കൊവിഡ് വ്യാപനം; രോഗികള്‍ നിറയുന്നു, വേണം കൂടുതല്‍ ജാഗ്രത, സംസ്ഥാനത്തെ ഐ.സി.യുവുകളും വെന്‍റിലേറ്ററുകളും നിറയുന്നു

കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ ഐ.സി.യുവുകളും വെന്‍റിലേറ്ററുകളും നിറയുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 134 വെന്‍റിലേറ്ററുകളില്‍ ബാക്കിയുള്ളത് നാലെണ്ണം.
161 ഐ.സി.യു കിടക്കകളിലും രോഗികളുണ്ട്. 161 ഐ.സി.യുവുകളടക്കം 538 കിടക്കകളാണ് കൊവിഡ് രോഗികള്‍ക്കാണ് നീക്കിവെച്ചത്. ജനറല്‍ ആശുപത്രിയില്‍ 13-14 പേരെയാണ് പ്രതിദിനം പ്രവേശിപ്പിക്കുന്നത്. 25 ഐ.സി.യു കിടക്കകള്‍ ഉടന്‍ സജ്ജമാകും. ജില്ലയില്‍ ആകെയുള്ള ഐ.സി.യു കിടക്കകളില്‍ 54.3 ശതമാനമാണ് ഇതുവരെ നിറഞ്ഞത്. ഓക്സിജന്‍ കിടക്കകളില്‍ 16.8 ശതമാനവും.
തിരുവനന്തപുരം, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ സി.എഫ്.എല്‍.റ്റി.സികള്‍ വീതം പുതുതായി ആരംഭിച്ചിട്ടുണ്ട്. 200 പേര്‍ക്കുള്ള കിടക്കകള്‍ ഇവിടെയുണ്ട്. ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂരില്‍ പുതുതായി ഒരു ഡി.സി.സി (ഡൊമിസിലറി കെയര്‍ സെന്‍റര്‍) ഏറ്റെടുത്തു. 100 പേരെ ഇവിടെ ഉള്‍ക്കൊള്ളിക്കാം. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി നീക്കിവെക്കാനുള്ള നടപടി പുരോഗമിക്കുന്നു.
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കലക്ടറേറ്റില്‍ ഓക്സിജന്‍ വാര്‍ റൂം തുറന്നു. വഴുതക്കാട് വിമന്‍സ് കോളജ് ഓഡിറ്റോറിയമാണ് ജില്ലാതല ഓക്സിജന്‍ സംഭരണകേന്ദ്രം. ആലപ്പുഴയില്‍ സര്‍ക്കാര്‍ മേഖലയിലുള്ള 43 വെന്‍റിലേറ്ററും ഒഴിവുള്ളതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ 12 വെന്‍റിലേറ്ററുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ അറുനൂറോളം ഓക്സിജന്‍ ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ ലഭ്യമല്ലെന്നും ഡി.എം.ഒ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളജില്‍ 600 കിടക്കയില്‍ 480ലും രോഗികളായി.100 ഐ.സി.യുവില്‍ 73ഉം 60 വെന്‍റിലേറ്ററില്‍ 49ലും രോഗികളുണ്ട്. ആകെയുള്ള 2100 കിടക്കയില്‍ കൂടുതലും കൊവിഡ് ബാധിതര്‍ക്കായി നീക്കിവെച്ചു. കോട്ടയം ജില്ല ആശുപത്രിയും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, വൈക്കം ജനറല്‍ ആശുപത്രികളിലും രോഗികള്‍ നിറഞ്ഞു.
ഇവിടങ്ങളില്‍ ഐ.സി.യുവും വെന്‍റിലേറ്ററും പരിമിതമാണ്. ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള 18 സ്വകാര്യ ആശുപത്രിയുണ്ട്. അവിടെയെല്ലാം ഐ.സി.യുകളും വെന്‍റിലേറ്ററുകളും നിറഞ്ഞു. എന്നാല്‍, ഓക്സിജന്‍ ക്ഷാമം ഇല്ല.
https://www.facebook.com/Malayalivartha
























