ഒന്നുറക്കെ നിലവിളിച്ചെങ്കില്‍... തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ കൈപ്പടിയില്‍ ഒതുക്കാന്‍ യുവനിര; 70 കഴിഞ്ഞവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് യുവനേതാക്കള്‍; തന്നെ ഇരുട്ടില്‍ നിര്‍ത്തി അപമാനിച്ചതില്‍ പരാതിയുമായി ചെന്നിത്തല

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. കെ. സുധാകരനെ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കാന്‍ഡ് ശ്രമിക്കുമ്പോള്‍ അതിനെ തടയിടാനുള്ള ശ്രമത്തിലാണ് യുവനിര.
കോണ്‍ഗ്രസ് പുനഃസംഘടനാ വേളയില്‍ 70 വയസ്സ് കഴിഞ്ഞ നേതാക്കളെയെല്ലാം രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന അഭിപ്രായവുമായി യുവനേതാക്കള്‍ രംഗത്തെത്തി. കേരളത്തിലെ പാര്‍ട്ടിയുടെ തോല്‍വി പഠിക്കുന്ന അശോക് ചവാന്‍ സമിതിക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും മുമ്പാകെയാണ് യുവാക്കളും മധ്യവയസ്‌കരുമായ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുന്‍ മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരുമൊക്കെയായ 70 കഴിഞ്ഞ മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെ വോട്ടര്‍മാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്താന്‍ ബൂത്തുതലത്തിലുള്ള ചുമതലകൂടി നല്‍കണമെന്നാണ് മറ്റൊരാവശ്യം. ഇവരുടെ മാര്‍ഗനിര്‍ദേശം താഴെത്തട്ടില്‍ പാര്‍ട്ടിയെ പരിപോഷിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് എം.പി.മാരും ചവാന്‍ സമിതിയോട് ആവശ്യപ്പെട്ടു.
അതേസമയം, 70 കഴിഞ്ഞവരെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തോ മറ്റു ഭാരവാഹിസ്ഥാനങ്ങളിലോ പരിഗണിക്കരുതെന്ന ആവശ്യം കെ. സുധാകരന്റെ അധ്യക്ഷനായുള്ള രംഗപ്രവേശം തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കെ. സുധാകരനെ അധ്യക്ഷസ്ഥാനത്തു പരിഗണിക്കുകയാണെങ്കില്‍ പി.ടി. തോമസിനെ യു.ഡി.എഫ്. കണ്‍വീനറാക്കുകയെന്ന സംസാരം അണിയറയിലുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷികളെയെല്ലാം ഒന്നിപ്പിക്കാനുള്ള യു.ഡി.എഫ്. കണ്‍വീനര്‍ എന്ന സ്ഥാനം മുതിര്‍ന്ന നേതാവായ കെ. സുധാകരന് പ്രായപരിഗണന കൂടാതെ നല്‍കണമെന്നും പി.ടി. തോമസിനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്നുമാണ് ഈ താത്പര്യമുള്ള നേതാക്കളുടെ ആവശ്യം.
മിക്കസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ദളിത് അധ്യക്ഷന്മാരുണ്ടായിട്ടും കേരളത്തില്‍ മാത്രം ഉണ്ടായിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് ഈ ആവശ്യവുമായി രംഗത്തുള്ളവര്‍ ഉന്നയിക്കുന്നത്. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന തനിക്ക് ഈ അവസരമെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷ് സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചിട്ടുമുണ്ട്.
അതേസമയം ഹൈക്കമാന്‍ഡിനെതിരെ പരാതിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിര്‍ത്തിയുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തല കത്തയച്ചത്. സോണിയാ ഗാന്ധി നേരിട്ട് വിളിച്ച് ചെന്നിത്തലയോട് തീരുമാനം അറിയിക്കുമ്പോഴും തന്റെ പരിഭവം അദ്ദേഹം അറിയിച്ചിരുന്നു.
രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളടക്കം അഞ്ചുതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വിജയമുണ്ടാക്കി കൊടുക്കാന്‍ നേതൃത്വം കൊടുത്തയാളാണ് താന്‍. കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും സ്ഥാനത്തിരുന്നപ്പോള്‍ തന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.
പ്രതിപക്ഷ നേതാവിന്റെതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവെക്കേണ്ടതില്ലെന്ന നിലപാടാണുള്ളത്. പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ തിരിഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണ്.
ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ഒരുമഹാമാരിക്കാലത്ത് ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പരാജയത്തിന്റെ സാമാന്യകാരണമായി വിലയിരുത്താനാകും. മുന്നണി പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചതാണ്.
പൊരുതിത്തോറ്റഘട്ടത്തില്‍ അതിന് നേതൃത്വം കൊടുത്തവര്‍ മാറിനില്‍ക്കുന്നത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്ന് മറ്റുനേതാക്കള്‍ പറഞ്ഞു.പാര്‍ട്ടിയില്‍ എല്ലാവരും പ്രതിപക്ഷസ്ഥാനത്ത് താന്‍ തുടരണമെന്ന ആഗ്രഹം പങ്കുവെച്ചതുകൊണ്ടാണ്, മാറിനില്‍ക്കണ്ട എന്ന നിലപാടില്‍ താനുമെത്തിയത്. എന്നാല്‍, മറിച്ചൊരു തീരുമാനമാണ് ഹൈക്കമാന്‍ഡില്‍ നിന്നുണ്ടായത്. ശരിക്കും വേദനയുണ്ട്...
"
https://www.facebook.com/Malayalivartha


























