മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളുടെ വീടുകളിലെത്തിക്കണം: ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിലനില്‍ക്കവേ സർക്കാർ പുറപ്പെടുവിച്ച ഈ ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്ന ആശങ്കയില്‍ അധ്യാപകര്‍......

ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കോവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. ഒന്നാം ക്ളാസുകാരെ സ്വാഗതം ചെയ്‌തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം.
മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ എ.ഇ.ഒ. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം. പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് അച്ചടിച്ച സന്ദേശം കുട്ടികളുടെ വീട്ടില്‍ നേരിട്ട് എത്തിക്കുന്നതെന്ന ചോദ്യവും അധ്യാപകരുടെ ഭാഗത്തുനിന്ന് ഉയരുന്നു
ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് ഇങ്ങനെയൊരു വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പായി കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശ കാർഡ് അധ്യാപകർ വാർഡ് മെമ്പറുടെ സഹകരണത്തോടെ കുട്ടികൾക്ക് നേരിട്ടെത്തിച്ചു കൊടുക്കണമെന്നാണ് നിർദ്ദേശം. കെ ബി പി എസ് ൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ആഫീസുകളിൽ എത്തിച്ച സന്ദേശ കാർഡുകൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പ്രധാനധ്യാപകർ നേരിട്ടെത്തി കൈപ്പറ്റണമെന്നും ഉത്തരവിൽ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങൾ ഇത്രയധികം പ്രചാരമുള്ള കാലത്ത് കാർഡുകൾ നേരിട്ടെത്തിക്കുകയെന്നതിൻ്റെ യുക്തി മനസ്സിലാവുന്നില്ല. ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിലനില്‍ക്കവേയാണ് നിര്‍ദേശം. സംസ്ഥാനത്ത് ലോക് ഡൗൺ നിലനിൽക്കുമ്പോൾ പിടിഎ, എസ് എം സി , അധ്യാപകർ, സന്നദ്ധ പ്രവർത്തകർ , വാർഡ് മെമ്പർ എന്നിവരടങ്ങുന്ന പരിവാരം കാർഡുകളുമായി വീട് വീടാന്തരം കയറിയിറങ്ങുന്നത് കോവിഡ് വ്യാപനത്തിൻ്റെ തോത് വർദ്ധിപ്പിക്കും.
ഭൂരിഭാഗം അധ്യാപകരും കോവിഡ് ഡ്യൂട്ടിയിലാണ്. ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിനായുള്ള ക്രമീകരണങ്ങൾ നടത്തുന്ന തിരക്കിലുമാണ് അധ്യാപകർ. കൂടാതെ പലരും അഡ്മിഷനുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്നു. ഇതിനിടയിൽ പാഠപുസ്തവിതരണം, യൂണിഫോം വിതരണം, ഭക്ഷ്യ കിറ്റ് വിതരണം എന്നിവയും പല സ്ക്കൂളിലും തകൃതിയായി നടക്കുന്നുണ്ട്
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഈ സമയത്ത് തങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെ സർക്കാർ പുറപ്പെടുവിച്ച ഈ ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്ന വിഷമവൃത്തത്തിലാണ് അധ്യാപകർ
https://www.facebook.com/Malayalivartha



























