തോല്‍പ്പിക്കാനാവില്ല മക്കളേ... എല്ലാവരും ഒറ്റക്കെട്ടായി ജോസ് കെ മാണിയെ പാലയില്‍ തോല്‍പ്പിച്ചിട്ടും ജയിച്ച് കയറുന്നു; ജോസ് കെ മാണിയെ ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനാക്കും; മറ്റൊരു സുപ്രധാന പദവിയും പരിഗണനയില്‍; അന്തം വിട്ട് പിജെ ജോസഫും കൂട്ടരും
യുഡിഎഫ് വിട്ടുപോയ ജോസ് കെ മാണിയെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. അതവര് നിറവേറ്റുകയും ചെയ്തു. എന്നാല്‍ ഭരണ തുടര്‍ച്ച നേടാന്‍ സഹായിച്ച ജോസ് കെ മാണിയെ അത്രവേഗം തള്ളിക്കളയാന്‍ സിപിഎം തയ്യാറല്ല.
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷന് ചെയര്‍മാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നല്കിയാല് ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് സി പി എം നേതാക്കളുമായി ജോസ് കെ മാണി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയെന്ന് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പതിനയ്യായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ട ജോസിന് ക്യാബിനറ്റ് റാങ്കുള്ള പദവി നല്‍കാമെന്ന് സി പി എം ഉറപ്പുനല്‍കിയിരുന്നതായാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് രൂപീകരിച്ചതാണ് ഭരണപരിഷ്കാര കമ്മിഷന്.
31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയും ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് ലഭിക്കും. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ജോസിനെ സജീവമായി നിര്‍ത്തി മദ്ധ്യതിരുവിതാംകൂറിലെ യു ഡി എഫ് കോട്ടകളില്‍ വിളളല്‍ വീഴ്ത്തുകയാണ് സി പി എം ലക്ഷ്യം.
ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷ പദവി നല്‍കിയില്ലെങ്കില്‍ കാര്‍ഷിക കമ്മിഷന് രൂപീകരിച്ച് അദ്ധ്യക്ഷ പദവി നല്കുന്ന കാര്യവും സി പി എമ്മിന്റെ ആലോചനയിലുണ്ട്.
എന്നാല്‍ പുതുതായി കാര്‍ഷിക കമ്മിഷന് രൂപീകരിക്കുന്നത് വിവാദത്തിന് ഇടയാക്കുമോയെന്ന് സി പി എമ്മിന് ആശങ്കയുമുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അദ്ധ്യക്ഷന്‍ ക്യാബിനറ്റ് റാങ്കില്ല. കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സി പി ഐയുടെ പക്കലുള്ള കൃഷിവകുപ്പിന് കീഴില്‍ കാര്‍ഷിക കമ്മിഷന് വരുമെന്നതാണ് സി പി എമ്മിനെ കുഴയ്ക്കുന്ന മറ്റൊരു കാര്യം.
അതേസമയം പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നതായി ജോസ് കെ. മാണി നേരേ ചൊവ്വേ പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. ജയിക്കുന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മല്‍സരിക്കണമെന്നത്, താനെടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിത മണ്ഡലം തേടാന്‍ അടുപ്പമുള്ളവര്‍ ഉപദേശിച്ചിരുന്നതായും ജോസ് കെ. മാണി പറഞ്ഞു.
പാലാ മണ്ഡലം തനിക്ക് വിട്ടുനല്‍കിയാല്‍ മാണി സി. കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്ന് ജോസ് കെ. മാണി. ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍ഡിഎഫ് ശൈലി. മറ്റൊരിടത്തേക്കു മാറി മല്‍സരിക്കാന്‍ കാപ്പന് തയാറാകാത്തത് യുഡിഎഫുമായി നേരത്തേ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായി കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി. തീരെ പ്രതീക്ഷിക്കാത്ത കോണ്‍ഗ്രസുകാര്‍ വരെ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ അണികളും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha