ജലീലിന്റെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും മുഖത്തേറ്റ പ്രഹരം: രമേശ് ചെന്നിത്തല

സ്വജനപക്ഷപാതവും അധികാരദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയ കെ.ടി.ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷവികസന ധനകാര്യകോര്‍പ്പറേഷനില്‍ നിയമിക്കുന്നതിന് യോഗ്യതയില്‍ മന്ത്രിസഭയെ മറികടന്ന് ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. അതിനാല്‍ ഹൈക്കോടതിയിലെ ഈ വിധി മുഖ്യമന്ത്രിയ്ക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാര്‍മ്മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും ആസ്ഥാനത്ത് തുടരരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ധാര്‍മ്മികതയൊന്നുമല്ല, നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് കെ.ടി.ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ രാജിവച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ലോകായുക്ത വിധിക്കെതിരെയുള്ള ഹരജി തള്ളിയ ഹൈക്കോടതി വിധി കെ.ടി. ജലീലിനേറ്റ തിരിച്ചടിയാണെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ജലീലിന്റെ ഹർജി ഇപ്പോൾ കോടതി വലിച്ചെറിഞ്ഞിരിക്കുകയാണ്. താൻ ഇതിന്റെ തുടക്കം മുതൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
ഇനി എങ്കിലും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി എതിരാകുമെന്ന് തിരിച്ചറിഞ്ഞാണ് ജലീൽ നേരത്തെ രാജിവച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ.ടി. ജലീലിനെ കൂടാതെ പിണറായി വിജയനെതിരേയും അന്വേഷണം നടത്തുമെന്നും ഫിറോസ് പറഞ്ഞു. തെറ്റ് ചെയ്‌തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ജലീലിൽ വാക്ക് പാലിക്കാൻ തയ്യാറുണ്ടോ എന്നും ഫിറോസ് കോഴിക്കോട്ട് ചോദിച്ചു.
https://www.facebook.com/Malayalivartha