എന്റെ പ്രിയ കൂട്ടുകാരന്‍ സേതു... കോളേജില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതല്‍ തന്റെ ഹൃദയത്തില്‍ കൂടുകൂട്ടിയ കൂട്ടുകാരന്‍; മുസാഫിറിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം ദൂരദര്‍ശനിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് പദവിയിലുള്ള സേതുമാധവന്‍ മച്ചാട് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. 34 വര്‍ഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തില്‍ നിന്നുമാണ് സേതു എന്ന തന്റെ പ്രിയ സുഹൃത്ത് പടിയിറങ്ങുന്നത്.
ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതല്‍ തന്റെ ഹൃദയത്തില്‍ കൂടുകൂട്ടിയ കൂട്ടുകാരില്‍ ഏറ്റവും പ്രിയപ്പെട്ടയാളാണ് സേതു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ ചങ്ങാതി സേതു ദൂരദര്‍ശനില്‍ നിന്ന് വിരമിക്കുന്നു
കുടപ്പനക്കുന്നില്‍ നിന്നുള്ള പടിയിറക്കം, സര്‍ഗജീവിതം കൂടുതല്‍ സാര്‍ഥകമാകാന്‍ ഉപകരിക്കട്ടെ...
ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ഥികളായിരുന്ന സേതുമാധവന്‍ മച്ചാട്, നാരായണ പ്രസാദ് എന്നിവര്‍, എന്റെ വള്ളുവനാടന്‍ മാധ്യമപ്രവര്‍ത്തനജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കൂട്ടുകാരില്‍ പ്രിയപ്പെട്ടവരാണ്. ഇരുവരുമായും ഇഴ ചേര്‍ക്കപ്പെട്ട ബന്ധം, വര്‍ഷങ്ങള്‍ക്കു ശേഷവും തുടര്‍ന്ന് പോരുന്നു.
പ്രസാദ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തു. തിരുവനന്തപുരം ദൂരദര്‍ശനിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് പദവിയിലുള്ള സേതു 34 വര്‍ഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് വിരമിക്കുന്നു. ഇണങ്ങാത്ത കണ്ണികള്‍, ഊഞ്ഞാല്‍, നിറമുള്ള നിഴലുകള്‍, അവകാശികള്‍... ഇവയൊക്കെ വായിച്ച് ത്രില്ലടിച്ച് നോവലിസ്റ്റ് വിലാസിനിയെ ഏറെ ഇഷ്ടപ്പെട്ട അക്കാലത്ത്, വടക്കാഞ്ചേരിക്കാരനായ മൂര്‍ക്കനാട്ട് കൃഷ്ണന്‍കുട്ടി മേനോന്‍ (എം.കെ. മേനോന്‍) എന്ന യഥാര്‍ഥ പേരുകാരനായ വിലാസിനി, സേതുവിന്റെ അടുത്ത ബന്ധു കൂടിയായിരുന്നുവെന്ന വിവരം ഞങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍, സ്‌നേഹസാന്ദ്രമായൊരു സര്‍ഗപാത കൂടി വെട്ടിത്തുറക്കാനൊരു നിമിത്തമായി.
സേതുവിന്റെയും പ്രസാദിന്റേയും അമ്മമാര്‍ വിളമ്പിത്തന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാക്കിലുണ്ട്. കോളേജ് കഴിഞ്ഞ് ദൂരദര്‍ശനിലെത്തിയ സേതുവിന്റെ താല്‍പര്യപ്രകാരം, മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ലഭിച്ച മലപ്പുറം എടക്കരയിലെ ആവിയില്‍ ജോസഫിനെ അഭിമുഖം നടത്താനുള്ള അസൈന്‍മെന്റ്, ഗള്‍ഫില്‍ നിന്ന് അവധിയില്‍ നാട്ടിലെത്തിയ എന്നെയാണ് ഏല്‍പിച്ചത്.
കാര്‍ഷിക വിഭാഗം കൈകാര്യം ചെയ്തിരുന്ന സാജന്റെ നേതൃത്വത്തിലുള്ള ദൂരദര്‍ശന്‍ ടീമിനോടൊപ്പമുള്ള ആ ഏറനാടന്‍ യാത്ര അവിസ്മരണീയം. പിന്നീട് ദൂരദര്‍ശനില്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയേയും അക്ബര്‍ കക്കട്ടിലിനേയും അഭിമുഖം നടത്താനുള്ള അവസരവും സേതു എനിക്ക് ഒരുക്കിത്തന്നു. പുറമെ, രണ്ടു വര്‍ഷം മുമ്പ് സുദിനം എന്ന പ്രോഗ്രാമില്‍ എന്നെയും കുടുംബത്തേയും അവതരിപ്പിക്കുകയും ചെയ്തു.
വാര്‍ത്തകളുടെ ലോകത്ത് ജീവിക്കുമ്പോഴും സര്‍ഗാത്മക മാധ്യമ പ്രവര്‍ത്തനത്തിന് വായന, എഴുത്ത്, ഗവേഷണം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി, സേതു. മഹാകവി കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെയാണ് സേതുവിന്റെ ദൂരദര്‍ശനിലെ സര്‍ഗജീവിതത്തിന്റെ തുടക്കം.
തുടര്‍ന്ന് സോപാനസംഗീതജ്ഞനായ ഞെരളത്തു രാമപ്പൊതുവളുടെ കലാജീവിതം ടെലിവിഷന്‍ ഫീച്ചറായി നിര്‍മ്മിച്ചു. വള്ളുവനാട്ടിലെ പൂരങ്ങള്‍, തോല്‍പ്പാവക്കൂത്ത്, ചുമര്‍ച്ചിത്രകല എന്നിവയെ ആധാരമാക്കി സംവിധാനം ചെയ്ത ഡോക്യൂമെന്ററികളും ശ്രദ്ധേയമായി. കെ. കേളപ്പന്‍, കോട്ടക്കല്‍ വൈദ്യരത്‌നം പി. കെ വാരിയര്‍, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, ഗുരു നിത്യചൈതന്യ യതി എന്നിവരെക്കുറിച്ചുള്ള ഡോക്യൂമെന്ററികളും, ബിനാലെയുടെ കലാചരിത്രവും കടവല്ലൂര്‍ അന്യോന്യം, രേവതി പട്ടത്താനം, അഗ്‌നി എന്ന അതിരാത്രം തുടങ്ങിയ സാംസ്‌കാരിക ചിത്രങ്ങളും സേതു സംവിധാനം ചെയ്തവയാണ്.
ഇതില്‍ അഗ്‌നി യുടെ നിര്‍മാണത്തില്‍ ഈയിടെ വിരമിച്ച സഹപ്രവര്‍ത്തകനായ ശ്രീകുമാര്‍ കക്കാടും പങ്കെടുത്തു. ചായക്കൂട്ട് , സുദിനം എന്നീ ദൂരദര്‍ശന്‍ ചാറ്റ് ഷോകളുടെ അമരക്കാരില്‍ ഒരാള്‍ സേതുവായിരുന്നു. എം. ടി, വി. കെ. എന്‍, മാധവിക്കുട്ടി, വിലാസിനി, ടി. പദ്മനാഭന്‍, പെരുമ്പടവം, മേതില്‍ രാധാകൃഷ്ണന്‍, ആഷാ മേനോന്‍, എം. കെ രാമചന്ദ്രന്‍ എന്നിങ്ങനെ പ്രശസ്തരായ നിരവധി പ്രതിഭകളെ ദൂരദര്‍ശന്റെ മിനിസ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് അസുലഭാവസരമായി സേതു ഓര്‍മിക്കുന്നു.
ശ്യാമപ്രസാദ് ഒരുക്കിയ ഇ. വി. ശ്രീധരന്റെ 450 രൂപയുടെ കളി എന്ന പ്രശസ്ത കഥയുടെ ടെലിവിഷന്‍ രൂപാന്തരം ; നിറമില്ലാത്ത ചിത്രങ്ങള്‍ ; എന്ന പേരില്‍ തിരക്കഥയാക്കിയത് സേതുവാണ്. ദൂരദര്‍ശന്റെ പ്രശസ്തമായ കഥാസരിത് എന്ന പരമ്പരയില്‍ രാജലക്ഷ്മിയുടെ ആദ്യകഥ മകള്‍ ;( സംവിധാനം കണ്ണന്‍ ), ടി. പദ്മനാഭന്റെരാമേട്ടന്‍ ( സംവിധാനം. കെ. ആനന്ദവര്‍മ) എന്നിവയുടെ തിരക്കഥയും സേതുവാണ് എഴുതിയത്. സേതുവിന്റെ മകള്‍ തിരക്കഥ പിന്നീട് കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സ് പുസ്തകമായി പ്രസിദ്ധീകരിച്ചു. ഓര്‍മ എഴുതിയ ദേശം, പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി ( ഹൈക്കു കവിതകള്‍ ) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്.
ചുമര്‍ചിത്രകലയെ ആധാരമാക്കി നിര്‍മിച്ച HARMONY OF HUES എന്ന ഡോക്യൂമെന്ററി ദൂരദര്‍ശന്റെ ദേശീയ പുരസ്‌കാരം നേടി. കൊച്ചി വരാപ്പുഴയിലെ പോര്‍ച്ചുഗീസ് പിന്തുടര്‍ച്ചക്കാരായ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ISLAND OF HARMONY DD ഭാരതിയിലും സാര്‍ക് രാജ്യങ്ങളിലെ ദേശീയ ടെലിവിഷനുകളിലും പ്രദര്‍ശിപ്പിച്ചു. കലാമണ്ഡലം ഗോപി, മഹാകവി അക്കിത്തം, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരുമായുള്ള സുദീര്‍ഘമായ അഭിമുഖങ്ങള്‍ ( വാങ്മയം ) ഗുരു നിത്യചൈതന്യ യതിയുമായി നിര്‍വഹിച്ച മുഖാമുഖം എന്നിവയും സേതുവിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ ചിത്രങ്ങളാണ്.
കലാമണ്ഡലം ഗോപിയാശാനും മാര്‍ഗി വിജയകുമാറും ഉള്‍പ്പടെയുള്ള മേജര്‍ സെറ്റിനെ ഉള്‍പ്പെടുത്തി പാലക്കാട് അഹല്യ പൈതൃക ഗ്രാമത്തിലെ ആംഫി തിയറ്ററില്‍ വെച്ച് സേതുവും ടീമും ആലേഖനം ചെയ്ത നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദുര്യോധന വധം കഥകളിയും പ്രകൃതിയുടെ മടിത്തട്ടില്‍ റെക്കോര്‍ഡ് ചെയ്ത നര്‍ത്തകിമാരായ നീന പ്രസാദ്, മേതില്‍ ദേവിക, വിനീത നെടുങ്ങാടി, അനുപമ മോഹന്‍, രാജശ്രീ വാരിയര്‍ എന്നിവരുടെ നൃത്ത ശില്പങ്ങള്‍ ദൂരദര്‍ശന്‍ ദേശീയ ശൃംഖലയിലും ഡിഡി ഭാരതിയിലും സംപ്രേഷണം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.
ദൂരദര്‍ശനിലെ സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവുകളായ ലതാമണിയും കെ. എസ്. രാജശേഖരനും ഇതോടൊപ്പം സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. ബൈജു ചന്ദ്രന്‍ , ജി. സാജന്‍, എം എ. ദിലീപ്, ജോണ്‍ സാമൂവല്‍, അന്‍വര്‍, സി കെ തോമസ്, ഡി. രാജന്‍, ഗീത, ശ്രീകുമാര്‍, സേതു, കണ്ണന്‍, ആനന്ദ വര്‍മ, ഹരികുമാര്‍, രാജേന്ദ്രന്‍, രാജശേഖരന്‍, ലതാമണി, ദേവകുമാര്‍ തുടങ്ങിയ ആദ്യകാല സഹപ്രവര്‍ത്തകര്‍ പടിയിറങ്ങുമ്പോള്‍ 1985 ല്‍ തുടക്കം കുറിച്ച തിരുവനന്തപുരം ദൂരദര്‍ശന്റെ സമ്പന്നമായൊരു തലമുറയാണ് പടിയിറങ്ങുന്നത്. പ്രിയപ്പെട്ട സേതുവിനും മിനിയ്ക്കും മക്കളായ നിത്യന്‍, ആദിത്യന്‍, മരുമകള്‍ അനുപമ എന്നിവര്‍ക്കും എല്ലാവിധ ഭാവുകങ്ങളും
https://www.facebook.com/Malayalivartha
























