വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. വെമ്പായം കാരംകോട് കുട്ടതട്ടി നവാസ് മൻസിലിൽ നവാസാണ്(34) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയോടെ വെമ്പായത്തുള്ള വെമ്പായം ഹോട്ടൽ ആൻഡ് റിസോർട്ട്സിനോടനുബന്ധിച്ചുള്ള ബാറിലായിരുന്നു സംഭവം നടന്നത്.
മദ്യപിക്കുന്നതിനിടെ നവാസിനൊപ്പം ഉണ്ടായിരുന്നവരിൽ ഒരാളും ബാറിലുണ്ടായിരുന്ന അനീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. തുടർന്ന് പുറത്ത് പോയ അനീഷ് അല്പസമയം കഴിഞ്ഞ കന്നാസിൽ പെട്രോളുമായി എത്തി. വാക്കുതർക്കമുണ്ടായ ആൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ പെട്രോൾ വീശിയൊഴിച്ച ശേഷം ലൈറ്റർ തെളിച്ച് തീ കത്തിക്കുകയും ചെയ്തു. നവാസിനും അനീഷിനും ഉൾപ്പെടെ അഞ്ച്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലീസും നെടുമങ്ങാട് അഗ്‌നി രക്ഷാ സേനയും ചേർന്നാണ് ബാറിനുള്ളിലെ തീ നിയന്ത്രണ വിധേയമാക്കിയതും പൊള്ളലേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അനീഷിനും നവാസിനും 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന നവാസ് തിങ്കളാഴ്ച ഉച്ചയോടെ മരണമയുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha


























