ആലപ്പുഴ ബീച്ചില്‍ തിളങ്ങുന്ന തിരമാലകള്‍: സസ്യ, ജന്തു പ്ലവക സമൂഹം മൂലമെന്നു നിഗമനം

കൊച്ചി കടല്‍തീരത്തു കഴിഞ്ഞ ദിവസം തിളക്കമുള്ള തിരമാലകള്‍ ദൃശ്യമായത് ആഴക്കടലിലെ സസ്യ - ജന്തു പ്ലവക സമൂഹം തീരദേശത്ത് ഒഴുകിയെത്തിയതു മൂലമാണെന്നു സമുദ്ര ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ആഴക്കടലില്‍ കാണപ്പെടുന്ന സൂക്ഷ്മ ജീവികളുടെയും സൂക്ഷ്മ സസ്യങ്ങളുടെയും സമൂഹങ്ങളാണു പ്ലവകങ്ങള്‍. ആഴക്കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഇവ സ്വയം പ്രകാശിക്കുന്നവയാണ്. ഇവ ഒരുമിച്ചെത്തുന്നതോടെ കടലില്‍ തിളക്കം ദൃശ്യമാകും. തിളങ്ങുന്ന തിരമാലകളുടെ വ്യാപക സാന്നിധ്യം സമുദ്രത്തിലെ സന്തുലിതാവസ്ഥയുടെ മാറ്റത്തിന്റെ സൂചനകളാണെന്നും ശാസ്ത്രസംഘം സൂചിപ്പിക്കുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി സംഘത്തിന്റെ നേതൃത്വത്തില്‍ തീരത്തു നിരീക്ഷണം ആരംഭിച്ചു.
ആഴക്കടലില്‍ നിന്നു വ്യാപകമായി തീരദേശത്തു സസ്യ - ജന്തു പ്ലവക സമൂഹം എങ്ങനെ എത്തിയെന്നതാണു ശാസ്ത്ര സമൂഹത്തെ അമ്പരപ്പിക്കുന്നത്. മല്‍സ്യ സമ്പത്തിന്റെ ശോഷണവും കടലിലെ ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയും അടക്കമുള്ള പരിസ്ഥിതി മാറ്റങ്ങളാണു ശാസ്ത്ര സമൂഹം സംശയിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ ബീച്ചില്‍ തിളങ്ങുന്ന തിരമാലകള്‍ ദൃശ്യമായത്. ആഴക്കടലില്‍ നിന്നു തിളക്കമുള്ള തിരമാലകള്‍ രൂപപ്പെടുകയും ബീച്ചില്‍ അടിച്ചു കയറുകയുമായിരുന്നു. \'കവര്\' എന്നു തീരദേശ മേഖലകളില്‍ അറിയപ്പെടുന്ന പ്രതിഭാസം സാധാരണയായി ആഴക്കടലില്‍ ചെറിയ തോതില്‍ ദൃശ്യമാകാറുണ്ട്. ബയോ ലൂമിനസ് എന്നും ഇത് അറിയപ്പെടുന്നു.
ആഴക്കടലില്‍ കാണപ്പെടുന്ന സൂക്ഷ്മ ജീവികളുടെയും സൂക്ഷ്മ സസ്യങ്ങളുടെയും സമൂഹങ്ങളാണു പ്ലവകങ്ങള്‍. കടലിന്റെ അടിത്തട്ടില്‍ വെളിച്ചമില്ലാത്ത മേഖലകളില്‍ വളരുന്ന ഇവയ്ക്കു സ്വയം പ്രകാശിക്കാന്‍ സാധിക്കും. മല്‍സ്യങ്ങളുടെയും മറ്റു കടല്‍ജീവികളുടെയും പ്രധാന ഭക്ഷണമാണ് ഈ പ്ലവകങ്ങള്‍. ആഴക്കടലിന്റെ മുകള്‍ത്തട്ടില്‍ ഇവ എത്തിച്ചേരുമ്പോള്‍ വൈദ്യുത ദീപാലങ്കാരം പോലെയുള്ള ദൃശ്യഭംഗി കൈവരും.
മണ്‍സൂണിന്റെ താളം തെറ്റിയത് അടക്കമുള്ള കടലിന്റെ സന്തുലിതാവസ്ഥയുടെ മാറ്റമാണു പ്ലവകങ്ങളുടെ തീരദേശ യാത്ര സൂചിപ്പിക്കുന്നതെന്നു നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.കെ. ദിനേശ് കുമാര്‍ പറഞ്ഞു. ആഴക്കടലില്‍ നിന്നു ജലപ്രവാഹത്തിന്റെ കൂടെയാണു സ്വയംപ്രകാശിത പ്ലവക സമൂഹം തീരത്ത് അടിഞ്ഞിരിക്കുന്നത്.
കാലവര്‍ഷത്തിന്റെ തുടക്കത്തോടെ കടലിലെ ജൈവാംശ സാന്ദ്രത ഏറി. ഇവയ്‌ക്കൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലെ ജലം മുകള്‍പ്പരപ്പിലേക്കു വരുന്ന \'അപ്‌വെല്ലിങ്\' എന്ന പ്രതിഭാസവും നടക്കുന്നുണ്ട്. ഇതോടെയാകാം ആഴക്കടലിന്റെ അടിത്തട്ടിലുള്ള പ്ലവക സമൂഹം തീരത്ത് അടിഞ്ഞത്.
പ്ലവകങ്ങളെ തിന്നുന്ന മല്‍സ്യങ്ങളുടെയും മറ്റു കടല്‍ജീവികളുടെയും അസാന്നിധ്യമാണ് ഇവ കൂട്ടമായി തീരത്ത് അടിയാന്‍ കാരണമെന്നും കരുതുന്നു. ഓക്‌സിജന്‍ അധികം ആവശ്യമുള്ള ഡയാറ്റംപ്ലവകങ്ങള്‍ക്കു പകരം ഓക്‌സിജന്‍ കുറച്ചു മാത്രം ആവശ്യമുള്ള നോക്ടിലൂക്ക എന്നറിയപ്പെടുന്ന വിഭാഗമാണു തീരത്ത് അടിഞ്ഞതെന്നും സൂചനകളുണ്ട്.
മഴവെള്ളം ഒഴുകിയെത്തി കടല്‍വെള്ളവുമായി കലരുമ്പോഴാണു സമുദ്രത്തിലെ ഓക്‌സിജന്റെ അളവു വര്‍ധിക്കുന്നത്. മണ്‍സൂണ്‍ കുറവുമൂലം പ്രകൃതിദത്തമായ ഈ പ്രക്രിയ നടന്നില്ലെന്നാണു സംശയിക്കുന്നത്. മല്‍സ്യസമ്പത്തിന്റെ ശോഷണവും കടലിലെ ഓക്‌സിജന്റെ അളവു കുറയുന്നതും ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കു വഴിതെളിക്കുമെന്നും ആശങ്കയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















