വര്‍ഗ്ഗീയ കക്ഷിയായി മുദ്രകുത്തിയ ഐ.എന്‍.എല്‍ ഇടതു മന്ത്രിസഭയിൽ..! കേരളത്തിൽ പിണറായി ഉദ്ദേശിച്ചത് ഇതായിരുന്നോ?

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ അഹമ്മദ് ദേവര്‍കോവില്‍ പതിനഞ്ചാം നിയമസഭയില്‍ മന്ത്രിയാകുന്നുവെന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യന്‍ നാഷണല്‍ ലീഗ് അഥവാ ഐ.എന്‍.എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദീര്‍ഘകാല സ്വപ്‌നങ്ങളാണ് ഇതോടെ സാക്ഷാൽകരിക്കപ്പെടാൻ പോകുന്നത്.
രണ്ടരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഐ.എന്‍.എല്ലിന് ലഭിക്കുന്ന മന്ത്രിസ്ഥാനം മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നതില്‍ നിര്‍ണ്ണായകമാകും എന്ന കാര്യം തീർച്ചയാണ്.
തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് തിരിച്ചടിയേല്‍ക്കുകയും അണികള്‍ നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്താണ് ഐ.എന്‍.എല്ലിനുള്ള മന്ത്രിപദമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഒരു കാലത്ത് അകറ്റിനിര്‍ത്തിയ ഐ.എന്‍.എല്ലിനെ മന്ത്രിസഭയിലെടുത്തതോടെ സി.പി.എം നടത്തിയത് ഒരു തിരുത്തല്‍ കൂടിയാണ്. ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇബ്രാഹീം സുലൈമാന്‍ സേഠ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം നൽകിയത്. അന്ന് കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് എന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു.
പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍, ആ വികാരം ഉള്‍ക്കൊണ്ട് മുസ്ലിം ലീഗ് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ഉന്നയിച്ചു. എന്നാല്‍ ലീഗിന്റെ പാര്‍ട്ടി നേതൃത്വം ഇത് തള്ളിക്കളഞ്ഞു.
ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റും ഉന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുസ്‌ലിം ലീഗ് വിടുന്നത്.
1994 ഏപ്രില്‍ 23 ന് ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇന്ത്യന്‍ നാഷണന്‍ ലീഗ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഐ.എന്‍.എല്‍ പൊതുയോഗങ്ങളില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മുസ്ലിം ലീഗ് ഞെട്ടിയ കാലം വരെയുണ്ടായിരുന്നു.
പാര്‍ട്ടിയുടെ പേരില്‍ നിന്ന് മുസ്‌ലിം എന്ന വാക്ക് ഒഴിവാക്കുകയും മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തെങ്കിലും സമുദായ പാര്‍ട്ടി എന്ന ഇമേജില്‍ നിന്ന് പുറത്തുകടക്കാന്‍ ഐ.എന്‍.എലിന് സാധിച്ചിരുന്നില്ല.
മുന്‍കാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഐ.എന്‍.എലില്‍ നേതാക്കളായും അണികളായും ഉണ്ടായിരുന്നത് എന്നതായിരുന്നു ഇതിന്റെ മുഖ്യ കാരണം. സമുദായ പാര്‍ട്ടി എന്ന ലേബലാണ് ദീര്‍ഘകാലം മുന്നണിയോടൊപ്പം നിന്നിട്ടും ഐ.എന്‍.എലിനെ എല്‍.ഡി.എഫ് ഔദ്യോഗികമായി ഭാഗമാക്കാതിരുന്നത് എന്ന നിരീക്ഷണവുമുണ്ട്.
1995ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ അഞ്ച് മുനിസിപ്പാലിറ്റികളുള്‍പ്പെടെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഐ.എന്‍.എല്‍ പിന്തുണയോടെ ഇടതുപക്ഷം പിടിച്ചെടുത്തു. പക്ഷെ മുന്നണി പ്രവേശമെന്ന ആവശ്യം ചര്‍ച്ചയായപ്പോഴൊക്കെ സി.പി.എം പല ഉടക്കുകള്‍ പറഞ്ഞു. ചില സി.പി.എം നേതാക്കള്‍ ഐ.എന്‍.എല്‍ വര്‍ഗ്ഗീയ കക്ഷിയാണെന്ന് പരസ്യമായി നിലപാടെടുത്തു.
വി.എസ്. അച്ച്യുതാനന്ദനായിരുന്നു അതിന് മുന്നില്‍ നിന്നതും. ഇ.എം.എസും ഇ.കെ നായനാരും ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കാമെന്ന നിലപാടെടുത്തപ്പോള്‍ മറുവിഭാഗം എതിര്‍ത്തു. ഇതോടെ പ്രവര്‍ത്തകര്‍ പതുക്കെ മുസ്ലിം ലീഗിലേക്ക് മടങ്ങിത്തുടങ്ങി.
2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശത്തിന് നീണ്ട 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പ് പാര്‍ട്ടിക്ക് പക്ഷേ വലിയ വില നല്‍കേണ്ടി വന്നു. പ്രവര്‍ത്തകരുടെയും നേതാക്കളില്‍ ചിലരുടെയും കൊഴിഞ്ഞു പോക്കും ലീഗിന്റെ പരിഹാസവുമേറ്റ് പ്രതിസന്ധിയിലായെങ്കിലും ഐ.എന്‍.എല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്നു.തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഐ.എന്‍.എല്ലിന് സി.പി.എം നല്‍കിയ അംഗീകാരത്തെ മുസ്ലിം ലീഗ് ആശങ്കയോടെയാണ് കാണുന്നത്.
സമുദായ മനസ്സിന്റെ ദിശാമാറ്റം വേഗത്തിലാകുമോയെന്ന ആശങ്ക. സമുദായ സംഘടനകള്‍ ആശ്രയിക്കാവുന്ന ഒരു അധികാര കേന്ദ്രമായി ഇനി ഐ.എന്‍.എല്ലിനെ കാണുമെന്നതും ലീഗിനെ ആകുലപ്പെടുത്തുന്നു. ലീഗിന്റെ ഈ ആശങ്കകള്‍ സി.പി.എം സാധ്യതയായി കാണുകയാണ്. ഇതിനെല്ലാം അപ്പുറത്ത് രണ്ടരപ്പതിറ്റാണ്ടു കാലം പുറത്തു നിര്‍ത്തിയിട്ടും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന അംഗീകാരം.
ഒടുവില്‍ 2019 ലാണ് ഐ.എന്‍.എലിനെ എല്‍.ഡി.എഫ് ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാക്കുന്നത്. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് മണ്ഡലം പിടിച്ചെടുത്ത അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാകുന്നതോടെ ഐ.എന്‍.എല്‍ വലിയ പ്രതീക്ഷയിലാണ്.
പാര്‍ട്ടിയുടെ വിപുലീകരണത്തിനും മുന്നോട്ടുപോക്കിനും ഇത് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐ.എന്‍.എല്‍ വൃത്തങ്ങള്‍ ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha























