കുട്ടികളുടെ അനാഥാലയങ്ങള്‍ക്ക് ബാലനീതി നിയമപ്രകാരം റജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്നു ഹൈക്കൊടതി

കുട്ടികളുടെ അഭയകേന്ദ്രങ്ങള്‍ക്കു ബാലനീതി നിയമപ്രകാരം റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം സ്ഥാപനങ്ങള്‍ക്കു റജിസ്‌ട്രേഷന്‍ വ്യവസ്ഥയില്‍ ഇളവനുവദിക്കുന്ന സര്‍ക്കാരിന്റെ 2010 ഫെബ്രുവരി 11-ലെ ഉത്തരവു ഇനി നിലനില്‍ക്കില്ല. അനാഥാലയങ്ങളും ശിശുഭവനങ്ങളും പരിശോധിച്ചു നിയമം പാലിച്ചിട്ടുണ്ടോ എന്നു ശിശുക്ഷേമസമിതി ഉറപ്പാക്കണം. ജില്ലാ ഭരണകൂടം പരിശോധനയ്ക്കു സഹായം നല്‍കണമെന്നും ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
കുട്ടിക്കടത്തില്‍ അനാഥാലയങ്ങളും ഏജന്റുമാരും തമ്മില്‍ സഹകരണം ബോധ്യപ്പെട്ട സാഹചര്യത്തിലാണു അനാഥാലയങ്ങള്‍ക്കു ബാധകമായ നിയമവ്യവസ്ഥകള്‍ കര്‍ശനമാക്കി കോടതിയുടെ സുപ്രധാന വിധി. അനാഥാലയ/ അഭയകേന്ദ്രങ്ങളുടെ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെ 1172 കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 96, കൊല്ലം56, ആലപ്പുഴ43, പത്തനംതിട്ട43, കോട്ടയം103, ഇടുക്കി72, എറണാകുളം174, തൃശൂര്‍130, മലപ്പുറം 98, പാലക്കാട് 109, കോഴിക്കോട്72, വയനാട് 48, കണ്ണൂര്‍91, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഇത്തരം കേന്ദ്രങ്ങള്‍.
ഇതര സംസ്ഥാനത്തെ കുട്ടികളെ പാര്‍പ്പിക്കാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും അതതു സംസ്ഥാന സര്‍ക്കാരുകളുടെയും അനുമതിക്കു വ്യവസ്ഥ ചെയ്യുന്ന 2003 ജൂണ്‍ 22ലെ ചട്ടഭേദഗതി പാലിക്കണമെന്നു കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ അന്തിമ അധികാരികളായ ശിശുക്ഷേമ സമിതിക്കു നിയമാനുസൃതം നടപടിക്കു സ്വാതന്ത്ര്യമുണ്ടാകും.
അനാഥാലയങ്ങളിലും അഭയകേന്ദ്രങ്ങളിലും കുട്ടികളെ പാര്‍പ്പിക്കുന്നതിന്റെ അര്‍ഥം ആ കുട്ടികള്‍ക്കു പ്രത്യേക സംരക്ഷണവും പരിചരണവും വേണമെന്നാണ്. 18 വയസില്‍ താഴെയുള്ള ഇത്തരം കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള എല്ലാ അനാഥാലയങ്ങളും ശിശുഭവനങ്ങളും 2002 ലെ ബാലനീതി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ നിയമപ്രകാരം കുട്ടികള്‍ക്കു കിട്ടേണ്ട അവകാശാനുകൂല്യങ്ങള്‍ കിട്ടാതെ വരും. സംരക്ഷണം വേണ്ട കുട്ടികളുടെ ഗണത്തില്‍പ്പെട്ടാല്‍ മാത്രമേ ഈ നിയമപ്രകാരം റജിസ്‌ട്രേഷന്‍ വേണ്ടതുള്ളൂ. മറ്റു കുട്ടികളെ പാര്‍പ്പിക്കാന്‍ ഇതാവശ്യമില്ല.
ബാലനീതി നിയമത്തിലെ രണ്ടാം ചട്ടപ്രകാരം, മാതാപിതാക്കളില്ലാത്തവരും സ്വാഭാവികമോ നിയമപരമോ ആയ രക്ഷിതാക്കളില്ലാത്തവരുമായ കുട്ടികള്‍ \'അനാഥരു\'ടെ ഗണത്തില്‍പെടും. വിദ്യാഭ്യാസാവശ്യത്തിനു കുട്ടികളെ അയയ്ക്കുന്നതും ആ കുട്ടികള്‍ക്കു പ്രത്യേക സംരക്ഷണം വേണ്ടതിന്റെ സൂചനയാണ്. വിദ്യാഭ്യാസം നല്‍കാനുള്ള ബാധ്യത ഒഴിഞ്ഞുകൊണ്ടാണു രക്ഷിതാവു കുട്ടിയെ അനാഥാലയത്തില്‍ ചേര്‍ക്കുന്നത്. ഇത്തരം കുട്ടികള്‍ ബാലനീതി നിയമപ്രകാരം സംരക്ഷണാവശ്യം വേണ്ട കുട്ടികളുടെ ഗണത്തില്‍ വരുമെന്നു കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















