കുഴല്‍പ്പണമോ? ബി ജെ പി സംസ്ഥാന നേതാക്കളെ പിടിക്കാത്തതെന്തേ?കൃത്യമായ തെളിവില്ലാതെ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യരുതെന്ന നിര്‍ദ്ദേശം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് സൂചന

കൊടകര കുഴല്‍പ്പണ കവര്‍ച്ചകേസില്‍ ബി ജെ പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും സി പി എം പിന്‍മാറിയേക്കും. കൃത്യമായ തെളിവില്ലാതെ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യരുതെന്ന നിര്‍ദ്ദേശം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരുമായി പടപുറപ്പാട് വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്നറിയുന്നു.ഏതാനും മണിക്കൂര്‍ മുമ്പ് മാത്രം അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാര്‍ വിവാദങ്ങളില്‍ തത്കാലം ഭാഗഭാക്കാവില്ല. അതേ സമയം ഡമോക്ലസിന്റെ വാള്‍ പോലെ കുഴല്‍പ്പണകേസ് കൈയില്‍ സൂക്ഷിക്കും.അവസരം കിട്ടുമ്പോള്‍ എടുത്തുപയോഗിക്കാം എന്ന മട്ടില്‍.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ പരാതിക്കാരനായ ധര്‍മരാജന്റെ കര്‍ണാടകത്തിലെ ഹവാല ബന്ധങ്ങള്‍ വിശദമായി പരിശോധിച്ച പോലീസാണ് ചില ഉയര്‍ന്ന ബി ജെ പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത് .
ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ധര്‍മരാജന്റെ ഹവാല റാക്കറ്റില്‍പ്പെട്ട റഷീദാണ് കവര്‍ച്ചാ സംഘത്തിന് വിവരം ചോര്‍ത്തിയതെന്ന് പോലീസ് കണ്ടെത്തി.
കര്‍ണാകത്തിലെ ഹവാല റാക്കറ്റില്‍ നിന്നാണ് മൂന്നരക്കോടി രൂപ ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന് കിട്ടിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത് ചില ബിജെപി നേതാക്കള്‍ക്ക് കൈമാറാനായിരുന്നു നിര്‍ദ്ദേശം. കമ്മീഷന്‍ വ്യവസ്ഥയിലാണ് ധര്‍മരാജന്‍ ഇടനിലക്കാരനായത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍ സംസ്ഥാനത്തെ ചില മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെടുന്നത്. ഈ അടുപ്പമാണ് ഹവാല ഇടപാടിന് ധര്‍മാരാജനെ ചുമതലപ്പെടുത്താന്‍ കാരണമെന്നും പൊലീസ് കരുതുന്നു. മംഗലാപുരം വഴി ഈയടുത്ത കാലത്ത് ധര്‍മരാജന്‍ കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ ഹവാല പണം എത്തിച്ചിട്ടുണ്ടെന്നും പൊലീസ് കരുതുന്നു. ഇതിന് ബി ജെ പി നേതാക്കളുടെ സഹായം കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്.
പ്രതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് സമാനമായ ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. ധര്‍മരാജന്റെ ഹവാല റാക്കറ്റില്‍ നിന്ന് തന്നെയാണ് മൂന്നരക്കോടി രൂപ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന കാര്യം ചോര്‍ന്നതെന്നും തിരിച്ചറിഞ്ഞു. ഈ സംഘത്തിലുണ്ടായിരുന്ന റഷീദാണ് കവര്‍ച്ചാ സംഘത്തെ ഇക്കാര്യം അറിയിച്ചത്. കിട്ടുന്നതിന്റെ പങ്ക് തനിക്കുകൂടി വീതിക്കണമെന്നായിരുന്നു റഷീദിന്റെ ആവശ്യം. ഇതുസംബന്ധിച്ച ടെലിഫോണ്‍ രേഖകളും പൊലീസിന് കിട്ടി.
തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി കള്ളപ്പണം ഒഴുക്കിയിരുന്നുവെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്നും സി പി എം ആക്റ്റിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ ബിജെപി കൊടി വച്ച കാറിലാണ് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ഇഡിയുടെ നിസ്സംഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് വിജയരാഘവന്‍ പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം അന്വേഷിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ബിജെപിക്കെതിരായ ആരോപണം രാഷ്ട്രീയമായെടുത്താല്‍ മതിയെന്നാണ് പോലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.
സംഭവം പ്രമുഖ ബി ജെ പി നേതാക്കളിലേക്ക് തിരിയുമെന്ന് കണ്ടപ്പോഴാണ് ഐ.പി. എസ്. ഉദ്യോഗസ്ഥര്‍ക്ക് മുട്ടുവിറച്ചു തുടങ്ങിയത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റയെ സി ബി ഐ മേധാവിയാക്കാനുള്ള ഫയല്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ്. സി ബി ഐ മേധാവിയുടെ ഒടുവിലത്തെ പട്ടികയില്‍ ബഹ്‌റയുടെ പേരില്ലെന്ന വിവരവും പുറത്തു വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രമുഖ ബി ജെ പി നേതാക്കളെ തൊടേണ്ടതില്ലെന്നാണ് തീരുമാനം. അങ്ങനെ തൊടണമെങ്കില്‍ അത് പ്രാദേശിക നേതാക്കളെ മാത്രമായിരിക്കും.
ചില പ്രാദേശിക നേതാക്കളില്‍ മാത്രം അന്വേഷണം കേന്ദ്രീകരിച്ച് കേസ് പതിയെ ഒതുക്കും.മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.അതിനിടെ കേന്ദ്രസര്‍ക്കാരുമായി ഒരു യുദ്ധത്തിന് ചെല്ലേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കേന്ദ്ര സര്‍ക്കാരിനും ഇതു തന്നെയാണ് സമീപനം.
https://www.facebook.com/Malayalivartha


























