വിവാഹ നിശ്ചയം കഴിഞ്ഞത് 3 വര്‍ഷം മുമ്പ്; വിവാഹം മാറ്റിവച്ചത് 3 തവണ; പ്രതിസന്ധികൾക്കൊടുവിൽ നങ്കൂരമിട്ട ജങ്കാറില്‍ വിവാഹം, ഇനി ഏത് പ്രതിസന്ധിയെയും അവർ തരണം ചെയ്യുക ഒരുമിച്ച്

വിവാഹ നിശ്ചയം കഴിഞ്ഞത് മൂന്നു വര്‍ഷം മുമ്പ്. ഇതിനിടെ പല കാരണങ്ങളാല്‍ വിവാഹം മാറ്റിവച്ചത് മൂന്നു തവണ. ഒടുവില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടിനു മുന്നിലെ തെന്നടി പള്ളിത്തോട്ടില്‍ നങ്കൂരമിട്ടിരുന്ന ജങ്കാറില്‍ ഒരുക്കിയ വിവാഹ മണ്ഡപത്തില്‍ അഖില്‍ ആതിരയെ ജീവിത സഖിയാക്കി.
കോവിഡും കണ്ടെയ്ന്‍മെന്റ് സോണും കാരണമാണ് ഇതിനോടകം മൂന്നു തവണ വിവാഹം മാറ്റിവച്ചത്. ഒടുവില്‍ കുന്നുമ്മ അംബേദ്കര്‍ സ്മാരക ഹാളില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചപ്പോള്‍ ഒരാഴ്ചയായി അവിടെയും കണ്ടെയ്ന്‍മെന്റ് സോണ്‍. തുടര്‍ന്നു ജങ്കാറില്‍ വിവാഹ പന്തല്‍ ഒരുക്കാന്‍ ആതിരയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അഖിലും കുടുംബവും ഇതിനോട് സമ്മതവും മൂളി. പള്ളാത്തുരുത്തിയില്‍ നിന്നു ജങ്കാര്‍ എത്തിച്ച് പന്തലും മണ്ഡപവും ഒരുക്കി.
തെന്നടി അരുണ്‍ നിവാസില്‍ എം പി കുഞ്ഞുമോന്റെയും രമണിയുടെയും മകളാണ് ആതിര. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് കൊയ്പ്പള്ളിയില്‍ ചെല്ലപ്പന്റെയും ചെല്ലമ്മയുടെയും മകനാണ് അഖില്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സദ്യയും ജങ്കാറിലൊരുക്കി. ഇവരുടെ വിവാഹ നിശ്ചയം മൂന്നു വര്‍ഷം മുന്‍പ് നടന്നതാണ്.
ഇതിനിടെ ആതിരയും മാതാപിതാക്കളും സഞ്ചരിച്ച ഓടോ എതിരെ വന്ന ഓടോയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. വിവാഹ നിശ്ചയ ശേഷം വിദേശത്ത് പോയ അഖില്‍ കോവിഡിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് നാട്ടിലെത്തി. പെയിന്റിങ് തൊഴിലാളിയാണ്.
https://www.facebook.com/Malayalivartha