അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല..... പോലീസ് പരിശോധന ശക്തം... കേരളത്തില്‍ ലോക്ഡൗണില്‍ സഹകരിച്ച് ജനം..... മേയ് 16 വരെയാണ് അടച്ചിടല്‍

സംസ്ഥാനത്തെ ലോക് ഡൗണില്‍ സഹകരിച്ച് ജനം. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പോലീസ് പരിശോധന ശക്തമായിരുന്നു. മേയ് 16 വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടച്ചിടല്‍ നീട്ടേണ്ടിവരും. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ലംഘിച്ച് വാഹനവുമായെത്തിയവര്‍ക്ക് പിഴയടയ്‌ക്കേണ്ടി വന്നു.
പലരുടെയും വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സത്യവാങ്മൂലം പോലുമില്ലാതെ ഇറങ്ങിയവരായിരുന്നു ഇത്തരക്കാര്‍. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഹൈക്കോടതിനിര്‍ദേശപ്രകാരം നടപടിയെടുക്കും. മാസ്‌ക് ധരിക്കാത്ത 21,534 ആളുകളുടെ പേരില്‍ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപ ഈടാക്കി.
ഓണ്‍ലൈന്‍ പാസ് പ്രവര്‍ത്തനക്ഷമമായി. അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാന്‍ പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍സംവിധാനം പ്രവര്‍ത്തനക്ഷമമായി. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതികിട്ടിയാല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം.
അതേസമയം ജില്ലവിട്ടുള്ള യാത്ര നിരുത്സാഹപ്പെടുത്തും. അടുത്തബന്ധുവിന്റെ മരണം, വിവാഹം, അടുത്തബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേക്കു കൊണ്ടുപോകല്‍ എന്നിവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്രയനുവദിക്കൂ. പോലീസ് പാസിനോടൊപ്പം തിരിച്ചറിയല്‍കാര്‍ഡ്കൂടി കരുതണം.
വാക്‌സിനേഷനു പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്തുള്ള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും വെബ്‌സൈറ്റില്‍ കിട്ടും. ഈ മാതൃകയില്‍ വെള്ളക്കടലാസില്‍ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.
"
https://www.facebook.com/Malayalivartha
























