ഇനി കാത്തിരുന്ന് കാണാം... കമ്മ്യൂണിസ്റ്റ് ചെങ്കോട്ടയില്‍ നിന്നും ഒറ്റയാനായി കുതിച്ച കെ. സുധാകരനെ അവസാനം ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞു; കുംഭക്കുടി സുധാകരനിലാണ് ഇനി കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രതീക്ഷയും; വയസ് 73 ആയെങ്കിലും നട്ടെല്ല് ഇപ്പോഴും കടുപ്പം

കമ്മ്യൂണിസ്റ്റ് കോട്ടയില്‍ നിന്നും വെന്നിക്കൊടി പാറിച്ച ഒരേയൊരു നേതാവേയുള്ളൂ. അതാണ് കുംഭക്കുടി സുധാകരന്‍ എന്ന കെ. സുധാകരന്‍. കോണ്‍ഗ്രസിലെ ഗര്‍ജിക്കുന്ന സിംഹം മാത്രമല്ല, വിവാദങ്ങളുടെ ഉറ്റതോഴന്‍ കൂടിയാണ് ഈ നേതാവ്. കേസും പുക്കാറുമൊന്നും ഈ എഴുപത്തിമൂന്നുകാരന് പുത്തരിയല്ല.
1948ല്‍ കണ്ണൂര്‍ നടാലില്‍ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനനം. കെ എസ് യുവിലൂടെയാണ് രാഷ്ട്രീയപ്രവേശം. കരുണാകരന്റെ വലംകൈ ആയിരുന്ന എന്‍ രാമകൃഷ്ണനില്‍ നിന്നും കണ്ണൂര്‍ ഡി സി സി പിടിച്ചെടുത്തതോടെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായി.
ഇപി ജയരാജന്‍ വധശ്രമക്കേസ്, സേവറി ഹോട്ടല്‍ ബോംബാക്രമണം, നാല്‍പ്പാടി വാസു വധക്കേസ് തുടങ്ങി കേസുകളുടെ ഒരു ഒഴുക്ക് തന്നെയുണ്ട് ഈ നേതാവിന്. കണ്ണൂരിലെ പേരാവൂരിനടുത്ത് വച്ച് സുധാകരന്‍ ഒരു വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇടമലയാര്‍ കേസില്‍ ജയിലില്‍ പോയി മടങ്ങിയെത്തിയ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫ് ഒരുക്കിയ സ്വീകരണയോഗത്തില്‍ ഒരു ജഡ്ജിക്ക് ഒരാള്‍ കോഴവാഗ്ദ്ധാനം ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് വരെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. സുധാകരന്‍ വലിയ പുലിവാലു പിടിച്ചു എന്നു ശത്രുക്കള്‍ കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. വളപട്ടണം പൊലീസ് സ്‌റ്റേഷനില്‍ നിന്നും മണല്‍ കടത്ത് കേസില പ്രതിയെ ബലമായി മോചിപ്പിച്ച സംഭവം വിവാദം മാത്രമല്ല, വൈറലുമായി.
സംഘടനാ സംവിധാനം ദുര്‍ബലമായ പാര്‍ട്ടിയുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തില്‍ നയിക്കാനുള്ള നിയോഗം ഒരേസമയം അവസരവും വെല്ലുവിളിയുമാണ്. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും ബൂത്ത്തലം മുതല്‍ പാര്‍ട്ടിയെ കെട്ടിപടുക്കാനും സുധാകരന്റെ കാര്‍ക്കശ്യം ഉപകരിക്കും. കേഡര്‍ സ്വഭാവത്തില്‍ വിശ്വസിക്കുന്ന സുധാകരന് കോണ്‍ഗ്രസില്‍ ആ സംസ്‌കാരം വളര്‍ത്താന്‍ കഴിയുമോയെന്ന് കണ്ടറിയണം.
അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളില്‍ ആര്‍ എസ് എസും സി പി എമ്മും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. മൂര്‍ച്ചയുള്ള ആക്രമണം നടത്താതെ അയഞ്ഞ ശൈലി പിന്തുടരുന്നത് പാര്‍ട്ടിയെ ഇനിയും തളര്‍ത്തുമെന്ന ഭയം സാധാരണ പ്രവര്‍ത്തകര്‍ക്കുണ്ട്. നേരത്തെ കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുവെന്ന വാര്‍ത്ത പുറത്തെത്തിയപ്പോള്‍, താന്‍ അതിന് യോഗ്യനാണെന്ന നിലപാട് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നാലെ പേരുകള്‍ പലതും ഉയര്‍ന്നുവന്നതോടെ സുധാകരന്‍ മൗനം പാലിച്ചു.
സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്‌മെന്റും ആയിരിക്കും അദ്ധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍. പാര്‍ട്ടിയുടെ സ്ഥാപനങ്ങള്‍ക്ക് വരെ പ്രവര്‍ത്തിക്കാന്‍ ഫണ്ട് കണ്ടത്തേണ്ടതുണ്ട്.
ചെന്നിത്തലയ്ക്ക് ശേഷം പാര്‍ട്ടി അദ്ധ്യക്ഷന്മാരായി എത്തിയ വി എം സുധീരനും എം എം ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും പാര്‍ട്ടിയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാനാവാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.
കണ്‍ട്രോള്‍ ഗ്രൂപ്പില്ലാതാക്കാന്‍ വന്ന കെ പി സി സി അദ്ധ്യക്ഷന്‍മാര്‍ ഒടുക്കം സ്വന്തം കണ്‍ട്രോള്‍ ഗ്രൂപ്പൂണ്ടാക്കുന്ന കാഴ്ചയും ഇക്കാലയളവില്‍ അണികള്‍ കണ്ടു. പിണറായി വിജയന്‍ എന്ന ഒറ്റനേതാവിന് കീഴില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് സി പി എമ്മും എല്‍ ഡി എഫും ഈ സര്‍ക്കാരും മുന്നോട്ട് പോകുന്നത്. അതുപോലെ കോണ്‍ഗ്രസിനേയും കുറേയെങ്കിലും സുധാകരനെത്തിക്കാനായാല്‍ ജയിച്ചു. എങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha



























