തൊഴുകൈയോടെ തനിക്കൊരു വോട്ടെന്ന മുഖവുരയോടെ സ്ഥാനാർഥി ;കണ്ടമാത്രയിൽ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു,വികാര ഭരിതമായ നിമിഷങ്ങൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തിരെഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് .വോട്ടുചോദിക്കാൻ നാലുപാടും ഓടി നടക്കുകയാണ് .ഈ തിരക്കിനിടയിൽ ചിറയൻകീഴിലെ ഒരു സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് .ഇങ്ങനെയൊരു വോട്ടുചോദ്യം ഈ അമ്മയും മകനും ഒരിക്കലും പ്രതീക്ഷിട്ടുണ്ടാവില്ല. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർഥിയെ കണ്ടതും ആ അമ്മയ്ക്ക് കരച്ചിലടക്കാനായില്ല. ഇല്ലായ്മകൾക്കിടയിലും തന്നെ കരകയറ്റിയ അമ്മയെ നെഞ്ചോടു ചേർത്ത് മകനും കണ്ണീരണിഞ്ഞു.ചിറയിൻകീഴിലെ യു.ഡി.എഫ്. സ്ഥാനാർഥി അനൂപ് ബി.എസായിരുന്നു ആ സ്ഥാനാർഥി. ബുധനാഴ്ച രാവിലെ 9.30-തോടെ പെരുമാതുറയിലും അഞ്ചുതെങ്ങിലും സന്ദർശനം നടത്തിയശേഷം പഴഞ്ചിറയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ വോട്ടുചോദിച്ചെത്തിയതായിരുന്നു അനൂപ്. അവിടെ തൊഴിലാളികൾക്കിടയിൽ അനൂപിന്റെ അമ്മ സുദേവി വിയർപ്പുതുടച്ച് നിൽക്കുന്നു.
തൊഴുകൈയോടെ തനിക്കൊരു വോട്ടെന്ന മുഖവുരയോടെയെത്തിയ മകനെ കണ്ടമാത്രയിൽ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണീരണിഞ്ഞ സുദേവിയുടെ മുഖം നെഞ്ചോട് ചേർത്താണ് അനൂപ് ആശ്വസിപ്പിച്ചത്. എനിയ്‌ക്കൊരു വോട്ട് ഉറപ്പായും തരണമെന്നുകൂടി പറഞ്ഞതോടെ കരച്ചിൽ ചിരിക്ക് വഴിമാറി.തൊണ്ടുതല്ലി കയർപിരിക്കുന്ന പണിയായിരുന്നു സുദേവിക്ക്. കയറിന്റെ പെരുമ ഒഴിഞ്ഞ് തൊഴിൽ കുറഞ്ഞപ്പോഴാണ് ജീവിക്കാനായി തൊഴിലുറപ്പ് പണിക്കിറങ്ങിയത്. അച്ഛൻ ബ്രഹ്മാനന്ദൻ മേൽകടയ്ക്കാവൂർ ക്ഷീരസഹകരണ സംഘത്തിലെ പാൽ വീടുകളിൽ വിതരണംചെയ്യുന്ന തൊഴിലാളിയാണ്. ഇവരുടെ മൂന്നുമക്കളിൽ മുതിർന്ന ആളാണ് അനൂപ്.അതെ സമയം ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പി. സംസ്ഥാനനേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തേ സ്ഥാനാർഥിയായിരുന്ന നിവേദിതയ്ക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണച്ച് ശക്തമായി മത്സരക്കളത്തിലുണ്ടാകുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കാനായിരുന്നു ധാരണ. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു. പക്ഷേ, പിന്നീടൊന്നുമായില്ല.
അതേസമയം ദിലീപ് നായരെ പിന്തുണയ്ക്കുന്നതിൽ എൻ.ഡി.എ.യുടെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഡി.എസ്.ജെ.പി., എൻ.എസ്.എസുമായി സ്വരച്ചേർച്ചയില്ലാത്ത സംഘടനയാണെന്നും എൻ.ഡി.എ. പിന്തുണ നൽകിയാൽ എൻ.എസ്.എസിന്റെ എതിർപ്പ് ഏറ്റുവാങ്ങേണ്ടിവരുമെന്നും ബി.ജെ.പി. മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. എന്തുതന്നെയായാലും എൻ.ഡി.എ.യ്ക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്നും പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു.നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ബി.ജെ.പി.ക്ക് ജനപ്രതിനിധികളായി പത്തുപേരുണ്ട്. ഗുരുവായൂർ നഗരസഭയിലും ഏങ്ങണ്ടിയൂർ, കടപ്പുറം പഞ്ചായത്തുകളിലുമായി ഈരണ്ട് അംഗങ്ങളുണ്ട്. പുന്നയൂർക്കുളത്ത് മൂന്നുപേരും ഒരുമനയൂരിൽ ഒരാളും ജനപ്രതിനിധികളായി ബി.ജെ.പി.ക്കുണ്ട്. ഇക്കുറി നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ 30,000 വോട്ടുകളാണ് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നത്. പാർട്ടിചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടെങ്കിലേ അത്രയും വോട്ടുകൾ ലഭിക്കൂവെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























