'അതെ സ്വപ്ന സ്വയം മരിച്ചതല്ല. കേന്ദ്ര സർക്കാരിൻറെ വികലമായ ബാങ്കിംഗ് നയങ്ങളും മനുഷ്യത്വമില്ലാത്ത മാനേജ്മെന്റും അവരുടെ തീരുമാനങ്ങൾ റാൻ മൂളി കേൾക്കുന്ന ഞാനുൾപ്പെടെയുള്ള ജീവനക്കാരും അവരെ തിരുത്താത്ത സംഘടനകളും എല്ലാം ചേർന്ന് അവരെ കൊന്നതാണ്...' വൈറലായി കുറിപ്പ്

കണ്ണൂരിലെ ബാങ്ക് മാനേജർ സ്വപ്നയുടെ ആത്മഹത്യ സമ്മാനിച്ച സങ്കടക്കടലിൽ നിന്നും കേരളക്കരയും സമൂഹവും ഇനിയും മുക്തി നേടിയിട്ടില്ല. ജോലി സമ്മർദ്ദം മൂലമാണ് സ്വപ്ന ആത്മഹത്യ ചെയ്തതെന്നത് വേദനയേക്കാളുപരി ഞെട്ടലാണ് പലർക്കും നൽകുന്നത്. രണ്ട് മക്കളെ തനിച്ചാക്കി തിരക്കുകളും സമ്മർദ്ദങ്ങളുമില്ലാത്ത ലോകത്തേക്ക് സ്വപ്ന പോകുമ്പോൾ ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ആതിര ഉഷ വാസുദേവൻ. ‘ബാങ്കിൽ ഇത്ര വർക് പ്രഷർ ഉണ്ടോ?’ എന്ന് കൂസലില്ലാതെ കേൾക്കുന്നവർക്കുള്ള മറുപടിയാണ് ആതിരയുടെ കുറിപ്പ് എന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
നാളെ വിഷുവാണ്. പലരും അതിന്റെ തിരക്കിലും.
എന്നാൽ, മണ്ണുത്തി-മുല്ലക്കരയിലെ ഒരു വീട്ടിലെ രണ്ടു കുട്ടികൾ ദിവസങ്ങൾക്ക് മുൻപ് കൊല്ലപെട്ട അവരുടെ അമ്മയെ ഓർത്തിരിപ്പാവും. ഒരുമിച്ചാഘോഷിച്ച ഓണവും വിഷുവും ഒക്കെ അവർക്ക് എങ്ങനെ മറക്കാനാവും.
അതെ സ്വപ്ന സ്വയം മരിച്ചതല്ല. കേന്ദ്ര സർക്കാരിൻറെ വികലമായ ബാങ്കിംഗ് നയങ്ങളും മനുഷ്യത്വമില്ലാത്ത മാനേജ്മെന്റും അവരുടെ തീരുമാനങ്ങൾ റാൻ മൂളി കേൾക്കുന്ന ഞാനുൾപ്പെടെയുള്ള ജീവനക്കാരും അവരെ തിരുത്താത്ത സംഘടനകളും എല്ലാം ചേർന്ന് അവരെ കൊന്നതാണ്.
ബാങ്കിൽ ഇത്ര വർക് പ്രഷർ ഉണ്ടോ??
നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും മാത്രമല്ല ഇന്നത്തെ ബാങ്കിംഗ്. ഇൻഷുറൻസ് കൊടുക്കാനും മ്യൂച്ചൽഫണ്ട് നൽകാനും എന്തിന് ആധാർ എൻറോൾമെൻറ് വരെ ചെയ്യുന്ന മിനി അക്ഷയകളാണ് ഇന്ന് പല ബാങ്കുകളും. ഇതിനെല്ലാം കൃത്യമായ ടാർഗറ്റ്കളും അത് മോണിറ്റർ ചെയ്യാൻ ശക്തമായ സംവിധാനവുമുണ്ട്.ശാഖ മാനേജർ ആണ് ആദ്യാവസാനം ഉത്തരം പറയേണ്ടി വരിക. എന്നാൽ അധികമായി കിട്ടിയ ഇൗ പണികൾ ചെയ്യാൻ പകുതി സ്റ്റാഫ് പോലുമില്ല. പ്രളയം വന്നപ്പോൾ പ്രളയ ലോൺ, കോവിഡ് വന്നപ്പോൾ കോവിഡ് ലോൺ, ഇൻഷുറൻസ്. അങ്ങിനെ ദുരന്തം എന്തുമായിക്കോട്ടെ മാനേജ്മെന്റ്കൾക്ക് അത് ബിസിനസ് കാലമാണ്.ഇവ നടപ്പിലാക്കുന്നത് ശാഖകളിൽ ഉള്ള ഓഫീസർമാർ മുഖാന്തിരവും.
ജൻധൻ യോജന വഴി എല്ലാവർക്കും നാലും അഞ്ചും അക്കൗണ്ടുകൾ വീതം തുടങ്ങിയപ്പോൾ ആദ്യം ഈ അക്കൗണ്ടിൽ ഒക്കെ ആധാർ നമ്പർ കേറ്റാൻ പറഞ്ഞു, പിന്നീട് ചെറിയ വായ്പകൾ നൽകാൻ പറഞ്ഞു, പിന്നീട് അതു പാൻ നമ്പറായി, ഇൻഷുറൻസ് ആയി മ്യൂച്ചൽഫണ്ട് ആയി. തുടക്കത്തിൽ ഫിനാൻഷ്യൽ
ഇൻക്ലൂഷൻ എന്ന് പറഞ്ഞു തുടങ്ങിയവ ഇന്ന് പാവങ്ങളെ പറ്റിക്കുന്ന ബിസിനസായി.ജീവനക്കാർക്ക് അത് താങ്ങാൻ പറ്റാത്ത ജോലി ഭാരമായി.
പ്രധാനമന്ത്രിയുടെ അടൽ പെൻഷൻ യോജന എന്നൊരു പദ്ധതിയുണ്ട്. മാസംതോറും പാവങ്ങളെ കൊണ്ട് ഒരു സംഖ്യ അടപ്പിച്ചിട്ട് 60 വയസ്സിനുശേഷം 1000 മുതൽ 5000 വരെ പെൻഷൻ കിട്ടുന്ന ഒരു പദ്ധതി. ഇവരീ തരുന്ന പൈസ എവിടെയാണ് നിക്ഷേപിക്കപ്പെടുന്നത് എന്നോ അവസാനം ഇവർക്ക് പെൻഷൻ കിട്ടുമോ എന്നോ യാതൊരു ഉറപ്പുമില്ല. കേരള സർക്കാർ യാതൊരു നിബന്ധനയും ഇല്ലാതെ എല്ലാവർക്കും പെൻഷൻ കൊടുക്കുന്ന സമയത്താണ് കോർപ്പറേറ്റുകളുടെ കീശ നിറക്കാൻ ഇങ്ങനെയൊരു കൊള്ള. ഇങ്ങനെ പല പദ്ധതികൾ. മനസ്സാക്ഷിയുള്ള വിവേകമുള്ള ആർക്കും വിൽക്കാൻ പറ്റാത്ത കുറെയെണ്ണം. ജോലി പോകുമോ ട്രാൻസ്ഫർ കിട്ടുമോ ഇൻഗ്രിമെൻറ് നഷ്ടപ്പെടുമോ എന്നൊക്കെയുള്ള പേടിയിലാണ് പലരും ഇത് വിൽക്കാൻ നിർബന്ധിതരാവുന്നത്. ഫലമോ പാവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു.
