പൊന്നാപുരം കോട്ടയില്‍ അട്ടിമറി; നാല് ദിവസം 120 കി.മീ നടന്നുകയറി, 25 വര്‍ഷത്തെ കുത്തക തകര്‍ക്കാന്‍

ഒരു കാലത്ത് തൃശൂര്‍ ജില്ലയിലെ യുഡിഎഫിന്റെ പൊന്നാപുരം കോട്ടകളില്‍ ഒന്നായിരുന്നു ചേലക്കര. മുതിര്‍ന്ന നേതാവായ കെകെ ബാലകൃഷ്ണന്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച മണ്ഡലം. എന്നാല്‍ ഇന്ന് മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം ആകെ മാണി. 1996 മുതല്‍ 2016 വരെയുള്ള അഞ്ച് തവണ സിപിഎം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് ചേലക്കര.
കെ രാധാകൃഷ്ണനിലൂടെ ഈ ആധിപത്യം ഇത്തവണയും നിലനിര്‍ത്താന്‍ സിപിഎം ശ്രമിക്കുമ്പോള്‍ പഴയ കോട്ട തിരിച്ച് പിടിക്കാന്‍ പതിനെട്ട് അടവും പുറത്തിറക്കുകയാണ് കോണ്‍ഗ്രസ്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 10200 വോട്ടുകള്‍ക്കായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് ചേലക്കരയില്‍ നിന്നും വിജയിച്ചത്. കോണ്‍ഗ്രസിലെ തുളസിയായിരുന്നു പ്രധാന എതിരാളി. യുആര്‍ പ്രദീപിന് 67771 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തുളസിക്ക് 57571 വോട്ടായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്. ബിജെപിയുടെ ഷാജുമോന്‍ 23845 വോട്ടും നേടി.
ഇത്തവണ ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ മാറ്റി പരീക്ഷിക്കുകയാണ് ചേലക്കരയില്‍. ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത് പഴയ നിയമസഭ സ്പീക്കര്‍ കൂടിയായ കെ രാധാകൃഷ്ണനാണ്.
1996 മുതല്‍ 2011 വരെയുള്ള തുടര്‍ച്ചയായ നാല് തവണ ചേലക്കരയില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്നു രാധാകൃഷ്ണന്‍. കഴിഞ്ഞ തവണ പതിനായിരം വോട്ടിന്റെ വിജയം മണ്ഡലത്തില്‍ എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായതായി വിലയിരുത്തപ്പെട്ടിരുന്നു.
2011 ലെ തിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 24676 ആയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്.
ഇത്തവണ മത്സരം കൂടുതല്‍ ശക്തമാവുമെന്ന് നിരീക്ഷിച്ച സിപിഎം പഴയ പടക്കുതിരയായ കെ രാധാകൃഷ്ണനെ തന്നെ വീണ്ടും രംഗത്ത് ഇറക്കുകയായിരുന്നു. മണ്ഡലത്തിലെ ജനകീയ മുഖമായ ഇദ്ദേഹം സ്ഥാനാര്‍ത്ഥിയാവുന്നതിലൂടെ പഴയ കരുത്ത് തിരിച്ച് പിടിക്കാമെന്നാണ് ഇടതിന്റെ പ്രതീക്ഷ. മറുപക്ഷത്താവട്ടെ സിസി ശ്രീകുമാര്‍ എന്ന മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആദ്യം ഉയര്‍ന്നിരുന്നെങ്കിലും ഇത് പരിഹരിക്കപ്പെട്ടാണ് നേതാക്കള്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
പ്രചരണത്തില്‍ ആദ്യഘട്ടത്തില്‍ ഇടതുമുന്നണിക്ക് പിന്നിലായി പോയെങ്കിലും നാല് ദിവസം നീണ്ട 120 കിലോമീറ്റര്‍ പദയാത്ര നടത്തി ശക്തമായ മത്സരം എന്ന നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രീകുമാറിനും യുഡിഎഫിനും സാധിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലൂടെയും പദയാത്ര കടന്നുപോയതോടെ യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നുകഴിഞ്ഞു. യുആര്‍ പ്രദീപിനെ മാറ്റിയതില്‍ ഇടത് ക്യാമ്പില്‍ തന്നെ അതൃപ്തിയുണ്ടെന്നും ഇതും തങ്ങള്‍ക്ക് അനുകൂല ഘടകമാവുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.
എന്നാല്‍ ഇതൊന്നും ഏശാന്‍ പോവുന്നില്ലെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയര്‍ത്തുന്ന കെ രാധാകൃഷ്ണന്‍ മാജിക് ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ഇടതിന്റെ അവകാശവാദം. ബിജെപി നേതാവ് ഷാജുമോന്‍ വട്ടേക്കാടിനെയാണ് എന്‍ഡിഎ ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ ഷാജുമോന്‍ തന്നെ നേടിയ 23000 വോട്ട് ഉയര്‍ത്തി വിജയത്തിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 33849 വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപിക്ക് നേടാന്‍ സാധിച്ചത്.
https://www.facebook.com/Malayalivartha

























