'കൊല്ലുമ്പോള്‍ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല, നിങ്ങളുടെ ചോദ്യം സെലക്റ്റീവാകുന്നതു പോലെ തന്നെ എൻ്റെ പോസ്റ്റുകളും ഉറപ്പായും സെലക്റ്റീവായിരിക്കും': വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ആലപ്പുഴയിൽ ഇന്നലെ മരണപ്പെട്ട പതിനഞ്ചു വയസ്സുകാരൻ അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്. കൊല്ലുമ്പോൾ വിശേഷ ദിവസം തന്നെ തിരഞ്ഞെടുക്കുന്ന തന്ത്രം ഇന്നുമിന്നലേയും തുടങ്ങിയതല്ല. കാലങ്ങളായുള്ള തന്ത്രമാണത്.പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യമാണ് അവര്‍ മുതലാക്കുന്നതെന്നാണ് കുറിപ്പിലൂടെ സൂചിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
"കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.
കാലങ്ങളായുള്ള തന്ത്രമാണത്..
പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്.
ഉൾപ്പേജുകളിലെ അപ്രധാനവാർത്തയായി അത് കൊടുക്കാം.
വിശേഷങ്ങളുടെ ആലസ്യത്തിൽ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും...
ഉത്സവക്കാഴ്ചകൾക്കിടയിൽ ഇത് ചർച്ച ചെയ്യാനൊന്നും ചാനലുകാർക്കും സമയമുണ്ടാകില്ല.
കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കിൽ, "നിങ്ങൾ പ്രതികരിക്കുന്നില്ലേ?വായിൽ പഴം തിരുകിയിരിക്കുകയാണോ?" എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇൻബോക്സിലും കമൻ്റ് ബോക്സിലും പാഞ്ഞു നടക്കില്ല...
കമൻ്റുകൾ വാരി വിതറില്ല..
എന്തൊരു ശാന്തതയാണ്!
കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനൽ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.
കഴിഞ്ഞാഴ്ച കോതമംഗലത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ആയ കെ.എൻ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച് ഇടിച്ച് മറിച്ച് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തെക്കുറിച്ച് എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ?
ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റും,എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില്ലേ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചോ?
എവിടെയെങ്കിലുമത് ചർച്ചയായോ?
കൊല്ലപ്പെടുന്നത് ഇടതുപക്ഷക്കാരാകുമ്പോൾ ഓൺലൈൻമാധ്യമങ്ങൾ പോലും ആ വാർത്ത കൊടുക്കുമ്പോൾ പുലർത്തുന്ന ഒരു പ്രത്യേകതരം ജാഗ്രതയുണ്ട്!
"ആലപ്പുഴയിൽ പത്താംക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. " എന്ന് അതീവനിഷ്കളങ്കമായി തീർപ്പുകൽപ്പിച്ചിട്ടുണ്ട് മാതൃഭൂമി.കഴിഞ്ഞവർഷം ആർ എസ് എസ് ക്രിമിനലുകൾ തല്ലിത്തകർത്ത അഭിമന്യുവിൻ്റെ വീടിനെപ്പറ്റി ഒരു സൂചനയുമില്ല.
'നിഷ്പക്ഷത' എന്ന വാക്കിനർത്ഥം പല മാധ്യമങ്ങൾക്കും 'ഇടതുവിരുദ്ധത 'എന്നു തന്നെയാണ്.
N.B :- നിങ്ങളുടെ ചോദ്യം സെലക്റ്റീവാകുന്നതു പോലെ തന്നെ എൻ്റെ പോസ്റ്റുകളും ഉറപ്പായും സെലക്റ്റീവായിരിക്കും."
https://www.facebook.com/Malayalivartha

























