മുറിയുടെയും ബാല്‍ക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൂട്ട് വീണു...ഒരു രാത്രി മുഴുവന്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങി; ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആരും കേട്ടില്ല, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...

വ്യാഴാഴ്ച രാത്രി മുഴുവന്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അമ്പലപ്പാട്ട് വീട്ടില്‍ അച്ചാമ്മക്കുട്ടിയെ (70) ആണ് സാഹസികമായി രക്ഷിച്ചത്.
മനയ്ക്കച്ചിറയിലെ എവിഎം ഫ്ലാറ്റിലെ 3-ാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കള്‍ സ്ഥലത്തില്ലാത്തതിനാല്‍ അച്ചാമ്മക്കുട്ടി വീട്ടിൽ തനിച്ചായിരുന്നു .
മുറിയുടെയും ബാല്‍ക്കണിയുടെയും ഇടയിലുള്ള ഗ്രില്ല് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ പൂട്ട് വീഴുകയായിരുന്നു. ഇതോടെ ബാല്‍ക്കണിയില്‍ കുടുങ്ങി. ബാല്‍ക്കണിയുടെ പുറംഭാഗം ചില്ലിട്ട് അടച്ചിരുന്നതിനാല്‍ ഉച്ചത്തില്‍ നിലവിളിച്ചിട്ടും ആരും കേട്ടില്ല.
രാത്രി മുഴുവന്‍ ബാല്‍ക്കണിയില്‍ കഴിച്ചുകൂട്ടിയ അച്ചാമ്മ, ഇന്നലെ രാവിലെ കെട്ടിടത്തിന്റെ എതിര്‍വശത്ത് പണിക്കെത്തിയ തൊഴിലാളികളെ ചില്ലില്‍ തട്ടി ശബ്ദമുണ്ടാക്കി കൈകാട്ടി വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തുടര്‍ന്ന് സമീപവാസികള്‍ പൊലീസിലും അഗ്നിരക്ഷാസേന ഓഫിസിലും വിവരമറിയിക്കുകയായിരുന്നു.
രാവിലെ 9 മണിയോടെ അഗ്നിരക്ഷാ സേനയുടെ റെസ്ക്യൂ ടീം സ്ഥലത്തെത്തി വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അച്ചാമ്മക്കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
സീനിയര്‍ റെസ്ക്യൂ ഓഫിസര്‍ സുന്ദരേശന്‍ നായര്‍, ഓഫിസര്‍മാരായ ശ്രീനിവാസ്, വിനീത്, ജിതിന്‍, ശരത്, ഹോംഗാര്‍ഡ് സജിമോന്‍ എന്നിവര്‍ നേതൃത്വത്തിലാണ് വീട്ടമ്മയെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha