വിശ്വാസികളുടെ കണ്ണ് നനഞ്ഞു... ഡോക്ടര്‍മാര്‍ എഴുതിതള്ളുന്ന എത്ര കേസുകളിലാ അത്ഭുതകരമായ മാറ്റം വരുത്തുന്നത്; വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിപ്പിച്ച് മാര്‍ ക്രിസോസ്റ്റം തിരുമേനിയും; തൊണ്ട വേദനയ്ക്കു ചികിത്സിച്ചു മടക്കി അയയ്ക്കാന്‍ തോന്നാതിരുന്നത് ദൈവ നിയോഗം

ഡോക്ടര്‍മാരുടെ കൈവിട്ടു പോകുന്ന പല കേസുകളും സാക്ഷാല്‍ ഡോക്ടറായ ദൈവം രക്ഷിച്ചെടുക്കാറുണ്ട്. പലരും പല ഘട്ടത്തില്‍ ദൈവത്തിന്റെ ആ സാന്നിധ്യം നേരിട്ടറിഞ്ഞവരാണ്. അതുപോലെയാണ് കാലം ചെയ്ത മാര്‍ ക്രിസോസ്റ്റം തിരുമേനിയും.
2002ലാണ് സംഭവം. അന്നൊരു തൊണ്ട വേദനയുമായാണ് ക്രിസോസ്റ്റം തിരുമേനി കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ എത്തുന്നത്. അതൊരു സൂചനയായിരുന്നു, തിരുമേനിയുടെ ശരീരത്തെ ബാധിച്ചു തുടങ്ങുന്ന കാന്‍സറിന്റെ.
ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറയുന്നത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് വിശദമായി പരിശോധിച്ചു തുടങ്ങിയതെന്നു തിരുമേനിയുടെ പഴ്‌സനല്‍ ഡോക്ടര്‍ രാജു പി. ജോര്‍ജ് പറഞ്ഞു. തൊണ്ടവേദനയ്ക്കു ചികിത്സിച്ചു മടക്കി അയയ്ക്കാന്‍ തോന്നാതിരുന്നത് ദൈവ നിയോഗമായാണ് ഡോ.രാജു കാണുന്നത്.
വിശദമായ പരിശോധനയ്ക്ക് അന്നു ദൈവം തോന്നിച്ചതാണെന്ന് ഇന്നും ഡോക്ടര്‍ വിശ്വസിക്കുന്നു. ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥയിലായിരുന്നു അന്നു കാന്‍സറിന്റെ വളര്‍ച്ച.
ജീവിതത്തിലുടനീളം വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിക്കലായിരുന്നു മാര്‍ ക്രിസോസ്റ്റത്തിന്റെ ശരീരം. കാന്‍സറിനെ അതിജീവിച്ച തിരുമേനിയെ 2008ല്‍ ഹൃദയാഘാതം പിടികൂടി. ഒന്നും രണ്ടുമല്ല 5 തടസ്സങ്ങളുണ്ടായിരുന്നു ഹൃദയ ധമനികളില്‍. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ഡോ. ജോര്‍ജ് ജോസഫ് അഞ്ചിലും സ്‌റ്റെന്‍ഡ് ഇട്ടു അദ്ഭുതകരമായി തിരുമേനിയെ ജീവിതത്തിലേക്കു തിരികെ നടത്തി. പേസ്‌മേക്കറിന്റെ സഹായവും മാര്‍ ക്രിസോസ്റ്റത്തിന്റെ ശരീരത്തിലുണ്ട്.
പ്രമേഹം, വൃക്ക സംബന്ധമായ അസുഖം, പാര്‍ക്കിന്‍സണ്‍ രോഗ ലക്ഷണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, കാലില്‍ ഇടയ്ക്കിടെ വരുന്ന ഇന്‍ഫെക്ഷന്‍ തുടങ്ങിയ ശാരീരിക അവശതകള്‍ വലിയ ഒരു പൊട്ടിച്ചിരിയില്‍ പൊതിഞ്ഞ് അദ്ദേഹം നേരിട്ടു. മനസ്സിന്റെ ധൈര്യവും ചിരിയുമാണ് രോഗ ഭാരങ്ങള്‍ ഏശാതെ ആ ശരീരത്തെ നിലനിര്‍ത്തിയതെന്നും ഡോ. രാജു ഓര്‍ക്കുന്നു.
ഒഡീഷയിലെ റൂര്‍ക്കലയില്‍ കുഞ്ഞുനാളില്‍ തുടങ്ങിയതാണ് മാര്‍ ക്രിസോസ്റ്റവുമായി രാജു പി. ജോര്‍ജിന്റെ ബന്ധം. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡീഷയിലെത്തിയ മാര്‍ ക്രിസോസ്റ്റം അവിടത്തെ കുട്ടികളുമായി വളരെ വലിയ സൗഹൃദത്തിലായി. അന്ന് റൂര്‍ക്കലയിലായിരുന്നു ഡോ. രാജുവിന്റെ കുടുംബം.
രണ്ടു വര്‍ഷമായി തിരുമേനി കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ തന്നെയായിരുന്നു താമസം. ഹൃദ്രോഗത്തിനുള്ള മരുന്നുകളാണ് പ്രധാനമായും നല്‍കിയിരുന്നത്. ഫിസിയോതെറപ്പിയും ഡയറ്റീഷ്യന്റെ സഹായത്തോടെ ക്രമീകൃത ഭക്ഷണവും നല്‍കിയിരുന്നു.
എന്നാലും, ഇഷ്ട വിഭവങ്ങള്‍ ഒഴിവാക്കാന്‍ തിരുമേനി തയാറായിരുന്നില്ല. ബ്രോസ്റ്റഡ് ചിക്കന്‍ മുഖ്യ ദൗര്‍ബല്യമായിരുന്നു.
മാര്‍ ക്രിസോസ്റ്റത്തിനു പല തവണ കോവിഡ് പരിശോധന നടത്തിയിരുന്നു. ഒരാഴ്ച മുന്‍പ് മൂത്രത്തില്‍ അണുബാധ കണ്ടതിനെ തുടര്‍ന്നു ബിലിവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്തസമ്മര്‍ദം കുറയുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്തതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി.
ചൊവ്വാഴ്ച്ച ആരോഗ്യം വീണ്ടെടുത്തതോടെ രാവിലെ 11 മണിക്ക് കുമ്പനാട് ഫെലോഷിപ്പിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ദിവസങ്ങള്‍ ഫെലോഷിപ്പിലെ മുറിയില്‍ തന്നെ ആയിരിക്കണമെന്ന് ക്രിസോസ്റ്റം തിരുമേനി പറയുമായിരുന്നു.
ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു. ഇഷ്ടമുള്ള പഴുത്ത മാങ്ങയുടെ രണ്ട് കഷണം കഴിച്ചു. ഫിഷ് മൊയ്‌ലിയും ഇഷ്ടപ്പെട്ട സോഫ്റ്റ് ഡ്രിങ്കും കുടിച്ചു. രാത്രി പത്തേകാലായപ്പോള്‍ വീണ്ടും ശ്വാസം മുട്ടല്‍ വന്നു. അല്‍ബുമിനും ഹിമോഗ്ലോബിനും കുറഞ്ഞു. ഉടന്‍ തന്നെ ഐസിയുവിലേക്കു മാറ്റി. രക്ത സമ്മര്‍ദം താണു തുടങ്ങി. ഒന്നേകാലോടെ അന്ത്യം. അവസാന ശ്വാസം വരെ ഡോ. രാജു പി. ജോര്‍ജും തിരുമേനിക്ക് ഒപ്പമുണ്ടായിരുന്നു. എല്ലാം ദൈവ നിയോഗം.
"
https://www.facebook.com/Malayalivartha
























