പി.എസ്.സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പി.എസ്.സി പരീക്ഷ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാച്ച് ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ആശ്വാസ നടപടി.
പരീക്ഷ ഹാളില്‍ വാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തില്‍ സമയം അറിയുന്നതിനായി പകരം സംവിധാനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് സമയം അറിയാനായി ഓരോ അരമണിക്കൂറും മണി അടിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, മണി മുഴക്കുന്നത് പരീക്ഷാര്‍ത്ഥികള്‍ ശ്രദ്ധിക്കാറില്ലെന്നും സമയം ഓര്‍മ്മിപ്പിക്കാന്‍ നിരീക്ഷകര്‍ പലപ്പോഴും മറന്നു പോകാറുണ്ടെന്നും പരാതിയില്‍ പറയുന്നു. സമയം ക്രമീകരിച്ച് ഉത്തരങ്ങള്‍ എഴുതേണ്ടത് ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് പ്രയോജനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























