കെ സുധാകരന്‍ ഒരു മന്ത്രിയെ രാജിവയ്പ്പിക്കും : ആദ്യ രാജി അഴിമതിയുടെ പേരില്‍

അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ അഴിമതിയുടെ പേരില്‍ ഒരു മന്ത്രി രാജിവയ്ക്കും എന്ന അപൂര്‍വ റെക്കോര്‍ഡിലേക്ക് പിണറായി വിജയന്‍ മന്ത്രിസഭ നീങ്ങുന്നതായി സൂചന
അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ അഴിമതിയുടെ പേരില്‍ ഒരു മന്ത്രി രാജിവയ്ക്കും എന്ന അപൂര്‍വ റെക്കോര്‍ഡിലേക്ക് പിണറായി വിജയന്‍ മന്ത്രിസഭ നീങ്ങുന്നതായി സൂചന. ശശീന്ദ്രന് പിന്നാലെ മരം മുറി കേസ് പിണറായിയിലേക്ക് തിരിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക.
കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ ആദ്യത്തെ ബ്രേക്കായിരിക്കുമോ ഇതെന്ന് കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.
പിണറായി വിജയനോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുള്ളയാളാണ് കെ.സുധാകരന്‍. കെ പി സി സിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയോഗിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഗൃഹപാഠം ചെയ്യാതെ ആരോപണങ്ങള്‍ ഉന്നയിച്ച് സാഹചര്യം പിണറായിക്ക് അനുകൂലമാക്കി നല്‍കിയ ചെന്നിത്തലയെയും അസ്ഥാനത്ത് വാക്കുകള്‍ പ്രയോഗിച്ച് പിണറായിക്ക് നേട്ടമുണ്ടാക്കി നല്‍കിയ മുല്ലപ്പള്ളിയെയുമല്ല എ. ഐ. സി സി സുധാകരനിലൂടെ പ്രതീക്ഷിക്കുന്നത്.
പിണറായിയെ ചക്രവ്യൂഹത്തിലാക്കി കോണ്‍ഗ്രസിനെ മടക്കി കൊണ്ടു വരണമെന്ന ദൗത്യമാണ് സുധാകരനെ രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചിരിക്കുന്നത്. സുധാകരന്‍ ആരെയും കൂസാത്ത നേതാവാണ്. പിണറായിയെ ഉള്‍പ്പെടെ ആരെയും അദ്ദേഹത്തിന് ഭയമില്ല.അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
അതു കൊണ്ടു തന്നെ എ കെ ശരിന്ദ്രനെ വകവരുത്തി കൊണ്ട് ഗണപതി കുറിക്കാനാണ് സുധാകരന്റെ തീരുമാനമെന്നറിയുന്നു.
മുട്ടില്‍ മരംമുറി കേസില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം നിയമസഭയിലെത്തിയത് വെറുതെയല്ല. വനം കൊള്ളക്കാര്‍ കോഴിക്കോട് വെച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടതിന് പ്രതിപക്ഷത്തിന്റെ കൈയില്‍ തെളിവുണ്ട്.
ഒരു മാധ്യമസ്ഥാപനത്തിലെ ഉന്നതന്‍ മരം മുറിക്ക് മധ്യസ്ഥത നിന്നുവെന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനെ ലക്ഷ്യമിട്ടാണ് പി.ടി. തോമസിന്റെ ആരോപണം. മറ്റൊരു ദൃശ്യമാധ്യമ പ്രവര്‍ത്തകനെതിരെയും ആരോപണം നിലനില്‍ക്കുന്നുണ്ട്. രണ്ട് മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉന്നതരുമായി ബന്ധമുള്ളവരാണ്. ഇതില്‍ ഒരാള്‍ പിണറായിയുടെ സ്വദേശമായ ധര്‍മ്മടത്ത് ജനിച്ചു വളര്‍ന്നയാളാണ്.
വനംമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും വനം കൊള്ളയ്ക്ക് കാരണമായ ഒക്ടോബറിലെ ഉത്തരവ് ഫെബ്രുവരിയില്‍ റദ്ദാക്കിയത് അത് നിയമവിരുദ്ധമായതുകൊണ്ടാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു.
കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാന്‍ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്‍പ്പെടെ വന്‍ ഗൂഢാലോചന നടന്നതായി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിഷയം സഭയെ പ്രക്ഷുബ്ധമാക്കിയത്. വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ മുന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്‍, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിച്ചുവെന്നും അദേഹം പറയുന്നു.
വനംവകുപ്പ് ഉത്തരവില്‍ മാറ്റംവരുത്തി മരം മുറിക്കാന്‍ ഒത്താശ ചെയ്തത് പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ അറിഞ്ഞാണെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാന ഭരണകൂടം, ഭരണകക്ഷി രാഷ്ട്രീയ നേതൃത്വം, ഉപജാപകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന കൂട്ടുകെട്ട് പ്രത്യേക ലക്ഷ്യമിട്ട് വനംകൊള്ളക്കാര്‍ക്ക് ഇടക്കാല അവസരം ഒരുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.തെളിവുകളും റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിട്ടും പ്രതികളെ പിടിക്കാത്ത് ഈ കൂട്ടിടപാടിനെ തുടര്‍ന്നാണെന്നാണ് പൊതുവെ ആക്ഷേപം.
പ്രതികളെ പിടി കൂടിയില്ല എന്നതാണ് മന്ത്രി എകെ ശരിന്ദ്രനെതിരായ ആരോപണം. പ്രതികളെ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണമായിരിക്കും കെ.സുധാകരന്‍ ഉന്നയിക്കുക. കാരണം കേസില്‍ മധ്യസ്ഥത വഹിച്ച മാധ്യമപ്രവര്‍ത്തകര്‍ പിണറായിയുടെ വിശ്വസ്തരാണ്.
ജില്ലാ കളക്ടറുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കളക്ടര്‍ക്ക് പുറമേ ഡിഎഫ്ഒ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. മരംമുറിക്ക് കൂട്ടു നില്‍ക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍ ഉന്നതരില്‍ നിന്ന് സമ്മര്‍ദമുണ്ടായതായും ആരോപണമുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പട്ടാപ്പകലായിരുന്നു മരം കൊള്ള.
തോമസ് ചാണ്ടിയുടെ സഹോദരന് മന്ത്രിസ്ഥാനത്തിന് യോഗമുണ്ടോ എന്ന് ഏതാനും ദിവസങ്ങള്‍ക്കകം അറിയാം.
https://www.facebook.com/Malayalivartha