സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കാര്യത്തിൽ ഒടുവിൽ തീരുമാനം:ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ്
സ്വർണക്കടത്ത് കേസിൽ അതിവേഗ നടപടിയുമായി കസ്റ്റംസ്. ഒടുവിൽ പ്രതികളുടെ കാര്യത്തിൽ ഒരു തീരുമാനമായി.ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനം എടുത്തിരിക്കുകയാണ്.
യുഎഇ കോൺസൽ ജനറലിന് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നൽകിയത്.കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വർണം പിടിച്ചതിന് പിന്നാലെ ഗൾഫിലേക്ക് കടന്നിരുന്നു.
ജൂൺ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതിൽ പതിനാലരകോടി രൂപയുടെ സ്വർണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോൺസൽ ജനറലിന്റെ പേരിൽ വന്ന നയതന്ത്ര ബാഗാണ്. അതിനാൽ തന്നെ ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷയും കോൺസുൽ ജനറലും കസ്റ്റംസിന്റെ മേൽ സമ്മർദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.കേസ് രജിസ്റ്റർ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു.
നയതന്ത്ര ബാഗുവഴി വരുന്ന സ്വർണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവർക്കും എതിരെ മൊഴി നൽകുകയും ചെയ്തിരുന്നു.ഇരുവർക്കുമുള്ള നയതന്ത്ര പരിരഷയും യുഎഇ സർക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസർക്കാരിന്റെ അനുമതിയ്ക്കായി കാത്തുനിൽക്കുകയായിരുന്നു.
അതേ സമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആരോപണങ്ങൾ തള്ളി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പോയിരുന്നു. ഇ.ഡിക്ക് രഹസ്യ അജൻഡയുണ്ടെന്നും ഇ.ഡിയുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു .
https://www.facebook.com/Malayalivartha


























