ഈ വഴി മറക്കില്ലൊരിക്കലും... ഒരു നിയോഗം പോലെ സര്‍വ എതിര്‍പ്പുകളും മറികടന്ന് കെപിസിസി അധ്യക്ഷ പദവിയിലെത്തി മടങ്ങുമ്പോള്‍ അവസാനം വേദന മാത്രം; വേദനയിലും ആയിരം രൂപ വീതം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന അനുവദിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്‍ അങ്ങനെ മുന്‍ കെപിസിസി പ്രസിഡന്റായി. ഓഫീസിലുള്ള ഗാന്ധിപ്രതിമയില്‍ വണങ്ങി വിറയാര്‍ന്ന കൈയ്യോടെ മുല്ലപ്പള്ളി പടിയിറങ്ങി. പാര്‍ട്ടിയുടെ കാര്‍ തിരിച്ചേല്‍പ്പിച്ച് വീട്ടില്‍നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിലായിരുന്നു മടക്കയാത്ര. ടി. സിദ്ദിഖ്, ജോണ്‍ വിനേഷ്യസ്, കെ.ബി. ശശികുമാര്‍ എന്നിവര്‍ അദ്ദേഹത്തെ യാത്രയയച്ചു.
കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്ക് ചെറിയ ശമ്പളവര്‍ധനയ്ക്ക് അനുമതി നല്‍കിയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പടിയിറങ്ങിയത്. ആയിരം രൂപവീതം ജീവനക്കാര്‍ക്ക് കൂടും. കോവിഡ് കാലത്ത് രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവര്‍ക്ക് നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു.
എ.ഐ.സി.സി.യോട് മുല്ലപ്പള്ളിയുടെ കാലത്ത് പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് നടത്തിപ്പിനായി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും കഴിഞ്ഞു.
ഏതുനിമിഷവും പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം വരാമെന്നതിനാല്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹം തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ സുധാകരനെ വിളിച്ച് അഭിനന്ദിക്കുകയും ചുമതല ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ബുധനാഴ്ച ഓഫീസില്‍ വന്ന് അക്കാര്യങ്ങള്‍ സംസാരിക്കാമെന്ന് സുധാകരന്‍ മറുപടി നല്‍കി.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആദര്‍ശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോണ്‍ഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവര്‍ത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീതാല്‍പര്യങ്ങള്‍ക്ക് അതീതമായി തനിക്കൊപ്പം നിന്നു. അവരോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
വളരെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ താന്‍ കണ്ടിട്ടുണ്ട്. പല പ്രതിസന്ധികളേയും കണ്ടിട്ടുണ്ട്. പാര്‍ട്ടിയാണ് തനിക്ക് ജീവനേക്കാള്‍ വലുത്. ആ പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടുപോവുമ്പോള്‍ പാര്‍ട്ടിയെ തികഞ്ഞ ഉത്തരവാദിത്തോടു കൂടി മുന്നോട്ടുകൊണ്ടുപോവേണ്ടത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഉത്തരവാദിത്തമാണ്.
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വിവരങ്ങള്‍ അന്വേഷിച്ചു. പടിയിറങ്ങിപ്പോവുന്ന അധ്യക്ഷന്‍ എന്ന നിലയ്ക്ക് കെ സുധാകരനെ താന്‍ സ്വാഗതം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായതിനു പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ കെപിസിസി അധ്യക്ഷന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കെപിസിസി ആസ്ഥാനത്തേക്കു രാവിലെയെത്തിയ ഇന്നോവയിലല്ല മുല്ലപ്പള്ളി രാമചന്ദ്രന്‍ വൈകിട്ടു മടങ്ങിയത്. പഴയ അംബാസഡര്‍ കാര്‍ കാത്തുകിടപ്പുണ്ടായിരുന്നു. 2018 ല്‍ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിക്ക് പ്രതീക്ഷിച്ചത്ര പ്രവര്‍ത്തന കാലയളവു ലഭിച്ചില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും യുഡിഎഫ് നേടിയതോടെ മുന്നണിയുടെ തന്നെ ഭാഗ്യനക്ഷത്രമായി പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. എന്നാല്‍ പിന്നാലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ വിമര്‍ശനമുയര്‍ന്നു. അതോടെ പടിയിറക്കവും ഉണ്ടായി.
"
https://www.facebook.com/Malayalivartha