വിളപ്പില്‍ശാലയില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി; മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ഉന്നയിച്ച് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ച ഭരണപ്രതിപക്ഷ പോരിലവസാനിച്ചു. വിളപ്പില്‍ശാലയില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ ആവര്‍ത്തിച്ചു.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലുകള്‍ അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും, പരിഹാര നിര്‍ദ്ദേശങ്ങളേക്കാള്‍ രാഷ്ട്രീയ പോരിലേക്കാണ് ചര്‍ച്ച വഴിമാറിയത്.
വിളപ്പില്‍ശാലയില്‍ മാത്രമല്ല സംസ്ഥാനത്തെ ആരോഗ്യ മേഖലയാകെ 'വെന്റിലേറ്ററിലാണെന്ന' കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒടുവില്‍ മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വിളപ്പില്‍ശാലയിലെ സംഭവം മുതല്‍ കോഴിക്കോട് ഹര്‍ഷിനയുടെ ദുരനുഭവം, പാലക്കാട് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒന്‍പതുവയസ്സുകാരന്‍, മാനന്തവാടിയില്‍ സിസേറിയനിടെ വയറ്റില്‍ തുണി വെച്ച് തുന്നിക്കെട്ടിയ സംഭവം തുടങ്ങി സര്‍ക്കാര്‍ ആശുപത്രികളില്‍ അടുത്തിടെയുണ്ടായ ഗുരുതര വീഴ്ചകളെല്ലാം അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.എസ്.എ.ടി ആശുപത്രിയിലെ അണുബാധയും മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവുകളും ചൂണ്ടിക്കാട്ടി, പൊതുജനാരോഗ്യ മേഖല തകര്‍ന്നു തരിപ്പണമായെന്ന് അവര്‍ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വ്യക്തിപരമായ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത് സഭയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചു. യു.ഡി.എഫ് ഭരണകാലത്ത് ആരോഗ്യ മന്ത്രിയുടെ ആസ്തി വര്‍ധിച്ചതല്ലാതെ ആരോഗ്യ മേഖലയില്‍ എന്ത് പുരോഗതിയാണുണ്ടായതെന്ന മന്ത്രിയുടെ പരിഹാസം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഭയില്‍ നടന്ന 18ാമത്തെ അടിയന്തര പ്രമേയ ചര്‍ച്ചയാണിതെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍, ചര്‍ച്ച നടന്ന രീതി ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ വിരസമാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























