കാര്യങ്ങള്‍ മാറിമറിയുന്നു... സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയതോടെ എല്ലാ മുന്നണികള്‍ക്കും ചങ്കിടിപ്പ്; ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന മട്ടില്‍ അവസാന ആയുധവും പുറത്തെടുത്ത് പാര്‍ട്ടിക്കാര്‍; ഇടതുമുന്നണി തുടര്‍ഭരണം ലക്ഷ്യമിടുമ്പോള്‍ നിലനില്‍പ്പിനായി കോണ്‍ഗ്രസും ബിജെപിയും

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തുടങ്ങിയതോടെ ആകാംക്ഷയോടെയാണ് എല്ലാ മുന്നണികളും. വോട്ടര്‍മാര്‍ വിധിയെഴുതി തുടങ്ങിയപ്പോള്‍ മൂന്ന് മുന്നണികള്‍ക്കും നെഞ്ചിടിപ്പാണ്.
ഇത് ജീവന്മരണ പോരാട്ടമാണ്. ഫലം പ്രതികൂലമായാല്‍ ആഘാതം കനത്തതാകും. ഉള്‍പ്പാര്‍ട്ടി അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കാം. നേതൃത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടാം. പാര്‍ട്ടികള്‍ ദുര്‍ബലമാകാം. ശേഷിക്കുന്ന തുരുത്തുകള്‍ ഇല്ലാതാകാം. ആകാംക്ഷയുടെ തീക്കനലിലാണ് രാഷ്ട്രീയകേരളം.
ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ശേഷിക്കുന്ന തുരുത്താണ് കേരളം. ഇവിടെ അധികാരം കൈവിട്ടാല്‍ ഇടതുപക്ഷത്തിന് രാജ്യത്തെങ്ങും ഭരണം ഇല്ലാതാകും. സി.പി.എം ദേശീയ നേതൃത്വത്തില്‍ കേരള ഘടകത്തിന്റെ മേല്‍ക്കോയ്മ ഇവിടെ അധികാരമുള്ളതിനാലാണ്.
ബംഗാളില്‍ 2011ല്‍ തകര്‍ന്ന ഇടതുപക്ഷം പിന്നെ കരകയറിയിട്ടില്ല. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ത്രിപുരയിലും അധികാരം കൈവിട്ടു. കര്‍ഷകസമരവും ലോംഗ് മാര്‍ച്ചും ഇടത് പോരാട്ടത്തിന് ജീവനേകുന്നെങ്കിലും സ്വാധീന ശക്തിയാകാന്‍ കഴിയുന്നില്ല.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ഒറ്റ ശക്തിയില്‍ കേന്ദ്രീകരിച്ച് നീങ്ങുന്ന ഇടതിന് തുടര്‍ഭരണം കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും. തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ സി.പി.എമ്മില്‍ പുതിയ ചലനങ്ങള്‍ക്ക് വിത്തു പാകിയേക്കും. സി.പി.ഐയും സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ മങ്ങിയാല്‍ സെക്രട്ടറിയായി രണ്ട് ടേം പൂര്‍ത്തിയാക്കിയ കാനം രാജേന്ദ്രന്റെ നേതൃത്വവും ചോദ്യം ചെയ്യപ്പെട്ടേക്കാം.
കോണ്‍ഗ്രസില്‍ ഇതിനെക്കാള്‍ ഗുരുതരമാണ് സ്ഥിതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാലിടറിയപ്പോള്‍ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് കാരണം തല്‍ക്കാല ശാന്തി ഉണ്ടായെന്നുമാത്രം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അസ്വസ്ഥതകളുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം പൊട്ടിത്തെറികളുണ്ടായി.
തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ നിലനില്പിനെ ബാധിക്കുമെന്നതിനാല്‍, പുറമേ ശാന്തത പ്രകടിപ്പിക്കുന്നു എന്നേയുള്ളൂ. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെയും ശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നായ കേരളം കൈവിട്ടാല്‍ കനത്ത തിരിച്ചടിയാകും. പ്രചാരണകാലത്ത് തന്നെ പല നേതാക്കളും കൂറുമാറി. തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്നത് കോണ്‍ഗ്രസിനെ തീര്‍ത്തും ദുര്‍ബലമാക്കും.
മുസ്ലിംലീഗിനും അധികാരത്തില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. സംഘടനാശേഷിയെ ബാധിക്കില്ലെങ്കിലും ലീഗ് നേതൃത്വത്തിന്റെ മനോവീര്യം തകരാം. യു.ഡി.എഫിലും വിള്ളലുണ്ടായേക്കാം. മുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസില്‍ വിഷയംപ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി അപ്രഖ്യാപിതമായി കൊണ്ടാടുന്ന അന്തരീക്ഷം ഇക്കുറി കോണ്‍ഗ്രസില്‍ ഇല്ല.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ അഴിമതിയാരോപണങ്ങളെല്ലാം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഉമ്മന്‍ചാണ്ടി വീണ്ടും നേതൃതലത്തില്‍ സജീവമായതാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാകുന്ന അന്തരീക്ഷമാണ് കോണ്‍ഗ്രസില്‍. ഭരണം തിരിച്ചുപിടിച്ചാല്‍ ആദ്യത്തെ കീറാമുട്ടി മുഖ്യമന്ത്രി സ്ഥാനമായിരിക്കും.
ദേശീയതലത്തില്‍ ബി.ജെ.പി അതിശക്തമാണങ്കിലും കേരളത്തില്‍ നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന്റെ നില പരുങ്ങലിലാവുമെന്നുറപ്പ്. നേമത്ത് അക്കൗണ്ട് തുറന്നതും വോട്ടുശതമാനം ആറില്‍ നിന്ന് 15ലേക്ക് ഉയര്‍ത്തിയതുമാണ് 2016ല്‍ ബി.ജെ.പിക്ക് തിളക്കമേകിയത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറി രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ നടന്ന തിരഞ്ഞെടുപ്പാണത്. അതിനാല്‍ തന്നെ ബിജെപിക്കും നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
"
https://www.facebook.com/Malayalivartha