കെ. സുരേന്ദ്രനെതിരെ കേസെടുക്കും; കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി; നടപടി കെ സുന്ദരയ്ക്ക് മത്സര രംഗത്തു നിന്നും പിന്മാറാന്‍ പണം നല്‍കിയെന്ന പരാതിയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടുതല്‍ കുരുക്കില്‍. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് മത്സര രംഗത്തു നിന്നും പിന്മാറാന്‍ പണം നല്‍കിയെന്ന പരാതിയില്‍ കെ. സുരേന്ദ്രനെതിരെ കേസ് എടുക്കുന്നു. കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനാണ് കാസര്‍ക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണത്തില്‍ കേസെടുക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നായിരുന്നു നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് വി.വി രമേശന്‍ കോടതിയെ സമീപിച്ചത്. അതിനിടെ ബിജെപി കുഴല്‍പണക്കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ ബിജെപിക്ക് കുരുക്കായി നിര്‍ണായക തെളിവുകളും പുറത്തുവന്നു. കൊടകരയില്‍ നിന്നും പണം കവര്‍ച്ച ചെയ്യപ്പെട്ട ശേഷം ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് ബിജെപി നേതാക്കളെയാണെന്ന വിവരമാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ത്തന്നെ കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യത്തെ ഫോണ്‍ കോള്‍ പോയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനാണ്. പണം നഷ്ടമായ ശേഷം ധര്‍മ്മരാജന്‍ വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയാണെന്ന് അന്വേഷണസംഘത്തിന് ഉറപ്പായി കഴിഞ്ഞു.
അന്വേഷണ സംഘത്തിന്റെ പക്കലുള്ള പുതിയ വിവരങ്ങള്‍ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്. നിയമസഭയിലും ഇന്ന് കുഴല്‍പ്പണക്കേസ് വലിയ ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടയിന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിലും തമ്മില്‍ വലിയ വാക്ക് പോരിന് തന്നെ സഭ സാക്ഷ്യം വഹിച്ചു.
https://www.facebook.com/Malayalivartha