ഈ ചൂഷണത്തിന്റേ ടാർഗേറ്റുകൾ എത്തിപിടിചോ എന്നറിയാൻ റിവ്യൂ മീറ്റിംഗുകൾ എന്ന കലാപരിപാടികൾ ഉണ്ട്. അങ്ങനെ മീറ്റിങ്ങുകൾ വഴിയും ഫോൺ വഴിയും നിരന്തരം അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നവർ, കഴിവില്ല എന്ന് മുദ്രകുത്തപ്പെട്ടവർ അവരിൽ ചിലർ രാജിവയ്ക്കുന്നു,ചിലർ സ്വപ്നയെപോലെ ജീവൻ വെടിയുന്നു. ഇത്രയ്ക്ക് സമ്മർദ്ദം ഉണ്ടെങ്കിൽ ജോലി രാജിവെച്ചു കൂടെ?? അതത്ര എളുപ്പമല്ല. നിങ്ങളുടെ മുപ്പതുകളിലും നാല്പതുകളിലും പുതിയൊരു ജോലി സംഘടിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇപ്പോഴത്തെ വരുമാനത്തെ ആശ്രയിച്ച് എടുത്തിരിക്കുന്ന വായ്പകളും ബാധ്യതകളും ഇനി എന്തു ചെയ്യും എന്ന ചോദ്യം ബാക്കി.
പോരാത്തതിന് നല്ല ശമ്പളം ഉള്ള പലവിധ ആനുകൂല്യങ്ങൾ ഉള്ള പുറമേ നിന്ന് നോക്കുമ്പോൾ വളരെ സുരക്ഷിതമെന്നു തോന്നുന്ന ഒരു ജോലി രാജിവെച്ച് ഈ സമൂഹത്തിൽ ജീവിക്കാം എന്ന് കരുതേണ്ട. വളരെ ചുരുക്കം ചിലർക്ക് മാത്രം പറ്റുന്ന ഒന്നാണത്. സ്വപ്നയെ പോലെ വിധവയായ സിംഗിൾ പാരെന്റ് ആയ ഒരാൾക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല.ആത്മഹത്യ ചെയ്യുന്നത് ഭീരുക്കളാണ്.ആത്മഹത്യ ഒരു പരിഹാരം ആണോ?? തീർച്ചയായും അല്ല. ജനങ്ങളയെയും കൂടെ ജോലി ചെയ്യുന്നവരെയും ചൂഷണം ചെയ്യാൻ ധൈര്യം ഇല്ലാത്ത ഭീരുക്കൾ തന്നെയാണ് മരിക്കുന്നത്.
രാവും പകലും ബാങ്കിന് വേണ്ടി പണിയെടുത്ത് ടാർഗറ്റ് എന്ന ബാലികേറാമല പിടിക്കാൻ നോക്കി നടക്കാത്ത ഒരാളോട് നിങ്ങളൊക്കെ ഇവിടെ എന്തു പണിയാണ് എടുക്കുന്നത്? മാസം ശമ്പളം വാങ്ങിക്കുന്നതല്ലേ? എന്ന ഒരു ചോദ്യം മതി അവരെ മാനസികമായി തകർക്കാൻ. 2016 നവംബർ മാസം കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ, ജനം ബാങ്കുകളിലേക്ക് പ്രവഹിച്ചപ്പോൾ രാവിലെ 9 മുതൽ വൈകിട്ട് 9 വരെ ജോലി ചെയ്തിട്ടും ഒടുക്കം ഓരോ ദിവസവും 15000 ഓ 25000 ഓ ഒക്കെ കണക്കിൽ വ്യത്യാസം വരുന്നത് കണ്ടു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നിട്ടുണ്ട്. നാളെ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ ഓർത്തു ഭയപെടിട്ടുണ്ട്.
ആളുകളെ നിയന്ത്രിക്കാനാവാതെ വിഷമിച്ചിട്ടുണ്ട്.അന്ന് ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. ആ സമയത്ത് വീട്ടിൽ നിന്ന് കല്യാണത്തിന് നല്ല പ്രഷർ ഉണ്ടായിരുന്നു. ഹോസ്റ്റലിലും ബാങ്കിലും ആ സമയത്ത് കൂടെയുള്ളവർ പോയി,പുതിയ ആളുകൾ ആയിരുന്നു. അതുകൊണ്ട് ആരോടും ഒന്നും പറയാൻ സാധിച്ചിരുന്നില്ല. എല്ലാ സമ്മർദ്ദവും കൂടി ഇനിയൊരു രീതിയിലും മുന്നോട്ടുപോകാനാവില്ല എന്ന് തോന്നിയ നിമിഷത്തിൽ സ്വപ്ന എടുത്തപോലൊരു തീരുമാനം എടുത്ത ആൾ എന്ന നിലയ്ക്ക് കൂടിയാണ് ഇൗ എഴുത്ത്. അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. ആ ചുഴിയിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന് ഇന്നും അറിയില്ല.
അതുകൊണ്ട് കാര്യങ്ങൾ അറിയാതെ ബാങ്കുകളിൽ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാതെ ആരെയും വിലയിരുത്തരുത്. കൃത്യമായി പാഡ് മാറ്റാതെ വെള്ളം കുടിക്കാതെ, ബാത്റൂ മിൽ പോകാതെ വൈകിട്ട് ആറു മണിക്ക് എങ്കിലും ബാങ്കിൽ നിന്ന് ഇറങ്ങാൻ നോക്കുന്ന എൻറെ സഹപ്രവർത്തകരോട് ആണ്. നിങ്ങളുടെ ആരോഗ്യം കളഞ്ഞു പണിയെടുത്തതുകൊണ്ട് ബാങ്കിലെ ജോലി എളുപ്പം തീരാൻ പോകുന്നില്ല. ജോലികളെല്ലാം തീർത്ത് വീട്ടിലെതാം എന്നതും ഒരു വ്യാമോഹമാണ്.
പരിചയത്തിലുള്ള ഒരു മാനേജർ ടൈഫോയ്ഡ് മൂലം മരണപ്പെട്ടത് കഴിഞ്ഞമാസം ആയിരുന്നു. മാർച്ച് മാസത്തിലെ ജോലിത്തിരക്ക് മൂലം ശരിയായ രീതിയിൽ ട്രീറ്റ്മെൻറ് എടുത്തിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ബാങ്കിന് നിങ്ങൾക്ക് പകരം ഒരാളെ എളുപ്പം കണ്ടെത്താം. നിങ്ങളുടെ കുടുംബത്തിന് അത് പറ്റില്ലല്ലോ എന്നാരോ പറഞ്ഞത് ഓർക്കുന്നു.അതുകൊണ്ട് സ്വന്തം ആരോഗ്യം നോക്കി സമയക്രമം ആയി ജോലികൾ ചെയ്താൽ മതി. രാത്രി വൈകിയുള്ള യാത്രയിലും നിങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. നമ്മൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് സംസാരിക്കാൻ , വിഷമങ്ങൾ പങ്കിടാൻ ഒരു സപ്പോർട്ടിംഗ് സിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുന്നത്.
സാധാരണക്കാരായ ജനങ്ങളോട് ഒരു അഭ്യർത്ഥന മാത്രം. അടുത്ത പ്രാവശ്യം ബാങ്കിൽ പോകുമ്പോൾ കൃത്യമായ സമയത്ത് മറുപടി ലഭിച്ചില്ല എന്ന് കരുതി അഹങ്കാരികൾ എന്ന് ഞങ്ങളെ മുദ്ര കുത്തരുത്. എസിയുടെ സുഖശീതളിമയില് മയങ്ങുന്നവർ എന്ന് അടക്കം പറയരുത്.അതിനു താഴെ കത്തിയെരിയുന്ന മനസ്സുമായി, സ്ഥലകാലബോധമില്ലാതെ നടക്കുന്ന പ്രഷർകുക്ക റുകളാണ് ഞങ്ങളിൽ പലരും.
NB: കാനറാ ബാങ്ക് കൂത്തുപറമ്പ് ശാഖയിലെ മാനേജർ സ്വപ്നയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും നേരിട്ടും പലരുടെയും പ്രതികരണങ്ങൾ കണ്ട് എഴുതുന്നത്.
https://www.facebook.com/Malayalivartha

























