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ നേടിയത് 56,781 വോട്ട്. ഒന്നാമതെത്തിയ മുസ്ലിം ലീഗിലെ പി.ബി.അബ്ദുല്‍ റസാഖ് നേടിയത് 56,870 വോട്ടും. അതായത് വെറും 89 വോട്ടിന്റെ മാത്രം വ്യത്യാസം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പു മഞ്ചേശ്വരത്ത് 42,565 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു. നോട്ടയ്ക്കു ലഭിച്ചത് 646 വോട്ട്. പിഡിപി, ബിഎസ്പി, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചേര്‍ന്നു നേടിയത് 2201 വോട്ട്. മത്സരിച്ച മൂന്നു സ്വതന്ത്രരില്‍ ഒരാളായ കെ.സുന്ദരയ്ക്കു ലഭിച്ചത് 467 വോട്ട്. കെ.സുരേന്ദ്രന്‍, കെ.സുന്ദര എന്നീ പേരുകള്‍ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് സുരേന്ദ്രന്‍ പോലും തിരിച്ചറിഞ്ഞ നിമിഷം! കെ.സുന്ദര ഒഴികെ കാസര്‍കോട്ടെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ അപരന്മാരായി രംഗപ്രവേശനം ചെയ്തവര്‍ക്കൊന്നും കാര്യമായ ഭീഷണിയുണ്ടാക്കാനായില്ലതാനും. കെ.സുരേന്ദ്രന്റെ തോല്‍വിയോടെയാകട്ടെ, സുന്ദരയുടെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉന്നയിച്ച് പിന്നീട് കെ.സുരേന്ദ്രന്‍ പരാതി നല്‍കിയെങ്കിലും 2019ല്‍ അതു പിന്‍വലിക്കേണ്ടി വന്നു. മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര താമര വിരിയിക്കാന്‍ വോട്ടു തേടുന്ന കാഴ്ചയാണ് ഇത്തവണ. ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ കെ.സുന്ദര പത്രിക പിന്‍വലിച്ച് ബിജെപിക്കു പിന്തുണ നല്‍കുകയായിരുന്നു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ബിഎസ്പി നേതാക്കള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ തവണ ചെറിയ വോട്ടുകള്‍ക്കാണു ബിജെപി പരാജയപ്പെട്ടത്. അന്നു ഞാന്‍ പിടിച്ച വോട്ടുകള്‍ നിര്‍ണായകമായി. ഞാന്‍ ശ്രദ്ധാകേന്ദ്രമായി. ഇത്തവണ മത്സരിക്കാന്‍ പത്രിക നല്‍കിക്കഴിഞ്ഞ് ബിജെപിക്കാര്‍ വന്നു കണ്ടു. പിന്മാറണമെന്നഭ്യര്‍ഥിച്ചു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ വിളിച്ചിരുന്നു. ഇക്കുറി ബിജെപി ജയിക്കുന്നെങ്കില്‍ ജയിക്കട്ടെ. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ബിജെപി എടുത്ത തീരുമാനത്തോട് യോജിപ്പുണ്ട്. അതുകൊണ്ട് ബിജെപി തോല്‍ക്കാന്‍ ഞാന്‍ കാരണമാകരുതെന്നു തീരുമാനിച്ചു.
എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. ശനിയാഴ്ച വൈകിട്ട് എന്റെ അടുത്ത് സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ വന്നിരുന്നു. അതിനുശേഷം അവര്‍ക്കൊപ്പം പോയി. എന്റെ ഇഷ്ട പ്രകാരമാണ് പോയത്. എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. ബിഎസ്പിക്കാരോട് ഞാന്‍ പിന്മാറുന്ന വിവരം ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിയാകണം, മത്സരിക്കണം നാട്ടുകാര്‍ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണു മത്സരിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഞാന്‍ മത്സരിക്കുന്നതു കൊണ്ടു മറ്റൊരാള്‍ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നുണ്ട്. എനിക്കാരോടും ചൊടിക്കു പോകാനാകില്ല. അതുകൊണ്ട് പിന്മാറി. ബിഎസ്പിക്കാര്‍ പരാതി പിന്‍വലിക്കുകയും ചെയ്തു. ബിജെപി നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ഫോണ്‍ ഓഫാക്കിയത്. ഞാന്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. പരാതി നല്‍കിയ കാര്യം അറിഞ്ഞിരുന്നു. ഞാന്‍ പൊലീസില്‍ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുകാരോടും പറഞ്ഞിട്ടാണ് ബിജെപിക്കാര്‍ക്കൊപ്പം ഇറങ്ങിയത്. ഒറ്റയ്ക്കു പ്രവര്‍ത്തിക്കുന്നതിലും നല്ലതു യോജിച്ചു പോകാവുന്ന കക്ഷിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണെന്നു തോന്നി. പാര്‍ട്ടിയില്‍ ചേര്‍ന്ന് കെ.സുരേന്ദ്രനു വേണ്ടി പ്രവര്‍ത്തനം തുടങ്ങി. നാട്ടില്‍ സജീവമായി ഉണ്ടാകും. മറ്റു വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല. സാധാരണ പ്രവര്‍ത്തകനായി തുടരും.
https://www.facebook.com/Malayalivartha

























