പിണറായിയുടെ ബുദ്ധിയില്‍ വീണു... പാവപ്പെട്ടവനോ പണക്കാരനോ എന്നില്ലാതെ കൊറോണ കാലംമുതല്‍ നല്‍കിവരുന്ന കിറ്റിലും പാവങ്ങള്‍ക്കുള്ള പെന്‍ഷനിലും ചെന്നിത്തല കൈവച്ചതോടെ കളി മാറുന്നു; 3100 രൂപ ഒരുമിച്ച് കൈയ്യില്‍ കിട്ടുന്നതിനെ തടയിട്ടാല്‍ ചെന്നിത്തല അനുഭവിക്കുമെന്ന് പാവങ്ങള്‍; കിറ്റ് കിട്ടാതെ വന്നാല്‍ പട്ടിണി പാവങ്ങള്‍ എതിരാകും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ്. പിണറായി സര്‍ക്കാര്‍ വളരെ ബുദ്ധിപൂര്‍വമാണ് കൊറോണ കാലം തൊട്ട് നല്‍കിയിരുന്ന പലവ്യഞ്ജന കിറ്റും ക്ഷേമ പെന്‍ഷനും തെരഞ്ഞെടുപ്പ് കാലത്തും നല്‍കാന്‍ തീരുമാനിച്ചത്.
ജോലിയും കൂലിയുമില്ലാത്ത പട്ടിണി പാവങ്ങള്‍ മുതല്‍ എല്ലാവര്‍ക്കും കിറ്റ് വലിയ ആശ്വാസമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നിലും കിറ്റും പെന്‍ഷനുമാണ്. ഇതോടെയാണ് ഇത് തുടരാന്‍ തീരുമാനിച്ചത്.
മാത്രമല്ല ക്ഷേമ പെന്‍ഷന്‍ 1500ല്‍ നിന്നും 1600 ആക്കുകയും ചെയ്തു. ഈ മാസം ആദ്യം മാസത്തില്‍ കിട്ടുന്ന കിറ്റ് കൂടാതെ ഈസ്റ്റര്‍ വിഷു റംസാന്‍ കിറ്റ് നേരത്തെ നല്‍കാന്‍ തീരുമാനിച്ചു. കൂട്ടിയ പെന്‍ഷന്‍ ഉള്‍പ്പെടെ 3100 രൂപ ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കാന്‍ തീരുമാനിച്ചു. ഇതിനെതിരേയാണ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ഇതിന് തടയിടുന്നവര്‍ക്കെതിരെ ഈ പാവങ്ങള്‍ തന്നെ രംഗത്തെത്തുന്ന കാഴ്ചയാണ് കാണുന്നത്. കിറ്റ് മുടങ്ങിയാല്‍ എല്‍ഡിഎഫ് ചെന്നിത്തയ്‌ക്കെതിരെ വലിയ പ്രചാരണം നടത്തും. കിട്ടിയാലോ അതും പ്രചാരണമാകും.
വിഷു കിറ്റും ഏപ്രില്‍ മെയ് മാസങ്ങളിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആറിന് മുമ്പ് നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്ന ആക്ഷേപവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ഒണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടഞ്ഞ് വച്ചതും ഇപ്പോഴാണ് നല്‍കുന്നത്. പരാജയം ഉറപ്പായപ്പോള്‍ വോട്ട് കിട്ടാനുള്ള കുല്‍സിത ശ്രമം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് അതിരൂക്ഷമായ സംഗതിയാണ്. അതിനെതിരെ ശക്തമായി മുന്നോട്ട് പോകും. കോടതിയെ സമീപിക്കാനാണ് തീരുമാനം .
വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം. ഇരട്ടവോട്ടര്‍മാരെ വോട്ട് ചെയ്യാനനുവദിക്കരുത്. വോട്ടര്‍പട്ടിക മുഴുവന്‍ പരിശോധിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് ആരോപിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭക്ഷ്യക്കിറ്റ് സംബന്ധിച്ച ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഏപ്രില്‍ മാസം വിഷു മാത്രമല്ല റമസാന്‍ വ്രതാരംഭവുമുണ്ട്,
ഇത്തരം സാഹചര്യങ്ങളില്‍ ജനം കഷ്ടപ്പെടണമെന്ന് ചിന്തിക്കാന്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എങ്ങനെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെന്‍ഷനും നല്‍കുന്നതെന്നും ജനങ്ങളുടെ ആശ്വാസത്തിനാണെന്നും പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു.
ബിജെപികോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ആരോപണം മുഖ്യമന്ത്രി വീണ്ടും ഉന്നയിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി നേതാക്കളുടെ പത്രിക തള്ളിയതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചു എന്നതിന്റെ സ്ഥിരീകരണമാണ്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിന്റെ പിന്നിലെ രഹസ്യം ഒത്തുകളിയാണെന്ന് പിണറായി ആരോപിച്ചു.
എന്തായാലും കിറ്റിനെ തടഞ്ഞ ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അഞ്ചിന്റെ പൈസ ജനങ്ങള്‍ക്ക് കഷ്ടപ്പാട് സമയത്ത് നല്‍കിയില്ലെന്ന് മാത്രമല്ല നല്‍കുന്നതിനെ തടയുന്നത് ശരിയല്ലന്നും വാദിക്കുന്നു.
കിറ്റ് മുടക്കിയെന്ന പേരുദോഷം കേള്‍പ്പിക്കാതിരുന്നാല്‍ ചെന്നിത്തലയ്ക്ക് നല്ലത്. എന്തായാലും ചെന്നിത്തല വലിയ കുരുക്കിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























