മേയ് ഒന്നു മുതല്‍ നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കി ഹൈകോടതി

വോട്ടെണ്ണലിനും തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനത്തിനുമായി മേയ് ഒന്നു മുതല്‍ നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ഹൈകോടതി വിലക്കി. തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ല കലക്ടര്‍മാര്‍, കമീഷണര്‍മാര്‍, എസ്.പിമാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ഒരു തരത്തിലുള്ള കൂട്ടായ്മകളും യോഗങ്ങളും പ്രകടനങ്ങളും ജാഥകളും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം.ആര്. അനിത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
കോവിഡ് പ്രോേട്ടാകോള്‍ ലംഘിക്കുന്നത് തടയാന്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമമടക്കം പ്രയോഗിക്കണം. ഡോ. കെ.പി. പ്രദീപ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
യോഗങ്ങളോ പ്രകടനങ്ങളോ നടത്താന്‍ രാഷ്ട്രീയ കക്ഷികളെയടക്കം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷനെ സ്വമേധയാ കക്ഷിചേര്‍ത്ത ശേഷം വിശദീകരണം തേടി. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിക്കാന്‍ ഹരജി വീണ്ടും മേയ് നാലിന് പരിഗണിക്കും.
മേയ് ഒന്നുമുതല്‍ നാലുവരെ സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകളോ യോഗങ്ങളോ കൂടിച്ചേരലുകളോ ജാഥകളോ ഘോഷയാത്രകളോ വിജയാഘോഷങ്ങളോ നടത്താതിരിക്കാന്‍ നടപടി വേണമെന്ന ഹൈകോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ല കലക്ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha


























