ഹെ മിസ്റ്റര്‍ താങ്കളുടെ സേവനം മതി... കറണ്ട് മോഷ്ടിച്ച ഉന്നതനെ കുടുക്കാന്‍ പദ്ധതിയിട്ട സിങ്കത്തിനെ രായ്ക്ക് രാമാനം എടുത്തു കളഞ്ഞു; പുതിയ നിയമനം ആംഡ് ബറ്റാലിയനില്‍

ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയൊക്കയേ നടക്കുകയുള്ളൂ എന്ന് സോഷ്യല്‍ മീഡിയയിലെ പല സുഹൃത്തുക്കളും പലപ്പോഴും ഋഷിരാജ് സിംഗിനോട് പറഞ്ഞതാണ്. എന്നാലും ഇരിക്കുന്ന കസേരയോട് നീതി പുലര്‍ത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു ഋഷിരാജ് സിംഗ്. പല സ്ഥാനത്തിരുന്നപ്പോഴും സിംഗ് ഇക്കാര്യം തെളിയിച്ചതാണ്.
അവസാനം വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തെത്തിയപ്പോഴും ഋഷിരാജ് സിംഗ് ഈ നിലപാട് തുടര്‍ന്നു. വൈദ്യുതി മോഷ്ടിക്കുന്നവര്‍ ഏത് വിഐപി ആയാലും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാന്‍ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടു പോകവേയാണ് ഉന്നത ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചിരിക്കുന്നത്.
വൈദ്യുതി മോഷണത്തിന് കൂട്ടു നിന്നില്ല എന്ന ഒറ്റക്കാരണത്താലാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ തെറിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ക്കെല്ലാം വേണ്ട വ്യവസായിയുടെ വൈദ്യുതി മോഷണം പിടികൂടിയതാണ് ഋഷിരാജ് സിംഗിന്റെ കേസ തെറിപ്പിച്ചത്.
വ്യാപാരശാലയിലേക്ക് കറന്റ് മോഷ്ടിച്ച വ്യവസായ പ്രമുഖനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടയിലാണ് ഋഷിരാജ് സിങ്ങിന്റെ കസേര തെറിച്ചത്. ഇന്നലെ രാത്രി വൈകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ഋഷിരാജിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിച്ചു. അതേസമയം വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് ഓഫീസറുടെ കസേര ഒഴിച്ചിട്ടു.
എ.പി. ബറ്റാലിയന്‍ എ.ഡി.ജി.പി: ബി. സന്ധ്യയെ പോലീസ് ആസ്ഥാനത്ത് ആധുനികവത്കരണ വിഭാഗത്തില്‍ നിയമിച്ചു. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ നിധിന്‍ അഗര്‍വാളിനെ എസ്.സി.ആര്‍.ബിയില്‍ നിയമിച്ചു.
മുത്തൂറ്റ് സ്‌കൈഷെഫ് വ്യവസായ ശാലയിലേക്ക് വൈദ്യുതി മോഷ്ടിച്ചത് ഋഷിരാജ് സിഗം നേരത്തെ പിടികൂടിയിരുന്നു. കലാഭവന്‍ മണി, മുന്‍ മന്ത്രി ടി എച്ച് മുസ്തഫ തുടങ്ങിയവരും ഋഷിരാജ് സിംഗിന്റെ ചൂട് അറിഞ്ഞവരാണ്.
ഋഷിരാജ് സിങ് ഈ സ്ഥാനത്തെത്തിയതോടെ വൈദ്യുതി മോഷ്ടാക്കള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു. ഖജനാവിന് കിട്ടേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് ഋഷിരാജ് സിംഗിന്റെ ഇടപെടല്‍ മൂലം കിട്ടിയത്. എന്നാല്‍ വമ്പന്മാരുടെ മേല്‍ കണ്ണെത്തിയതോടെയാണ് സിങ്കം പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















