സ്വാമിയേ ശരണമയ്യപ്പാ.... 41 നാൾനീണ്ട മണ്ഡല തീർഥാടനത്തിന് പരിസമാപ്തിയാകുന്നു.... ശബരിമല മണ്ഡലപൂജ ഇന്ന് പകൽ 10.10നും 11.30നുമിടയിൽ...

സ്വാമിയേ ശരണം...സ്വാമിയേ ശരണമയ്യപ്പാ.... 41 നാൾനീണ്ട മണ്ഡല തീർഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ശനിയാഴ്ച മണ്ഡലപൂജ. പകൽ 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ നടക്കുക.
ഡിസംബർ 23ന് ആറന്മുള ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര വെള്ളി പകൽ ഒന്നോടെ പമ്പയിലെത്തി. സ്വീകരണത്തിനുശേഷം ഗണപതി കോവിലിൽ അങ്കി തീർഥാടകർക്കായി ദർശനത്തിനുവച്ചു. പ്രത്യേക പേടകത്തിൽ അടക്കം ചെയ്ത തങ്ക അങ്കി പന്തളത്തുനിന്നെത്തിയ ഒമ്പതംഗ ഗുരുസ്വാമിമാർ തലയിലേന്തി പകൽ മൂന്നിന് സന്നിധാനത്തേക്ക് പുറപ്പെടുകയും ചെയ്തു.
ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ്, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ച് താഴെ തിരുമുറ്റത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ്‌കുമാർ, ശബരിമല സ്‌പെഷ്യൽ കമീഷണർ ആർ ജയകൃഷ്ണൻ, എഡിഎം അരുൺ എസ് നായർ, എഡിജിപി എസ് ശ്രീജിത്ത്, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ദേവസ്വം കമീഷണർ ബി സുനിൽകുമാർ, സെക്രട്ടറി പി എൻ ഗണേശരൻ പോറ്റി, തിരുവാഭരണം കമീഷണർ ആർ റജിലാൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് എത്തിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്ന് പേടകം ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്നായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന.
ശനി രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും. ദീപാരാധനയ്ക്കുശേഷം തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ നിന്ന് അഴിച്ചശേഷം പുഷ്പാഭിഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കന്നതാണ്.
"
https://www.facebook.com/Malayalivartha

























