തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റണം ; മന്ത്രി കെ.ടി ജലീലിന്റെ കത്ത് പുറത്ത്

ഒടുവിൽ ആ കത്ത് പുറത്ത്. മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത് വന്നിരിക്കുകയാണ്.
മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനാണ് കത്ത് നൽകിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴായിരുന്നു ഇത്തരത്തിൽ കത്ത് നൽകിയത്. ധനകാര്യ വികസന കോർപറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 29-6-2013 ൽ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു.
ഈ ഉത്തരവിൽ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ൽ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നൽകിയത് എന്ന കാര്യം ശ്രദ്ധേയം .
ജനറൽ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിബിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.
ലോകായുക്തയ്ക്ക് മുന്നിൽ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീൽ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോധ്യപ്പെടാനുണ്ടായ കാര്യമായി മാറിയത് .
ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം മന്ത്രി കെ.ടി ജലീലിനെ നീക്കണമെന്ന ഉത്തരവിലേക്ക് നയിച്ചതും.
നിയമപരമായും ധാർമികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോർട്ടെന്ന് നിയമവിദഗ്ധർ പറഞ്ഞു .
അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോർട്ടെന്നത് ഗൗരവം വർധിപ്പിക്കുന്നു . വെറുതെയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നതരത്തിലുള്ള ലോകായുക്തയുടെ റിപ്പോർട്ട് അപൂർവമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ് പറഞ്ഞു. ലോകായുക്തയുടെ റിപ്പോർട്ടിനെതിരേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാം. മധ്യവേനൽ അവധിക്കായി ഹൈക്കോടതി അടച്ചതിനാൽ ഹർജി ഫയൽ ചെയ്യാനും പരിമിതികളുണ്ട്. 13-േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ.
അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്നനിലയിൽ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകായുക്തയുടെ റിപ്പോർട്ട് കിട്ടിയാൽ മൂന്നുമാസത്തിനുള്ളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കിൽ ലോകായുക്ത വിഷയം ഗവർണറെ പ്രത്യേക റിപ്പോർട്ട് വഴി അറിയിക്കണം. ആ റിപ്പോർട്ട് ഗവർണർ നിയമസഭയുടെ പരിഗണനയ്ക്ക് വെക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടിൽ പറയുന്നത്.
ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ ഉൾപ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോർട്ട്. വകുപ്പ് മാറ്റി പ്രശ്‌നം പരിഹരിക്കാൻപോലും കഴിയാത്ത പ്രതിസന്ധിയാണത്.
https://www.facebook.com/Malayalivartha