ശപിക്കപ്പെട്ട ആ നിമിഷം... ഹെലീകോപ്ടറിന്റെ കിടപ്പ് കണ്ടാല്‍ ഏവരും അത്ഭുതപ്പെട്ടുപോകും; എഞ്ചിന്‍ നിലച്ച ശപിക്കപ്പെട്ട ആ നിമിഷത്തില്‍ ഒന്ന് പതറിയാല്‍ എല്ലാം തീര്‍ന്നു; വി.വി.ഐ.പി.മാരുടെ പ്രിയ പൈലറ്റായ ശിവകുമാര്‍ രണ്ടും കല്‍പ്പിച്ച് ശ്രമിച്ചത് ഫലം കണ്ടു; തീപിടിക്കാതെ യാത്രക്കാര്‍ക്ക് പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി ഇറക്കി

എം.എ. യൂസഫലി എന്നത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല. ലോകത്താകമാനം വ്യാപിച്ച് കിടക്കുന്ന ബിസിനസ് ശൃംഖലയാണുള്ളത്. കഴിഞ്ഞ ദിവസം അബുദാബിയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയും ലഭിച്ചിരുന്നു. അതിനിടെയാണ് ഇന്നലത്തെ അപകട വാര്‍ത്ത പുറത്ത് വന്നത്. എല്ലാവരേയും രക്ഷിച്ച പൈലറ്റ് കെ.ബി. ശിവകുമാറിന് വലിയ അഭിനന്ദന പ്രവാഹമാണ് വരുന്നത്.
ചിറക്കടവ് എസ്.ആര്‍.വി. ജങ്ഷനില്‍ കോയിപ്പുറത്ത് മഠത്തില്‍ ഭാസ്‌കരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് കെ.ബി. ശിവകുമാര്‍. അപകടവാര്‍ത്ത ചാനലുകളിലൂടെ വന്നുകൊണ്ടിരിക്കുമ്പോള്‍ ശിവകുമാര്‍ വീട്ടിലേക്കു വിളിച്ചു. പരിഭ്രമിക്കേണ്ടതില്ലെന്ന ആശ്വാസവാക്കുകളായിരുന്നുവെന്ന് മൂത്ത സഹോദരന്‍ ശശികുമാര്‍ പറഞ്ഞു.
രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സീനിയര്‍ പൈലറ്റായതിനാല്‍ ശിവകുമാറിനെ ക്യാപ്റ്റനെന്നാണു വിളിച്ചിരുന്നത്. എയര്‍ഫോഴ്‌സില്‍ വിങ് കമാന്‍ഡറായി വിരമിച്ച ശേഷം ന്യൂഡല്‍ഹിയില്‍ റെലിഗേര്‍ എന്ന ഫ്‌ളൈറ്റ് കമ്പനിയില്‍ ജോലിചെയ്തു. അക്കാലത്ത് നരേന്ദ്രമോദി, സോണിയാ ഗാന്ധി, ലാലുപ്രസാദ് യാദവ് എന്നിവര്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി. പിന്നീടാണ് യൂസഫലിക്കൊപ്പം ചേര്‍ന്നത്.
ആകാശത്ത് അപ്രതീക്ഷിതമായി അനിശ്ചിതത്വത്തിലായ വേളയില്‍ ഒരുനിമിഷത്തെ ചിന്ത ശിവകുമാറിലൂടെ പ്രവര്‍ത്തിച്ച് ശുഭകരമായപ്പോള്‍ അഭിമാനം ചിറക്കടവ് ഗ്രാമത്തിനുകൂടി. വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ അപകടത്തിലായ ഹെലികോപ്റ്റര്‍ ഏതുവിധേനയും നിലത്തിറക്കുക, ഒപ്പം ആരുടെയും ജീവന് അപകടമില്ലാതിരിക്കുക... ചിന്തിക്കാന്‍ നേരമില്ലാത്ത നേരത്ത് ശിവകുമാര്‍ എന്ന പൈലറ്റിനു തുണയായത് എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ പദവിയിലൂടെ നേടിയ മനോധൈര്യം.
റണ്ണിങ് എന്‍ജിന്‍ നിലച്ചപ്പോള്‍ അടുത്ത എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു പൈലറ്റുമാരും നോക്കിയെങ്കിലും വിജയിച്ചില്ല. അതോടെയാണ് ഏതുവിധേനയും സുരക്ഷിതമായി നിലത്തിറക്കാന്‍ തീരുമാനിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു. റോഡിലോ വീടിന് മുകളിലോ ഇറക്കിയാല്‍ വലിയ അപകടം തന്നെയുണ്ടാകുമായിരുന്നു. അവിടെ നിന്നാണ് വലിയ സാഹസത്തിലൂടെ ചതുപ്പില്‍ ഇടിച്ചിറക്കിയത്.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ നേരത്തേ ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിച്ചതും ശിവകുമാറായിരുന്നു. രണ്ടാഴ്ച മുന്‍പ് ശിവകുമാര്‍ ചിറക്കടവില്‍ കുടുംബവീട്ടില്‍ എത്തിയിരുന്നു. എറണാകുളം വൈറ്റിലയിലാണു താമസിക്കുന്നത്. ബിന്ദുവാണ് ഭാര്യ. മൂത്തമകന്‍ തുഷാര്‍ കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. രണ്ടാമത്തെ മകന്‍ അര്‍ജുന്‍ എയറോനോട്ടിക്കല്‍ പഠനം കഴിഞ്ഞു.
അതേസമയം പെട്ടന്നുളള കാലാവസ്ഥാമാറ്റമാണു താന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായതെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്രക്കുറിപ്പില്‍ അറിയിച്ചു. കനത്തമഴയും അപകടത്തിന് കാരണമായി.
പരിചയസമ്പന്നരായ പൈലറ്റുമാരുടെ തീരുമാനപ്രകാരമാണ് ഹെലികോപ്ടര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ലാന്‍ഡ് ചെയ്തത്. രണ്ടുപൈലറ്റുമാര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ അപകടമുണ്ടാകാത്ത വിധത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. എല്ലായാത്രക്കാരും സുരക്ഷിതരാണെന്നും ആവശ്യമായ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ലുലുഗ്രൂപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha