വെറുതേ ശബ്ദമുണ്ടാക്കല്ലേ... സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗായി മാറിയ അറസ്റ്റ് രാംദേവിനെതിരെ വെല്ലുവിളിച്ച് രാംദേവ്; അവരുടെ പിതാക്കന്‍മാര്‍ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല; അറസ്റ്റ് രാംദേവ് എന്നെല്ലാം പറഞ്ഞ് അവര്‍ വെറുതേ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്

രാജ്യത്ത് കോവിഡിന് ശമനം ഉണ്ടാകാതിരിക്കെ ബാബ രാംദേവിന്റെ പ്രസ്താവനകള്‍ വലിയ വിവാദമാണ് ഉണ്ടാക്കുന്നത്. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കോവിഡ് പ്രതിസന്ധിക്കിടെ അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷണക്കണിക്ക് ആളുകളാണ് മരിച്ചതെന്നുമായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന.
ഇതിനുപിന്നാലെ രാംദേവിനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രാംദേവിനെതിരേ 1000 കോടി രൂപയുടെ മാനനഷ്ടത്തിനും ഐഎംഎ നോട്ടീസ് നല്‍കിയിട്ടുണ്ട്.
രാംദേവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അത്സമയം സമൂഹമാധ്യമങ്ങളില്‍ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായതിന് പിന്നാലെ വെല്ലിവിളിയുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്തെത്തി. അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ പിതാക്കന്‍മാര്‍ക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി. വിവാദമായ വെല്ലുവിളിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ അലോപ്പതി, ആധുനിക വൈദ്യശാസ്ത്രത്തിനെതിരേയുള്ള ആരോപണങ്ങള്‍ വലിയ വിവാദമായതിന് പിന്നാലെയാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളി ഉയര്‍ത്തുന്ന രാംദേവിന്റെ വീഡിയോയും പുറത്തുവന്നത്.
അറസ്റ്റ് രാംദേവ് എന്നെല്ലാം പറഞ്ഞ് അവര്‍ വെറുതേ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവരെല്ലാം ട്രെന്റിന് പിന്നാലെയാണെന്നും പരിഹാസത്തോടെ രാംദേവ് വീഡിയോയില്‍ പറയുന്നു.
അതിനിടെ അലോപ്പതി ചികിത്സയെയും ഡോക്ടര്‍മാരെയും താഴ്ത്തിക്കെട്ടുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് യോഗാ ഗുരു ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു. 15 ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ ആവശ്യപ്പെടുമെന്ന് ഐ.എം.എ.യുടെ ഉത്തരാഖണ്ഡ് സെക്രട്ടറി അജയ് ഖന്ന നോട്ടീസില്‍ പറയുന്നു.
അലോപ്പതിയെയും അസോസിയേഷനില്‍ അംഗങ്ങളായ ഡോക്ടര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് രാംദേവിന്റെ പരാമര്‍ശങ്ങള്‍. ക്രിമിനല്‍ കുറ്റമാണ് രാംദേവ് നടത്തിയിട്ടുള്ളത്. 15 ദിവസത്തിനകം മാപ്പ് എഴുതിനല്‍കിയില്ലെങ്കില്‍ ഐ.എം.എ.യിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ എന്ന കണക്കില്‍ 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും നോട്ടീസിലുണ്ട്. രാംദേവ് തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. കോവിഡിനെതിരേ പതഞ്ജലി നിര്‍മിച്ച കൊറോനില്‍ കിറ്റ് ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന പരസ്യം പിന്‍വലിക്കണമെന്നുംനോട്ടീസില്‍ പറയുന്നു.
അലോപ്പതിമരുന്നുകള്‍ കഴിച്ചാണ് ലക്ഷങ്ങള്‍ മരിച്ചതെന്ന് രാംദേവ് പറഞ്ഞിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വിമര്‍ശനങ്ങളെത്തുടര്‍ന്ന് പിന്നീട് ഇതു പിന്‍വലിച്ചു.
ഇതിനിടെ പല വിവാദ പരാമര്‍ശങ്ങളും രാംദേവ് നടത്തിയിരുന്നു. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ് പറഞ്ഞതും ഏറെ ചര്‍ച്ചയായി. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ രാംദേവ് പറഞ്ഞു. രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തുകളയണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. ഇങ്ങനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാകൂ. തന്നെപ്പോലുള്ള അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കേണ്ടതാണെന്നും രാംദേവ് പറഞ്ഞു.
" f
https://www.facebook.com/Malayalivartha


























