എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ട വോട്ട്.... ഷമയ്‌ക്കെതിരെ നടപടിയെടുക്കുമോ എന്ന് എം. വി. ജയരാജൻ...

എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ട വോട്ട് ഉള്ളതായി ആരോപണം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജനാണ് ഷമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും ഉള്ളത്. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്.
ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ ഭർത്താവ് കെ. പി. സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമയ്‌ക്കെതിരെ നടപടിയെടുക്കുമോ എന്നും ജയരാജൻ ചോദിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരട്ട വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടേതാണെന്ന് ജയരാജന്‍ ആരോപിച്ചു.
ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























