പൈലറ്റ് പീഡിപ്പിച്ചെന്ന് എയര്‍ഹോസ്റ്റസ്; പരാതിയില്‍ നടപടിയെടുക്കാതെ എയര്‍ഇന്ത്യ എക്‌സ്പ്രസ്

പൈലറ്റ് പീഡിപ്പിച്ചെന്ന് എയര്‍ഹോസ്റ്റസ് പരാതിപ്പെട്ടിട്ട് മൂന്നുമാസമായെങ്കിലും തുടര്‍നടപടി എടുക്കാതെ എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിയെ സംരക്ഷിക്കുന്നതായി ആക്ഷേപം. പൈലറ്റും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയിലെ ചീഫ് ഓഫ് ഓപ്പറേഷനുമായ ആര്‍.പി.സിങ്ങിനെതിരെ ഏപ്രില്‍ നാലിനാണ് മഹാരാഷ്ട്രക്കാരിയായ എയര്‍ഹോസ്റ്റസ് പരാതിപ്പെട്ടത്. ഇതേ ദിവസംതന്നെ നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിലും അവര്‍ പരാതി നല്‍കിയിരുന്നു.
മാനസികമായും അല്ലാതെയും നിരന്തരം ആര്‍.പി.സിങ് തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ മൂന്നുമാസമായിട്ടും എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിനുശേഷം എമര്‍ജന്‍സി ലീവിന് അപേക്ഷ നല്‍കി എയര്‍ഹോസ്റ്റസ് അവധിയില്‍ പ്രവേശിച്ചെങ്കിലും ഇതുവരെ അധികൃതര്‍ അവധി പാസാക്കിയിട്ടില്ല. അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ എത്തി ജോലിക്ക് ഹാജരായില്ലെങ്കില്‍ പിരിച്ചുവിടുമെന്ന രീതിയില്‍ സ്ഥാപനത്തിലെ ചില ഉന്നതര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. സംഭവദിവസം വിമാനത്തിനുള്ളില്‍വെച്ച് പൈലറ്റ് മോശമായി പെരുമാറിയതിന് മറ്റ് കാബിന്‍ ക്രു സുഹൃത്തുക്കള്‍ സാക്ഷികളാണെന്ന് പറയുന്നു.
സാധാരണനിലയില്‍ ഇത്തരം പരാതികള്‍ ലഭിച്ചാല്‍ സ്ഥാപനം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ മൂന്നുമാസമായിട്ടും ഉന്നത ഉദ്യോഗസ്ഥനെ വെച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ കുറ്റാരോപിതനായ പൈലറ്റില്‍നിന്ന് വിശദീകരണം തേടാനോ എയര്‍ഇന്ത്യ എക്‌സ്പ്രസ് തയ്യാറായിട്ടില്ല. പൈലറ്റിനെതിരെ മുമ്പും മോശമായ പെരുമാറ്റത്തിന്റെ പേരില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. എയര്‍ഇന്ത്യ എക്‌സ്പ്രസിലെ ചില ഉന്നതര്‍ ഇടപെട്ട് ഇയാളെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ രണ്ടുദിവസത്തിനകം ദേശീയ വനിതാകമ്മീഷനില്‍ പരാതി നല്‍കുമെന്ന് എയര്‍ഹോസ്റ്റസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















