ശബരിമല ദ്വാരപാലക ശില്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ വൻ കുറവുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്: ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപാളികളിലെയും സ്വർണ്ണഭാരത്തിൽ ഗൗരവമായ വ്യത്യാസം കണ്ടെത്തിയത്, 1998-ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായുള്ള താരതമ്യ പരിശോധന നടത്തിയത്തോടെ...

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരണം. ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസ്സി) പരിശോധനാ റിപ്പോർട്ട്. 1998-ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണത്തിന്റെ അളവിലാണ് ഈ കുറവ് വലിയതോതിൽ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്‌ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് റിപ്പോർട്ട് എസ്‌ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട് ആണിത്. ശബരിമലയിൽ വലിയ രീതിയിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകുന്ന റിപ്പോർട്ടാണ് ഇത്. അയ്യപ്പന് മുന്നിൽ കാവൽ നിൽക്കുന്ന ദ്വാരപാലക ശില്പങ്ങളിലും കട്ടളപ്പാളികളിലും ഉണ്ടായിരുന്ന സ്വർണ്ണമാണ് കാണാതായിരിക്കുന്നത്.
നിലവിൽ അവിടെയുള്ളത് പഴയ സ്വർണ്ണമല്ലെങ്കിൽ, അത് എവിടേക്ക് പോയി എന്നതും പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണ്ണമാണോ എന്നതുമാണ് ഇനി അന്വേഷണ സംഘം (SIT) പ്രധാനമായും കണ്ടെത്തേണ്ടത്. ഇതിന് അന്താരാഷ്ട്ര തലത്തിലുള്ള പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. 'കപൂർ മോഡൽ' കൊള്ളയാണോ നടന്നതെന്ന് കോടതി തന്നെ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. സാധാരണ സ്വർണ്ണത്തേക്കാൾ അയ്യപ്പന്റെ മുൻപിലുണ്ടായിരുന്ന ഈ സ്വർണ്ണത്തിന് അതിന്റെ പഴക്കം മൂലമുള്ള വലിയ മൂല്യമുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു.
https://www.facebook.com/Malayalivartha























