അക്രമിയെ കീഴടക്കിയ വീര്യത്തിനു സിവില്‍ സര്‍വീസ് റാങ്ക് തിളക്കം

സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീത എട്ടു മാസം മുന്‍പ്, മനോനില തെറ്റിയ അക്രമിയെ പകച്ചുനില്‍ക്കാതെ നേരിട്ടയാളാണ്. ആക്രമണത്തിനു ശേഷം മുഖത്തു പ്ലാസ്റ്റിക് സര്‍ജറി വരെ നടത്തേണ്ടിവന്നെങ്കിലും ആ പോരാട്ടവീര്യം സിവില്‍ സര്‍വീസ് പരീക്ഷയിലും സീത പുറത്തെടുത്തു; 323-ാം റാങ്ക് എന്ന അഭിമാനമായി.
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകളെ സഹൃദയര്‍ക്കു നന്നായി അറിയാം. അദ്ദേഹത്തിന്റെ പല നാടകങ്ങളിലെയും നായികയാണു സീത. പക്ഷേ, സിവില്‍ സര്‍വീസ് പരീക്ഷാ തയാറെടുപ്പിനിടെ ആക്രമണത്തിനിരയായത് അധികമാരുമറിഞ്ഞില്ല. ചെന്നൈയില്‍ അമ്മ രാജിയുടെ വീട്ടില്‍ നിന്നു പഠിക്കുന്നതിനിടെ, വീട്ടില്‍ വെള്ളം ചോദിച്ചെത്തിയയാള്‍ വീടിനകത്തു തള്ളിക്കയറി സീതയുടെ മുഖത്തു കത്രിക കൊണ്ടു കുത്തി. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം.
നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും അക്രമി വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നു. ഒടുവില്‍ സീത തന്നെ ധൈര്യം സംഭരിച്ച് അക്രമിയെ നേരിട്ടു. അയാളെ തള്ളിവീഴ്ത്തി വാതില്‍ തുറന്നു രക്ഷപ്പെട്ടു. അക്രമിയെ പൊലീസ് പിടികൂടിയപ്പോഴാണ് അയാള്‍ പത്തോളം പെണ്‍കുട്ടികളെ ആക്രമിച്ചു മുഖം വികൃതമാക്കിയിട്ടുണ്ടെന്ന് അറിഞ്ഞത്.
മുഖത്ത് എട്ടു തുന്നിക്കെട്ടുകള്‍ വേണ്ടിവന്നെങ്കിലും സീത തളര്‍ന്നില്ല. ചെന്നൈയില്‍ ചികില്‍സയ്ക്കിടെയും സിവില്‍ സര്‍വീസ് പരിശീലനം തുടര്‍ന്നു. പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് അധികം വൈകാതെയായിരുന്നു ഇന്റര്‍വ്യൂ. മുന്‍ ഡിജിപി: ജേക്കബ് പുന്നൂസ്, കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരി വി. ഹരിത, ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ പരിശീലനവും സീതയ്ക്കു തുണയായി.
നേരത്തെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെയാണു സീത ബിടെക് പൂര്‍ത്തിയാക്കിയത്. സഹോദരന്‍ ലക്ഷ്മണ്‍ ലൊസാഞ്ചല്‍സില്‍ ഒന്നാം റാങ്കോടെ എംഎസ് പഠനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിനിടെയാണ് ഇരട്ടിമധുരമായി സീതയുടെ സിവില്‍ സര്‍വീസ് റാങ്ക് നേട്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















