നടൻ ടോവിനോ തോമസിന് കോവിഡ്; താൻ അധികം വൈകാതെ മടങ്ങിയെത്തും, എല്ലാവരും സുരക്ഷിതരായിരിക്കണം

നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിതീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ടൊവിനോ തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. നിലവിൽ ക്വാറന്റൈനിലാണെന്നും അസുഖം മാറി എത്രയും പെട്ടെന്ന് താൻ തിരിച്ചെത്തുമെന്നും നടൻ തന്റെ പോസ്റ്റിൽ പറയുന്നു.
'അങ്ങനെ എനിക്കും കൊവിഡ് പോസിറ്റീവായി, ഇപ്പോൾ ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലായിരുന്നു, സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ദിവസങ്ങൾ ഇനി ക്വാറന്‍റൈൻ കാലമാണ്.
കുറച്ച് നാളുകള്‍ക്ക് ശേഷമായിരിക്കും ഇനി പ്രവൃത്തി പഥത്തിലേക്കെത്തുക. എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ എന്‍റര്‍ടെയ്ൻ ചെയ്യിക്കാൻ ഉടൻ തിരിച്ചെത്താം', എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
അതേസമയം, രാജ്യത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1038 മരണവും 2,00,739 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലക്ഷം കടക്കുന്നത്.
മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ബുധനാഴ്ച മാത്രം 60,000ത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
https://www.facebook.com/Malayalivartha

























