ഇരന്നു വാങ്ങിയ പണി.... തീക്കട്ടയിൽ കുളിക്കാൻ നോക്കി മേലാകെ പൊള്ളി ജലീൽ....

തന്റെ വിശുദ്ധി എല്ലാവർക്കും മുന്നിൽ തെളിയിക്കാൻ പുറപ്പെട്ട ജലീൽ ഇപ്പോൾ പെട്ട അവസ്ഥയിലായി. അന്നത്തെ ഒരു ആവേശത്തിൽ കയറി ലോകായുക്തയ്ക്കെതിരെ ഹർജി കൊടുത്തും പോയി എന്നാൽ ഇപ്പോൾ അതിനെ ശരിവച്ച് ഹൈക്കോടതി വിധിയും വന്നു.
സത്യസന്ധത തെളിയിക്കാൻ ഹൈക്കോടതിയിൽ പോയ മുൻ മന്ത്രി കെ.ടി. ജലീൽ തിരികെ മടങ്ങി വരുന്നത് വിജിലൻസ് അന്വേഷണമെന്ന കനലും കോരിയാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതു ചോദിച്ചു വാങ്ങിയ അടിയായി മാറുകയും ചെയ്തു.
ലോകായുക്ത ഉത്തരവ് നടപടിക്രമം പാലിച്ചല്ലെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള ജലീലിന്റെ വാദം തന്നെയാണു സംസ്ഥാന സർക്കാരും കോടതിയിൽ പറഞ്ഞത്. അഡ്വക്കറ്റ് ജനറൽ നിയമോപദേശവും നൽകിയിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി തള്ളിയാൽ പോലും ചെയ്ത കാര്യം കോടതി അഴിമതിയുടെ ഗണത്തിൽ പെടുത്തുമെന്നു ജലീലും സർക്കാരും കരുതിയില്ല.
ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാൽ കോടതിയിൽ സർക്കാർ അഭിഭാഷകനു മറിച്ചൊരു നിലപാട് എടുക്കാനും കഴിഞ്ഞില്ല. ആരോപിതമായ കുറ്റം നേരത്തേ ഹൈക്കോടതി തള്ളിയതാണെന്ന ജലീലിന്റെ മുൻ വാദവും പൊളിഞ്ഞു. ഹർജി കോടതി തള്ളുമെന്ന ആശങ്കയിൽ തന്നെയാണ് ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത്.
കെ.ടി. ജലീലിന്റെ ഹർജി തള്ളുന്നതിന് ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക. ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഈ ഖണ്ഡിക പൂർണമായും ചേർത്തിട്ടുണ്ട്.
കോർപ്പറേഷൻ രൂപവത്‌കരിച്ചത് മുതൽ പരാതി കിട്ടുന്ന 2019 ഫെബ്രുവരി അഞ്ചുവരെയുള്ള സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് കെ.ടി. അദീബിനെ നിയമിക്കുന്നതിനായി കെ.ടി. ജലീൽ വഴിവിട്ട് ഇടപെട്ടെന്ന കണ്ടെത്തലിലേക്ക് ലോകായുക്ത എത്തിയത്. ഇത് ഹൈക്കോടതി പൂർണമായും ശരിവെക്കുകയായിരുന്നു.
യോഗ്യതയിൽ മാറ്റം വരുത്താൻ നിർദേശിച്ചതിന്റെ പേരിൽമാത്രം തനിക്കെതിരേ സ്വജനപക്ഷപാതം ആരോപിക്കാനാകില്ലെന്നും യോഗ്യതയിൽ മാറ്റം വരുത്തി രണ്ടുവർഷത്തിനുശേഷമാണ് ബന്ധുവിനെ നിയമിച്ചതെന്നും ജലീൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ കോടതി തള്ളിയത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക വിലയിരുത്തിയാണ്.
അടുത്ത ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ സ്വജന പക്ഷപാതവും സത്യപ്രതിജ്‍ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത കണ്ടെത്തൽ.
അതു ശരിവയ്ക്കുകയും അഴിമതിയാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ജലീലിനെതിരെ ഇനി വിജിലൻസ് അന്വേഷണം വരുമോയെന്നാണു ഇനി കാത്തിരിക്കേണ്ടത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ അടക്കം പ്രോസിക്യൂട്ട് ചെയ്യുമെന്നാണു ഈ അഴിമതി പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് പ്രതികരിച്ചത്.
മാത്രമല്ല, കേസിലെ തുടർനടപടിയെന്ന നിലയിൽ ലോകായുക്ത നിയമത്തിലെ വകുപ്പ് 15 പ്രകാരം പരാതിക്കാരനു ജലീലിനെതിരെ പ്രോസിക്യൂഷൻ നടപടിക്കു ലോകായുക്തയെ സമീപിക്കാനുമാവും.
പരാതിയുടെ പകർപ്പ് ജലീലിനും ബന്ധപ്പെട്ട അധികാരിക്കും നൽകിയില്ലെന്നും അന്വേഷണം നടത്തിയില്ലെന്നുമുള്ള വാദങ്ങളും കോടതി തള്ളി. പരാതിയിൽ ജലീലും സർക്കാരും രേഖാമൂലം വിശദീകരണം നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട എല്ലാ രേഖയും വിലയിരുത്തിയാണ് ലോകായുക്ത മാർച്ച് 26-ന് അന്തിമവാദത്തിനായി തീരുമാനമെടുത്തതെന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.
ഹൈക്കോടതി വിധിക്കെതിരെ ജലീൽ അപ്പീൽ നൽകാനുള്ള സാധ്യത കുറവാണ്. സുപ്രീംകോടതിയെ സമീപിക്കുന്നതിനോടു സിപിഎമ്മിനും യോജിപ്പില്ല. ക്രമക്കേടു തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന ജലീലിന്റെ നിയമസഭയിലെ പ്രഖ്യാപനത്തിന്റെ തുടർ നടപടിയും ആകാക്ഷയോടെയാണു പലരും കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha