കാട്ടാനകള്‍ മൂന്നാറില്‍ അധികാരം പിടിച്ചു പടയപ്പ മുഖ്യന്‍... കൊമ്പന്‍മീശയുള്ള വീരപ്പന്‍ ചന്ദനക്കാടുകളുടെ അധിപനായിരുന്നെങ്കില്‍ മൂന്നാറിലെ മുതലാളിമാരായി വാഴുകയാണ് ഒരു നിര കൊമ്പനാനകള്‍

കൊമ്പന്‍മീശയുള്ള വീരപ്പന്‍ ചന്ദനക്കാടുകളുടെ അധിപനായിരുന്നെങ്കില്‍ മൂന്നാറിലെ മുതലാളിമാരായി വാഴുകയാണ് ഒരു നിര കൊമ്പനാനകള്‍. ലോക്ക് ഡൗണ്‍ വന്നതോടെ മൂന്നാര്‍ ടൗണിലെ കടകമ്പോളങ്ങള്‍ കൊള്ളയടിക്കുകയാണ് പേരെടുത്തതും പേരില്ലാത്തവരുമായ കാട്ടുകൊമ്പന്‍മാര്‍.
പടയപ്പ, ചില്ലിക്കൊമ്പന്‍, മുറിവാലന്‍, ഫോര്‍ ജി, ചക്കക്കൊമ്പന്‍, ഗണേശന്‍, അരിക്കൊമ്പന്‍ എന്നിങ്ങനെ 16 കൊമ്പന്‍മാരുടെ നിയന്ത്രണത്തിലാണ് മൂന്നാര്‍, രാജമല, ചിന്നാര്‍ പ്രദേങ്ങള്‍. ഇതിനു പുറമെ കുട്ടിയാനകള്‍ ഉള്‍പ്പെടെ ആനക്കൂട്ടം അപ്പാടെ എത്തി മൂന്നാര്‍ മേഖലയില്‍ കൊള്ളയടി പതിവാക്കിയിരിക്കുന്നു.
പട്ടാപ്പകല്‍ റോഡിനു നടുവില്‍ നിലയുറപ്പിക്കുക മാത്രമല്ല രാത്രി കാടിറങ്ങി വന്ന് കടകളും കമ്പോളങ്ങളും അപ്പാടെ കൊള്ളയടിച്ചു മടങ്ങുകയാണ് ഈ കാട്ടാനകള്‍. വയര്‍ നിറച്ചശേഷം പഴക്കുലകള്‍ അപ്പാടെ തുമ്പിക്കൈയില്‍ കരുതല്‍ ഭക്ഷണമാക്കി മടങ്ങാനും ഇവര്‍ വിദഗ്ധരാണ്. ഇനിയുള്ള മഴക്കാലം രാവും പകലും ആനകളുടെ ആധിപത്യത്തിലാകും മൂന്നാര്‍ എന്നതാണ് സാഹചര്യം.
കോവിഡില്‍ ജനം നാട്ടിലും തീറ്റയില്ലാതെ ആന കാട്ടിലും പട്ടിണിയിലായിരിക്കെ അരിയും പഞ്ചസാരയും പഴവും പാലുമൊക്കെ നാട്ടിലെത്തി തിന്നുമുടിക്കുകയാണ് ഈ കൊള്ളസംഘം. മൂന്നാര്‍ മറയൂര്‍ റൂട്ടിലെ തലയാര്‍ മുതല്‍ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശം ഒറ്റയാന്‍മാരും സംഘങ്ങളുമൊക്കെ കൈയാളുകയാണ്. ചില കുന്നുകളും കാടുകളും ഒറ്റയാന്‍മാര്‍ പതിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു.
ആറും മാസം നാട്ടിലും ആറു മാസം കാട്ടിലും എന്ന മട്ടില്‍ ഇടയ്ക്കിടെ മൂന്നാര്‍ ടൗണിലെത്തി കടകളില്‍ നിന്ന് ഇഷ്ടഭക്ഷണം കഴിച്ച് നഗരത്തിലും നദിയിലും പുല്‍മേട്ടിലും വിലസുകയാണ് പടയപ്പ എന്ന പേരെടുത്ത കൊമ്പന്‍. കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയ കാട്ടാന ചില കടകളില്‍ അവശേഷിച്ചിരുന്ന പഴങ്ങള്‍ അപ്പാടെ തിന്ന് കടകള്‍ അടിച്ചുതകര്‍ത്തു.
ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങി ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷ നേരംകൊണ്ടാണ് അകത്താക്കിയത്.
തേയിലക്കാടുകളില്‍ അതിരിടുന്ന മൂന്നാര്‍ കുന്നുകളിലൂടെ പതുങ്ങിയെത്തി കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചിരുന്ന ചില്ലിക്കൊമ്പനും ഹോസ് കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കൊമ്പനും കൊള്ളയടിയില്‍ ഏറെ മുന്നിലായിരുന്നു. മുറിവാലന്‍ എന്നറിയപ്പെടുന്ന കൊമ്പന്‍ ചിന്നക്കനാല്‍, പന്നിയാര്‍ മേഖലയിലെ കൊടുംകുറ്റവാളിയാണ്. ഏഴു പേരെ കൊല കൊയ്ത ക്രൂരനെ കാട്ടിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. വേനല്‍ കനക്കുന്നതോടെ ജനവാസ മേഖലയില്‍ എത്തിയാല്‍ ജനങ്ങളുടെ പേടിസ്വപ്നമാണ് മുറിവാലന്‍.
ഫോര്‍ ജി എന്നറിയപ്പെടുന്ന കൊമ്പന്‍ കമ്പിവേലികള്‍ തകര്‍ത്ത് കൃഷി നശിപ്പിക്കുന്നതിലും മൂന്നാറില്‍ കടകള്‍ കൊള്ളയടിക്കുന്നതിലും മറ്റൊരുകേമനാണ്. ബുദ്ധി കൂര്‍മത കണ്ട് ഒരു കാട്ടുകൊമ്പനു നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണ് ഫോര്‍ ജി. കൃഷിയിടങ്ങള്‍ക്ക് ചുറ്റും സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ തന്ത്രപരമായി തകര്‍ത്ത് അകത്ത് ഇവന്‍ അകത്തുകടക്കും.
വൈദ്യുതി വേലികള്‍ ഷോക്കടിപ്പിക്കും എന്ന തിരിച്ചറിവുള്ള സമീപത്തെ ഗ്രാന്‍ഡിസ് മരം പിഴുത് വേലിയുടെ മുകളില്‍ കുറുകെ ഇട്ട ശേഷം കമ്പിയില്‍ തൊടാതെ മരത്തില്‍ ചവിട്ടിയാണ് അകത്ത് കടക്കുക. മാട്ടുപ്പെട്ടി, മൂന്നാര്‍, നല്ലതണ്ണി പ്രദേശങ്ങളില്‍ വിഹരിക്കുന്ന മണികണ്ഠന്‍ ഏറെ പ്രശ്നക്കാരനല്ല. മണികണ്ഠന്‍ ഇടയ്ക്കിടെ നാട്ടിലെത്തുന്നത് ഇഷ്ട ഭക്ഷണമായ വാഴ തേടിയാണ്. വാഴയില്‍ നിന്നു വാഴക്കുല മാത്രം ഒടിച്ചു നാടുവിടുന്ന ഇവന്‍ മണികണ്ഠന്‍ ആരെയും ഉപദ്രവിച്ച ചരിത്രമില്ല.
രാജമല കുന്നുകളില്‍ ദേഹമാസകം പൂഴിമണ്ണ് തൂകി നില്‍കുന്ന മണ്ണാശാന്‍ എന്ന കൊമ്പനും മൂന്നാറിലെ വാഴ്ചക്കാരില്‍ ഒരാളാണ്. 25 വയസ് പ്രായം വരുന്ന അരിക്കൊമ്പന്‍ എന്ന ഭീകന്‍ നിരവധി പേരെ കൊന്നിട്ടുണ്ട്. മൂന്നാറിലും ആനയിറങ്കലിലുമൊക്കെയായി വിഹരിക്കുന്ന ഈ കൊമ്പന്‍ എത്തിയാല്‍ നാട്ടുകാര്‍ മാറിനില്‍ക്കുകയേയുള്ളു.
അരി തിന്നാന്‍ വീടുകളുടെ അടുക്കള വാതില്‍ കുത്തിപ്പൊളിക്കുന്നതും പലചരക്കു കടകളുടെ ഷട്ടര്‍ തകര്‍ക്കുന്നതും പതിവാണ്. അരിക്കൊമ്പനെ തളയ്ക്കാന്‍ വനം വകുപ്പ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ ഇതു വരെ ഇവനെ തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തയിടെ അരി കൊമ്പനെ മയക്കു വെടി വച്ച് തളയ്ക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മറയൂര്‍ ചില്ലിക്കൊമ്പനും ആകെ അക്രമകാരിയാണ്. ജന്മനാ തന്നെ ഒരു കൊമ്പിന് വലുപ്പം കുറവുള്ള ഈ കാട്ടാന ഒറ്റയാനാണ്.
അടുത്തയിടെ അര്‍ധരാത്രി മറയൂര്‍ പെട്രോള്‍ പമ്പിന് സമീപം എത്തി ചില്ലിക്കൊമ്പന്‍ കട തകര്‍ക്കുകയും ഉള്ളില്‍ കിടന്നുറങ്ങിയിരുന്നയാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ചക്ക തിന്നാന്‍ വേണ്ടി മാത്രം പുരയിടങ്ങളില്‍ കയറി ഇറങ്ങുന്ന ഒരു ഒറ്റയാന്‍ ആണ് ചക്ക കൊമ്പന്‍. കൃഷി നശിപ്പിക്കുന്ന കാര്യത്തില്‍ മൂന്നാറിലെ ചക്ക കൊമ്പന്‍ വമ്പന്‍ തന്നെ. വലിയ പ്ലാവുകള്‍ വരെ കുത്തി മറിച്ചിട്ട് ചക്ക പറിച്ച് തിന്നും ഈ ചക്ക കൊതിയന്‍. പഴുത്ത ചക്ക തന്നെ വേണം എന്നില്ല ഇവന്. മൂപ്പെത്താത്ത ചക്കയ പറിച്ചു തിന്നും. ഇവനെ പേടിച്ച് പ്ലാവുകളില്‍ വിരിഞ്ഞു വരുന്ന ചക്ക വെട്ടി കളയുകയാണ് നാട്ടുകാര്‍ ചെയ്യുന്നത്. കാരണം ചക്ക തേടി വരുന്ന കൊമ്പന്‍ മറ്റ് വിളകളും ചവിട്ടി നശിപ്പിക്കും. തരം കിട്ടിയാല്‍ വീടുകളുടെ ഭിത്തിയിലും ഒന്നു കുത്തി കൊമ്പിന്റെ ബലം പരീക്ഷിക്കും.
പടയപ്പ കഴിഞ്ഞാല്‍ തലയെടുപ്പില്‍ മുന്‍പന്തിയിലുള്ള ഗണേശന്‍ എന്ന കൊമ്പനും അറിയപ്പെടുന്ന കൊലയാളിയാണ്. തോട്ടം തൊഴിലാളികളുടെ അടുക്കള തോട്ടങ്ങളില്‍ കടന്നുകയറി തുമ്പിക്കൈ കൊണ്ട് കാരറ്റ് പിഴുത ശേഷം ഒരു കാല്‍ ഉയര്‍ത്തി അതില്‍ അടിച്ച്, മണ്ണ് കളഞ്ഞ് ആണ് ശാപ്പാട്. തണ്ട് പറിച്ച കുഴിയില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്യും. ഒരടി നീളമുള്ള ഹോസ് കൊമ്പില്‍ കുരുങ്ങിയിരിക്കുന്നതിനാല്‍ ഹോസ് കൊമ്പന്‍ എന്നും വിളിപ്പേരുള്ള കൊമ്പനും മൂന്നാറിലുണ്ട്.
കൊമ്പില്‍ കുരുങ്ങിയത് പിവിസി പൈപ്പ് ആയതിനാല്‍ കൊമ്പ് വളരുന്നതിന് അനുസരിച്ച് വികസിക്കുന്ന പൈപ്പ് ഇന്നും ഇവന്റെ കൊമ്പിന് അലങ്കാരമായി അവിടെ തന്നെ ഉണ്ട്. കഴിഞ്ഞ ദിവസം മൂന്നാറില്‍ കൂട്ടമായി എത്തിയ കാട്ടാന പലചരക്കുകടയുടെ വാതില്‍ തകര്‍ത്ത് കാട്ടാനകള്‍ സാധനങ്ങള്‍ തിന്നു തീര്‍ത്താണ് കാടുകയറിപ്പോയത്. കുട്ടിയാന ഉള്‍പ്പെട്ട സംഘം അരി, മൈദ, പഞ്ചസാര, ശര്‍ക്കര, പഴം, ഉപ്പ്, തേങ്ങ തുടങ്ങിയവയെല്ലാം തിന്നു തീര്‍ത്ത് രാവിലെ അഞ്ചോടെയാണ് ആനകള്‍ മടങ്ങിയത്. അറുപതിനായിരം രൂപയുടെ സാധനങ്ങളാണ് ആന ശാപ്പിട്ടുമടങ്ങിയത്.
"
https://www.facebook.com/Malayalivartha
























